ഇസ്ലാമാബാദ്: ഇസ്ലാമാബാദ് ഹൈക്കോടതിക്ക് പുറത്ത് നിന്ന് അറസ്റ്റ് ചെയ്യപ്പെട്ട ഇമ്രാന്‍ ഖാനെ ഇന്ന് പാകിസ്ഥാനിലെ ഇസ്ലാമാബാദിലെ ന്യു പൊലീസ് ഗസ്റ്റ് ഹൗസില്‍ ഹാജരാക്കും. നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോയുടെ (എന്‍എബി) കസ്റ്റഡിയില്‍ ഇമ്രാന്‍ ഖാന്‍ നാലു മുതല്‍ അഞ്ച് ദിവസം വരെ തുടരാന്‍ സാധ്യതയുണ്ടെന്ന് പാകിസ്ഥാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇമ്രാന്‍ ഖാന്റെ അറസ്റ്റിനെത്തുടര്‍ന്ന്, ക്വറ്റ, കറാച്ചി, പെഷവാര്‍, റാവല്‍പിണ്ടി, ലാഹോര്‍ എന്നിവയുള്‍പ്പെടെ പാകിസ്ഥാനിലെ നിരവധി നഗരങ്ങളില്‍ പ്രതിഷേധം ശക്തമാണ്. പ്രതിഷേധങ്ങളെ തുടര്‍ന്ന് കുറഞ്ഞത് ഒരാളെങ്കിലും കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അഭൂതപൂര്‍വമായ ദൃശ്യങ്ങളില്‍, പിടിഐ അനുകൂലികള്‍ റാവല്‍പിണ്ടിയിലെ പാകിസ്ഥാന്‍ ആര്‍മി ആസ്ഥാനത്തും ലാഹോറിലെ കോര്‍പ്‌സ് കമാന്‍ഡറുടെ വസതിയിലും അതിക്രമിച്ചുകയറിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അല്‍ ഖാദ്ര്‍ സര്‍വകലാശാലയുടെ നിര്‍മാണത്തിനായി രൂപികരിച്ച ട്രസ്റ്റ്, സ്വകാര്യ കമ്പനിയുമായി ഭൂമിയിടപാട് നടത്തിയതില്‍ ഇമ്രാനും ഭാര്യ ബുഷ്‌റ ബിബിക്കും സഹായികള്‍ക്കും പങ്കുണ്ടെന്ന കേസില്‍ വാദം കേള്‍ക്കുന്നതിനായി ഇസ്ലാമാബാദ് ഹൈക്കോടതി പരിസരത്ത് ഹാജരായപ്പോഴാണ് മുന്‍ പ്രധാനമന്ത്രിയും പാകിസ്ഥാന്‍ തെഹ്രീകെ ഇന്‍സാഫ് (പിടിഐ) ചെയര്‍മാനുമായ അറസ്റ്റിലായത്.
ഇസ്‌ലാമാബാദിലെ ഹൈക്കോടതി പരിസരത്ത് നിന്ന് നാടകീയമായി ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയുണ്ടായ പ്രതിഷേധം കലാപത്തിലേക്ക് വഴിമാറി. കണ്ണില്‍ കണ്ടതെല്ലാം നശിപ്പിച്ചായിരുന്നു ഇമ്രാന്റെ പാര്‍ട്ടിയായ തെഹ്‌രീകെ ഇന്‍സാഫിന്റെ പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയത്. വൈകിട്ടോടെ തുടങ്ങിയ കലാപം ഇപ്പോഴും തുടരുകയാണ്.’
ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്തതിനെതിരായ പ്രതിഷേധത്തെ തുടര്‍ന്ന് ട്വിറ്റര്‍, ഫേസ്ബുക്ക്, യുട്യൂബ് തുടങ്ങിയ സോഷ്യല്‍ മീഡിയ സൈറ്റുകള്‍ പാകിസ്ഥാന്റെ വിവിധ ഭാഗങ്ങളില്‍ സസ്പെന്‍ഡ് ചെയ്തതായി വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. കൂടാതെ, പാകിസ്ഥാനിലെ പ്രധാന നഗരങ്ങളിലും മൊബൈല്‍ ഡാറ്റ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നു. രാജ്യത്തെ സ്വകാര്യ സ്‌കൂളുകള്‍ക്ക് ബുധനാഴ്ചയും അവധിയായിരിക്കുമെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.