ന്യൂഡല്‍ഹി: ‘ഒരു രാജ്യം ഒരു റേഷൻ കാര്‍ഡ്’ പദ്ധതി ജൂലൈ 31 നകം നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണപ്രദേശങ്ങളോടും സുപ്രീം കോടതിയുടെ നിര്‍ദേശം. കോവിഡ് മഹാമാരി തുടരുന്നതു വരെ അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണം നല്‍കുന്നതിനായി സമൂഹ അടുക്കളകള്‍ ഉണ്ടാകണം. അതിഥി തൊഴിലാളികള്‍ക്ക് സൗജന്യമായി ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു.
ജസ്റ്റിസ് അശോക് ഭൂഷൺ, എം.ആര്‍ ഷാ എന്നിവരടങ്ങുന്ന ബഞ്ചിന്റെയാണ് ഉത്തരവ്. കോവിഡ് രണ്ടാം തരംഗവും ലോക്ക്ഡൗണ്‍ കാരണവും ബുദ്ധിമുട്ടുന്ന അതിഥി തൊഴിലാളികള്‍ക്കായി ക്ഷേമ പദ്ധതികള്‍ ആവശ്യപ്പെട്ടുകൊണ്ട് പൊതുപ്രവര്‍ത്തകരായ അഞ്ജലി ഭരദ്വാജ്, ഹര്‍ഷ് മന്ദര്‍, ജഗ്ദീപ് ചോക്കര്‍ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.
തൊഴിലാളികളുടെ വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനായി പോര്‍ട്ടല്‍ ആരംഭിക്കാൻ കേന്ദ്ര സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. 2020 ലെ ലോക്ക്ഡൗണ്‍ പോയവര്‍ഷം മുഴുവന്‍ തൊഴിലാളികളെ ബാധിച്ചു. സാമ്പത്തിക പ്രതിസന്ധിയും ഇവര്‍ക്കിടയില്‍ രൂക്ഷമായി തുടരുകയാണെന്ന് ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു.
അസംഘടിത തൊഴിലാളികളുടെ റജിസ്ട്രേഷന്‍ നടപടികള്‍ മന്ദഗതിയിലാണ് നീങ്ങുന്നതെന്ന് മേയ് 24 ന് കോടതി നിരീക്ഷിച്ചിരുന്നു. ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യാനും, സമൂഹ അടുക്കളകള്‍ അതിഥി തൊഴിലാളികള്‍ക്കായി ആരംഭിക്കാനും അധികൃതര്‍ക്ക് അന്ന് നിര്‍ദേശം നല്‍കിയിരുന്നു.
Also Read: ചൈനീസ് വാക്സിൻ കൊറോണവാക് കുട്ടികളിലും കൗമാരക്കാരിലും ഫലപ്രദം