നിങ്ങള്‍ ഏതു ദിശയിലേക്കു വേണമെങ്കിലും തിരിഞ്ഞുകൊള്ളൂ, നിങ്ങളുടെ വഴിയെ കടന്നുപോവുന്ന ഭൂതമാണ് ജാതി. ഈ ഭൂതത്തെ ഇല്ലാതാക്കാതെ നിങ്ങള്‍ക്ക് രാഷ്ട്രീയമായോ സാമ്പത്തികമായോ പരിഷ്കരണങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കുകയില്ല. “ജാതിയുടെ ഉന്മൂലനം” (ദി ആനിഹിലേഷന്‍ ഓഫ് കാസ്റ്റ്) എന്ന ഏറെ ആഘോഷിക്കപ്പെട്ട കൃതിയില്‍ അംബേദ്‌കര്‍ ഇങ്ങനെ എഴുതുന്നു.

അംബേദ്കറിനെ സംബന്ധിച്ച് ആധുനികവും നീതിപൂർവവുമായ ഒരു തൊഴില്‍സമ്പ്രദായത്തിന്റെ സൃഷ്ടി ജാതി ഉന്മൂലനത്തിലൂന്നിയാണ് നില്‍ക്കുന്നത്. ജാതിയാണ് ഹിന്ദു മതത്തിന്റെ പ്രാഥമിക പ്രമാണം എന്ന് അദ്ദേഹം അടിയുറച്ചു വിശ്വസിച്ചു. ജാതി വ്യവസ്ഥയോട് കലഹിച്ചത് വഴി അംബേദ്‌കര്‍ എന്ന സാമൂഹ്യ- രാഷ്ട്രീയ പരിഷ്കര്‍ത്താവ്‌ തൊഴിലാളികളുടെ ജീവിതത്തില്‍ മഹത്തായ പല മാറ്റങ്ങളും കൊണ്ടുവന്നു. തൊഴില്‍ സമയത്തില്‍ കൊണ്ടുവന്ന നിയന്ത്രണം, സ്ത്രീകളുടെയും അധികൃത ജനവിഭാഗങ്ങളുടെയും തൊഴില്‍ സാഹചര്യങ്ങളുടെ മെച്ചപ്പെടുത്തല്‍, ട്രേഡ് യൂണിയനുകളുടെയും തൊഴില്‍ അവകാശങ്ങളുടെയും പ്രചാരണം തുടങ്ങി തൊഴില്‍ ശാക്തീകരണത്തിന്‍റെ മേഖലയില്‍ ഒട്ടേറെ കാര്യങ്ങളില്‍ നമ്മള്‍ ഏറെ കടപ്പെട്ടിരിക്കേണ്ടത് അംബേദ്‌കറിനോടാണ്.

യൂറോപ്യന്‍ രാജ്യങ്ങളിലെ സോഷ്യലിസ്റ്റ് വീക്ഷണത്തില്‍ നിന്നും ഏറെ വ്യത്യസ്തമായിരുന്നു അംബേദ്കറിന്റെ ആശയങ്ങളിലെ തൊഴില്‍ പരിഷ്കരണങ്ങള്‍ എന്നതും ഏറെ ശ്രദ്ധേയമാണ്. ജാതി വ്യവസ്ഥ എന്ന യഥാർത്ഥ കാരണത്തെ അഭിമുഖീകരിക്കാതെ ഇന്ത്യയിലെ തൊഴിലാളികളെ ശാക്തീകരിക്കാന്‍ സാധിക്കില്ല എന്ന അഭിപ്രായമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. തൊഴിലാളികളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടങ്ങള്‍ ആഘോഷിക്കപ്പെടുന്ന മെയ് ദിനത്തില്‍ ആധുനിക ഇന്ത്യയുടെ തൊഴില്‍ ഘടനയെ സ്ഥാപിക്കുന്ന അംബേദ്‌കറുടെ പാരമ്പര്യവും ചര്‍ച്ച ചെയ്യപ്പെടേണ്ടതായുണ്ട്.

“എനിക്ക് സോഷ്യലിസ്റ്റുകളോട് ചോദിക്കാനുള്ളത് ഇതാണ്. സാമൂഹ്യ ഘടനയില്‍ പരിഷ്കരണം കൊണ്ടുവരാതെ സാമ്പത്തിക പരിഷ്കരണം കൊണ്ടുവരാന്‍ നിങ്ങള്‍ക്ക് സാധിക്കുമോ? ” എന്ന്‍ അംബേദ്കര്‍ എഴുതുന്നു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഒരു തൊഴിലാളി തന്റെ അവകാശങ്ങള്‍ക്കായി ഇന്ത്യയില്‍ സോഷ്യലിസ്റ്റ് ആശയപ്രകാരമുള്ള വിപ്ലവം കൊണ്ടുവരികയാണ് എങ്കില്‍ പോലും വിപ്ലവാനന്തരം ജാതി തിരിച്ചു ഗണിക്കപ്പെടുന്ന ഒരു സമൂഹനിര്‍മിതിയില്‍ ആ തൊഴിലാളി എങ്ങനെയാണ് സ്വതന്ത്രമായ ഒരു ജീവിതം നയിക്കുക. അത്തരമൊരു സാമൂഹ്യ ഘടനയില്‍ ഒരു വ്യക്തിയെ നിര്‍ണയിക്കുന്നത് തികച്ചും മുന്‍ നിശ്ചയപ്രകാരം ഉള്ളതും അയാളുടെ/അവളുടെ കഴിവുകളുമായി ഒട്ടും ബന്ധമില്ലാത്ത മാനങ്ങളെ മുന്‍ നിര്‍ത്തിയാണ്. അങ്ങനെയൊരു സാമൂഹ്യ ക്രമത്തില്‍ വിപ്ലവത്തിനു ശേഷവും ഒരു തൊഴിലാളി നിരന്തരം സ്വേച്ഛാധിപത്യത്തിനും അടിച്ചമര്‍ത്തലുകള്‍ക്കും പാത്രമായികൊണ്ടിരിക്കും.

ജാതി വ്യവസ്ഥ തൊഴില്‍ വിഭജനം അടിസ്ഥാനപ്പെടുത്തിയാണ് നിര്‍മിച്ചിട്ടുള്ളത് എന്ന് വാദിച്ച മഹാത്മാഗാന്ധി അടക്കമുള്ളവര്‍ക്കെതിരെ അംബേദ്‌കര്‍ ആഞ്ഞടിച്ചു. ഹിന്ദു മത ശാസ്ത്രങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള ചാതുര്‍വര്‍ണ്യം “തൊഴില്‍ വിഭജനം മാത്രമല്ല, തൊഴിലാളികളുടെ വിഭജനം കൂടിയാണ്” എന്ന് അംബേദ്‌കര്‍ എഴുതി.

ജാതി വ്യവസ്ഥയില്‍ തൊഴില്‍ വിഭജനം അന്തര്‍ലീനമാണ്. ഹിന്ദുമതം മൂലധനത്തേയും തൊഴിലുകളെയും വിവിധ തട്ടുകളായി തരം തിരിച്ചിരിക്കുകയാണ് എന്നും അത് സാമ്പത്തിക വികസനത്തെ തടഞ്ഞുവെക്കുന്നതാണ് എന്നും അംബേദ്‌കര്‍ നിരീക്ഷിക്കുന്നുണ്ട്. ഒരു വ്യക്തി നിശ്ചിതമായൊരു തൊഴില്‍ ചെയ്യുവാനായി ജന്മനാ വിധിക്കപ്പെട്ടിരിക്കുന്നതാണ് ചാതുര്‍വര്‍ണ്യമെന്ന വ്യവസ്ഥ. അവനോ അവള്‍ക്കോ മറ്റൊരു തൊഴില്‍ ചെയ്യുന്നതിനു ആവശ്യമുള്ള കഴിവുകള്‍ ഉണ്ടായിരിക്കുമ്പോള്‍ ആ കഴിവുകളെ ഉപയോഗപ്പെടുത്താതെ ആ വ്യക്തിയെ അതില്‍ നിന്നും ഉടനടി നിരുത്സാഹപ്പെടുത്തൂ എന്നതാണ് ജാതി വ്യവസ്ഥ ചെയ്യുന്നത് എന്ന് അംബേദ്‌കര്‍ പറയുന്നു. അതുപോലെതന്നെ ഒരു തൊഴിലാളി തന്റെ ജാതിയുടെ മാത്രം അടിസ്ഥാനത്തില്‍ തനിക്ക് ‘അനുവദിക്കപ്പെട്ട’ ജോലിയിലേക്ക് തന്റെ മൂലധനത്തെ വിനിയോഗിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നു. അംബേദ്‌കറിന്റെ നിരീക്ഷണത്തില്‍ അത്തരമൊരു ഘടന സൃഷ്ടിക്കുന്ന വിഭവശേഷിയുടെ കാര്യക്ഷമതാകുറവാണ് ഇന്ത്യയിലെ തൊഴിലില്ലായ്മയ്ക്ക് നേരിട്ടുള്ള കാരണം. അതിനാല്‍ തന്നെ തൊഴിലാളികളുടെ വിമോചനത്തിനായി ജാതി വ്യവസ്ഥയെ ഉന്മൂലനം ചെയ്യണം എന്ന് അംബേദ്‌കര്‍ ഉറപ്പിച്ചു പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ