ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാനെ അറസ്റ്റ് ചെയ്യാനെത്തിയ ഇസ്ലാമാബാദ് പൊലീസ് മടങ്ങി. ഇന്ന് ലാഹോറില്‍ നടക്കാനിരിക്കുന്ന പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് ക്രിക്കറ്റ് മത്സരമാണ് തീരുമാനത്തിന് പിന്നിലെന്ന് പാകിസ്ഥാന്‍ മാധ്യമമായ ജിയോ ന്യൂസ് റിപോര്‍ട്ട് ചെയ്തു. ഇമ്രാന്‍ ഖാന്റെ വസതിക്ക് മുന്നില്‍ പ്രതിഷേധക്കാരുമായുള്ള 24 മണിക്കൂറോളം നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് പൊലീസിന്റെ പിന്‍മാറ്റം. ഇമ്രാന്‍ഖാനെ അറസ്റ്റ് ചെയ്യുന്നതില്‍ നിന്നു വ്യാഴാഴ്ച വരെ ലാഹോര്‍ കോടതി പൊലീസിനെ വിലക്കിയിട്ടുണ്ട്. നാളെ രാവിലെ 10 മണി വരെ പൊലീസ് നടപടി നിര്‍ത്തിവയ്ക്കാനാണ് നിര്‍ദേശം.
തോഷഖാന കേസില്‍ ചൊവ്വാഴ്ച വൈകുന്നേരം ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസും ഇമ്രാന്‍ ഖാന്റെ അനുയായികളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. ഇസ്ലാമാബാദ് പൊലീസിന്റെ യഥാര്‍ത്ഥ ഉദ്ദേശം തന്നെ അറസ്റ്റ് ചെയ്യുകയല്ല, മറിച്ച് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയാണെന്നായിരുന്നു ഇമ്രാന്‍ ഖാന്റെ സന്ദേശം. പൊലീസ് വെടിവെച്ചതായി ആരോപിച്ച് ഇമ്രാന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഇസ്ലാമാബാദ്, പെഷവാര്‍, കറാച്ചി, റാവല്‍പിണ്ടി എന്നിവയുള്‍പ്പെടെ പാക്കിസ്ഥാനിലെ പ്രധാന നഗരങ്ങളില്‍ സര്‍ക്കാരിനെതിരായ പോരാട്ടം ഇമ്രാന്‍ ഖാന്‍ തന്റെ അനുയായികളോട് ആവശ്യപ്പെട്ടതിനെത്തുടര്‍ന്നായിരുന്നു പ്രതിഷേധം വ്യാപിച്ചത്.
നാളെ രാവിലെ പത്ത് വരെ ഇമ്രാന്‍ഖാനെ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതി നിര്‍ദേശം. അറസ്റ്റ് ചെയ്യാനായി ലാഹോറിലെ സമാന്‍ പാര്‍ക്കിലെത്തിയ പൊലീസ് സന്നഹത്തോട് മടങ്ങാനും ലാഹോര്‍ ഹൈക്കോടതി ഉത്തരവിട്ടു. ഇമ്രാന്‍ ഖാനെതിരെയുള്ള അറസ്റ്റ് വാറണ്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പാകിസ്ഥാന്‍ തെഹ്രീകെ ഇന്‍സാഫ് പാര്‍ട്ടി നേതാവ് ഫവാദ് ചൗധരി നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. കോടതി ഉത്തരവിന് പിറകെ വസതിക്ക് പുറത്തെത്തിയ ഇമ്രാന്‍ ഖാന്‍ പ്രവര്‍ത്തകരുമായി സംസാരിച്ചു.