ഇസ്‌ലാമാബാദ്: മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അറസ്റ്റിനെ തുടര്‍ന്ന് പാക്കിസ്ഥാനിന്റെ നിരവധി പ്രദേശങ്ങളിൽ കലാപം തുടരുന്നു. കലാപത്തിൽ എട്ടുപേർ കൊല്ലപ്പെട്ടു. നൂറുകണക്കിന് ആളുകൾക്ക് പരുക്കേറ്റതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഫവാദ് ചൗധരി, അസദ് ഉമർ അടക്കം ഇമ്രാൻ ഖാന്റെ പാക്കിസ്ഥാന്‍ തെഹ്‌രികെ ഇന്‍സാഫ് പാര്‍ട്ടി (പിടിഐ)യുടെ നിരവധി നേതാക്കൾ അറസ്റ്റിലായിട്ടുണ്ട്.
ചൊവ്വാഴ്ചയാണ് ഇമ്രാൻ ഖാൻ അറസ്റ്റിലായത്. ഇന്നലെ സാമ്പത്തിക കുറ്റങ്ങൾ അന്വേഷിക്കുന്ന നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോ (എൻഎബി)ക്ക് അദ്ദേഹത്തെ കൈമാറി. അൽഖാദിർ ട്രസ്റ്റ് കേസിൽ എട്ടു ദിവസത്തെ കസ്റ്റഡിയിലാണ് അഴിമതി വിരുദ്ധ കോടതി ഇമ്രാൻ ഖാനെ വിട്ടത്.
ഇമ്രാന്‍ ഖാന്റെ അറസ്റ്റിനെത്തുടര്‍ന്ന്, ക്വറ്റ, കറാച്ചി, പെഷവാര്‍, റാവല്‍പിണ്ടി, ലാഹോര്‍ എന്നിവയുള്‍പ്പെടെ പാകിസ്ഥാനിലെ നിരവധി നഗരങ്ങളില്‍ പ്രതിഷേധം ശക്തമാണ്. ഇന്നലെ പെഷവാറിലെ റേഡിയോ സ്റ്റേഷന് പ്രതിഷേധക്കാർ തീയിട്ടു. ഒട്ടേറെ കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും പ്രതിഷേധക്കാർ തീയിട്ടു.
പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ ലാഹോറിലെ വസതിയും പ്രതിഷേധക്കാർ ആക്രമിച്ചു. അഞ്ഞൂറോളം വരുന്ന പിടിഐ പ്രവർത്തകർ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് എത്തുകയും പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്ക് തീയിടുകയും ചെയ്തതായി പൊലീസ് പറഞ്ഞുവെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. സംഭവ സമയത്ത് സുരക്ഷാ ജീവനക്കാർ മാത്രമാണ് അവിടെ ഉണ്ടായിരുന്നത്.
അതിനിടെ, സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ പാക്കിസ്ഥാൻ സർക്കാർ സൈന്യത്തെ രംഗത്തിറക്കി. അക്രമം നടത്തുന്നവര്‍ക്കെതിരെ തീവ്രവാദക്കുറ്റം ചുമത്തുമെന്ന് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് മുന്നറിയിപ്പ് നൽകി. അക്രമം നടത്തുന്നവർക്ക് കർശന നടപടികൾ നേരിടേണ്ടിവരുമെന്ന് സൈന്യവും അറിയിച്ചു. പാക്കിസ്ഥാനിൽ പലയിടത്തും നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ട്. മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി.
ഇമ്രാൻ ഖാന്റെയും ഭാര്യയുടെയും ഉടമസ്ഥതയിലുള്ള അൽ ഖാദിർ ട്രസ്റ്റിന് ബഹ്‌രിയ ടൗൺ 530 മില്യൺ പി.കെ.ആർ വിലമതിക്കുന്ന ഭൂമി അനുവദിച്ചുവെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് ഖാനെ അറസ്റ്റ് ചെയ്തതെന്ന് ഇസ്‌ലാമാബാദ് പൊലീസിനെ ഉദ്ധരിച്ച് ഡോൺ റിപ്പോർട്ട് ചെയ്തു. തീവ്രവാദം, മതനിന്ദ, കൊലപാതകം, അക്രമം, അക്രമത്തിന് പ്രേരിപ്പിക്കൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട് നൂറ്റി നാൽപതോളം കേസുകളാണ് ഇമ്രാൻ ഖാനെതിരെ പാക്കിസ്ഥാനിലുള്ളത്. കേസില്‍ വാദം കേള്‍ക്കുന്നതിനായി ഇസ്‌ലാമാബാദ് ഹൈക്കോടതി പരിസരത്ത് ഹാജരായപ്പോഴാണ് ഇമ്രാൻ ഖാൻ അറസ്റ്റിലായത്.