ഇസ്‌ലാമാബാദ്: നിയുക്ത പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സത്യപ്രതിജ്ഞയ്ക്ക് ബോളിവുഡ് താരം ആമിർ ഖാൻ, മുൻ ക്രിക്കറ്റ് താരങ്ങളായ കപിൽ ദേവ്, സുനിൽ ഗവാസ്കർ, നവ്ജോത് സിങ് സിദ്ധു എന്നിവർക്ക് ക്ഷണം. പാർട്ടി വക്താവ് ഫഫദ് ചൗദരിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ഓഗസ്റ്റ് പതിനൊന്നിനാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക.

ജൂലൈ 25ന് നടന്ന പൊതു തിരഞ്ഞെടുപ്പില്‍ ദ് പാക്കിസ്ഥാൻ തെഹരീക് ഇ ഇൻസാഫ് പാർട്ടി ഏറ്റവും വലിയ ഒറ്റകക്ഷി ആയതോടെയാണ് നേതാവായ ഇമ്രാൻ ഖാൻ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയവുമായി സംസാരിച്ച് ആരെയൊക്കെ ക്ഷണിക്കണമെന്ന് തീരുമാനിക്കുമെന്ന് പിടിഐ വക്താവ് ഫവാദ് ചൗധരി വ്യക്തമാക്കിയിരുന്നു.

‘മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് പോലെ വിദേശ നേതാക്കളെ സത്യപ്രതിഞ്ജ ചടങ്ങിലേക്ക് ക്ഷണിക്കുമെന്ന വാര്‍ത്ത തെറ്റാണ്. വിദേശകാര്യ മന്ത്രാലയത്തിന്റെ അഭിപ്രായം മാനിച്ച് മാത്രമേ ഇതില്‍ തീരുമാനം എടുക്കുകയുളളൂ’, ഫവാദ് പറഞ്ഞു.

നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ സാർക് രാജ്യങ്ങളിലെ മുഴുവൻ നേതാക്കളേയും സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണിക്കുമെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നെങ്കിലും പാർട്ടി പിന്നീട് ഇക്കാര്യം തള്ളിക്കളയുകയായിരുന്നു. ഇമ്രാൻ വിജയിച്ചതിന് പിന്നാലെ നരേന്ദ്ര മോദി അദ്ദേഹത്തിനെ വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധത്തിലെ പുതിയൊരു അദ്ധ്യായത്തിന്റെ സൂചനയാണിതെന്ന് നേരത്തെ തന്നെ രാഷ്ട്രീയ നിരീക്ഷകർ വ്യക്തമാക്കിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook