scorecardresearch
Latest News

‘സിദ്ദു സമാധാനത്തിന്റെ സന്ദേശവാഹകന്‍’; വിമര്‍ശിക്കുന്നവര്‍ എതിര്‍ക്കുന്നത് സമാധാനത്തെയെന്ന് ഇമ്രാന്‍ ഖാന്‍

പാക്കിസ്ഥാനിലേക്ക് വന്നതിന് ഞാന്‍ സിദ്ദുവിന് നന്ദി പറയുന്നു. സമാധാനത്തിന്റെ സന്ദേശ വാഹകനായിരുന്നു അദ്ദേഹം

‘സിദ്ദു സമാധാനത്തിന്റെ സന്ദേശവാഹകന്‍’; വിമര്‍ശിക്കുന്നവര്‍ എതിര്‍ക്കുന്നത് സമാധാനത്തെയെന്ന് ഇമ്രാന്‍ ഖാന്‍

ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ മുഖ്യമന്ത്രിയായുള്ള ഇമ്രാന്‍ ഖാന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ നവ്‌ജോത് സിങ് സിദ്ദു പങ്കെടുത്തതിനെ ചൊല്ലിയുള്ള വിവാദം കനക്കുകയാണ്. സിദ്ദുവിനെതിരെ രാജ്യത്തു നിന്നും ബിജെപി പ്രതിഷേധമുയരുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന് നന്ദി പറഞ്ഞ് ഇമ്രാന്‍ രംഗത്തെത്തിയിരിക്കുകയാണ്. സിദ്ദുവിനെ സമാധാനത്തിന്റെ സന്ദേശവാഹകനെന്നാണ് ഇമ്രാന്‍ വിശേഷിപ്പിച്ചത്.

”പാക്കിസ്ഥാനിലേക്ക് വന്നതിന് ഞാന്‍ സിദ്ദുവിന് നന്ദി പറയുന്നു. സമാധാനത്തിന്റെ സന്ദേശ വാഹകനായിരുന്നു അദ്ദേഹം. പാക്കിസ്ഥാനിലെ ജനങ്ങളും സ്‌നേഹവും ആദരവും നല്‍കിയാണ് അദ്ദേഹത്തെ സ്വീകരിച്ചത്. അദ്ദേഹത്തെ വിമര്‍ശിക്കുന്ന ഇന്ത്യക്കാര്‍ ഉപഭൂഖണ്ഡത്തിലെ സമാധാനത്തിനെതിരെയാണ് പ്രവര്‍ത്തിക്കുന്നത്. സമാധാനമില്ലാതെ നമുക്ക് പുരോഗതി കൈവരിക്കാനാകില്ല,” ഇമ്രാന്‍ ഖാന്‍ ട്വിറ്ററില്‍ കുറിക്കുന്നു.

ഇന്ത്യയും പാക്കിസ്ഥാനും കശ്മീര്‍ അടക്കമുള്ള വിഷയങ്ങള്‍ സംസാരിച്ച് പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഉപഭൂഖണ്ഡത്തിലെ ജനങ്ങളുടെ ജീവിതം മുന്നോട്ട് പോകാന്‍ പ്രശ്‌നങ്ങള്‍ സംസാരിച്ച് പരിഹരിക്കുകയും ട്രേഡിങ് ആരംഭിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.

പാക് സന്ദര്‍ശനത്തിനിടെ പാക്കിസ്ഥാന്‍ ആര്‍മി ചീഫിനെ ആലിംഗനം ചെയ്തതാണ് സിദ്ദുവിനെതിരെ പ്രതിഷേധമുയരാന്‍ ഇടയാക്കിയത്. എന്നാല്‍ വികാരഭരിതമായ നിമിഷം സംഭവിച്ചു പോയതാണെന്നാണ് സിദ്ദു നല്‍കിയ വിശദീകരണം. തന്റെ സന്ദര്‍ശനത്തിന് രാഷ്ട്രീയ ലക്ഷ്യമില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് പാര്‍ട്ടിയിലെ നേതാക്കള്‍ പാക്കിസ്ഥാന്റെ താല്‍പര്യം കാക്കാനാണ് ശ്രമിക്കുന്നതെന്നായിരുന്നു ബിജെപിയുടെ ആരോപണം.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Imran khan calls siddu ambassidor of peace