ബെംഗലൂരു: മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനെ വധിച്ച കേസിൽ പിടിയിലായ ഹിന്ദു സേന പ്രവർത്തകൻ കെടി നവീൻകുമാറിന്, എഴുത്തുകാരനായ കെഎസ് ഭഗവാനെയും വധിക്കാൻ പദ്ധതിയുണ്ടായിരുന്നെന്ന് പൊലീസ്. ഗൗരി ലങ്കേഷിനെ വധിച്ച രീതിയിൽ മതിപ്പുതോന്നിയ ഹിന്ദുസേന ഇയാൾക്ക് ഭഗവാനെ കൊല്ലാനുളള ചുമതലയും ഏൽപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ.
കെഎസ് ഭഗവാനെ വധിക്കാൻ തോക്കു സംഘടിപ്പിക്കാനുളള ശ്രമത്തിനിടെയാണ് അദ്ദേഹം പിടിയിലായത്. ഗൗരി ലങ്കേഷിനെ വധിക്കാൻ നടത്തിയ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് പ്രതിയെ നാർക്കോ അനാലിസിസ് പരിശോധനയ്ക്ക് വിധേയനാക്കാൻ പൊലീസ് തീരുമാനിച്ചു.
മുൻപ് നാർക്കോ അനാലിസിസ് പരിശോധനയ്ക്ക് സമ്മതമില്ലെന്ന് അറിയിച്ചിരുന്നെങ്കിലും കഴിഞ്ഞ ദിവസം മജിസ്ട്രേറ്റ് മുൻപാകെ ഇതിനുളള സമ്മതം പ്രതി വ്യക്തമാക്കി. ഗൂഢാലോചന തെളിയിക്കാനായാൽ കൽബർഗി, പൻസാരെ വധക്കേസുകളും തെളിയിക്കാനാവുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
കെഎസ് ഭഗവാനെ വധിക്കാൻ ശ്രമിച്ചതിന് കൂടി പ്രതിക്കെതിരെ കുറ്റം ചുമത്താൻ അന്വേഷണ സംഘം തീരുമാനിച്ചു. പ്രതിയെ അറസ്റ്റ് ചെയ്യാൻ ഒരാഴ്ച കൂടി വൈകിയിരുന്നെങ്കിൽ കെഎസ് ഭഗവാൻ കൊല്ലപ്പെടുമായിരുന്നുവെന്നാണ് പൊലീസ് നിഗമനം.
ഇദ്ദേഹത്തിന് നേരത്തേ തന്നെ സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ഇത് വർദ്ധിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. കെഎസ് ഭഗവാനെ വധിച്ച് ഗൗരി ലങ്കേഷ് വധക്കേസ് അന്വേഷണത്തിൽ നിന്ന് പൊലീസിന്റെ ശ്രദ്ധ തിരിക്കാനായിരുന്നു ഗൂഢാലോചനയിൽ ലക്ഷ്യമിട്ടതെന്നാണ് പൊലീസിന്റെ കണക്കുകൂട്ടൽ.