ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി ബില്ലിനെ ശക്തമായി എതിര്‍ത്ത് യുഎസ് കമ്മിഷന്‍. രാജ്യാന്തര മതസ്വാതന്ത്ര്യത്തെക്കുറിച്ച് പഠിക്കുന്ന അമേരിക്കന്‍ ഫെഡറല്‍ കമ്മീഷനാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ച് രംഗത്തെത്തിയത്. ബില്‍ അങ്ങേയറ്റം തെറ്റിദ്ധാരണാജനകമാണെന്നും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും യുഎസ് കമ്മിഷന്‍ പറയുന്നു.
പാർലമെന്റിന്റെ ഇരു സഭകളിലും ബില്‍ പാസാകുകയാണെങ്കില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ അടക്കമുള്ള നേതാക്കൾക്കെതിരേ ഉപരോധം ഏർപ്പെടുത്തുന്ന കാര്യത്തെക്കുറിച്ച് യുഎസ് സര്‍ക്കാര്‍ ആലോചിക്കണമെന്നും പ്രസ്താവനയില്‍ പറയുന്നു. മതത്തിന്റെ അടിസ്ഥാനത്തിലുള്ള വേര്‍തിരിവാണ് ഈ ബില്ലുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇത് തെറ്റായ ദിശയിലേക്ക് നയിക്കും. ഇന്ത്യയുടെ മതേതരത്വത്തെയും നാനാത്വത്തെയും ബില്‍ ചോദ്യം ചെയ്യും. ഇന്ത്യൻ സർക്കാർ മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വപരീക്ഷ നടത്തുകയാണ്. ഇതിലൂടെ മുസ്‌ലിങ്ങളെ രാജ്യത്തുനിന്ന് പുറത്താക്കുന്ന പ്രക്രിയയാണ് നടക്കുകയെന്നും യുഎസ് കമ്മിഷൻ വിമർശിച്ചു.
അതേസമയം, പൗരത്വ ഭേദഗതി ബില്ലിനെതിരെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വ്യാപക പ്രതിഷേധം തുടരുകയാണ്. അക്രമ സംഭവങ്ങളെത്തുടര്‍ന്ന് അസമില്‍ സുരക്ഷ ശക്തമാക്കി. അസമില്‍ 12 മണിക്കൂര്‍ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. അസം വിദ്യാര്‍ഥി സംഘടനയുടെ നേതൃത്വത്തിലാണ് ബന്ദ് നടക്കുന്നത്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ജനങ്ങള്‍ പരസ്യമായി പ്രതിഷേധ പരിപാടികള്‍ നടത്തുകയാണ്. വൈകീട്ട് നാല് വരെ ബന്ദ് തുടരും. അസം, അരുണാചല്‍ പ്രദേശ്, മേഘാലയ, മിസോറാം, ത്രിപുര എന്നീ സംസ്ഥാനങ്ങളില്‍ പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. നാഗാലാന്‍ഡില്‍ അക്രമ സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
Read Also: ഭാര്യയെ കൊന്നശേഷം കാണാനില്ലെന്ന് പരാതി; ഉദയംപേരൂരില്‍ നടന്നത് സിനിമാ സ്റ്റൈല്‍ കൊലപാതകം
ഏഴ് മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്ക് ശേഷമാണ് പൗരത്വ ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കിയത്. പ്രതിപക്ഷ പാര്‍ട്ടികള്‍ ബില്ലിനെ ശക്തമായി എതിര്‍ത്തു. രാത്രി ഏറെ വൈകിയുള്ള ചര്‍ച്ചകള്‍ക്ക് ശേഷം രാത്രി 12.02 നാണ് വിവാദ ബില്‍ ലോക്‌സഭ പാസാക്കിയത്. ബില്ലിനെ അനുകൂലിച്ച് 311 പേര്‍ വോട്ട് ചെയ്തു. എതിര്‍ത്ത് വോട്ട് ചെയ്തത് 80 പേര്‍ മാത്രം. പ്രതിപക്ഷത്തിന്റെ ഭേദഗതി നിര്‍ദേശങ്ങള്‍ വോട്ടിനിട്ട് തള്ളി. ലോക്‌സഭ പാസാക്കിയ ബില്‍ ബുധനാഴ്ച രാജ്യസഭയില്‍ എത്തും. രാജ്യസഭയിലും ബില്‍ പാസാക്കാന്‍ സാധിക്കുമെന്ന വിശ്വാസത്തിലാണ് ബിജെപി സര്‍ക്കാര്‍.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ലോക്‌സഭയില്‍ ബില്‍ അവതരിപ്പിച്ചത്. പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് ഷാ മറുപടി പറഞ്ഞു. മതത്തിന്റെ പേരില്‍ ജനങ്ങളെ വേര്‍തിരിക്കുന്നതല്ല ബില്‍ എന്നായിരുന്നു ഷാ ലോക്‌സഭയില്‍ പറഞ്ഞത്. പൗരത്വ ഭേദഗതി ബില്‍ പാസായതില്‍ സന്തോഷമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പറഞ്ഞു. ഒന്നാം മോദി സർക്കാരിന്റെ കാലത്ത് ലോക്‌സഭയിൽ പാസായ ബില്ലിന് വൻ പ്രതിഷേധത്തെത്തുടർന്ന് രാജ്യസഭയിൽ പാസാക്കാൻ സാധിച്ചിരുന്നില്ല. തുടർന്നാണ് വീണ്ടും ബിൽ ലോക്‌സഭയിലെത്തിയത്.