പനാമ ലീക്‌സ്, സ്വിസ് ലീക്‌സ് ഉള്‍പ്പെടെ നികുതി വെട്ടിപ്പിന്റെ ഭാഗമായി ആഗോള തലത്തില്‍ സമ്പന്ന വിഭാഗം നടത്തുന്ന തട്ടിപ്പുകളിലേക്കുള്ള അന്വേഷണങ്ങളും അതില്‍ നിന്നുമുള്ള വെളിപ്പെടുത്തലും ലോകത്തെ ഞെട്ടിച്ചതാണ്. ഇത്തവണ ഇന്ത്യയില്‍ നിന്ന് ദി ഇന്ത്യന്‍ എക്‌സ്പ്രസ്സ് ഉള്‍പ്പെടെ 36 രാജ്യങ്ങളുടെ സഹായത്തോടെ ഇന്റർനാഷണൽ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസം നടത്തിയ അന്വേഷണം, മനുഷ്യ ശരീരത്തിനകത്ത് ഘടിപ്പിക്കുന്ന ഉപകരണങ്ങളെക്കുറിച്ചായിരുന്നു.

അത് ചെന്നെത്തിയത് ഇംപ്ലാന്റ് ഫയല്‍സിലേക്കായിരുന്നു. കണ്ടെത്തലുകള്‍ അത്യധികം ഞെട്ടിപ്പിക്കുന്നതും.

ധമനികളില്‍ ഘടിപ്പിക്കുന്ന സ്റ്റെന്റുകളും പേസ്‌മേക്കറുകളും മുതല്‍ സ്തനങ്ങള്‍ക്കകത്തും മുട്ടിനകത്തും ഘടിപ്പിക്കുന്ന ഉപകരണങ്ങള്‍, പെല്‍വിക് മെഷ് മുതല്‍ ഗര്‍ഭാശയത്തില്‍ ഘടിപ്പിക്കുന്ന ഉപകരണങ്ങള്‍ വരെ ഒരു വിധം എല്ലാ മെഡിക്കല്‍ ഉപകരണങ്ങളും പരസ്യം ചെയ്യുന്നതിനും വില്‍ക്കുന്നതിനും ഇംപ്ലാന്റ് ചെയ്യുന്നതിനും ഒരു നിയന്ത്രിത സംവിധാനം പ്രവർത്തിക്കുന്നുണ്ട്. എന്നാല്‍ നിലവില്‍ അത്തരത്തില്‍ ഒരു സംവിധാനം നില നില്‍ക്കുന്നില്ലെന്നും, ആഗോളതലത്തിലുള്ള മരുന്ന് നിര്‍മ്മാണ കമ്പനികള്‍ ആശുപത്രികളും ഡോക്ടര്‍മാരുമായി നീക്കുപോക്കുകള്‍ നടത്തിക്കൊണ്ടാണ് ഈ ഉപകരണങ്ങള്‍ വന്‍ തോതില്‍ വിറ്റഴിക്കുന്നതെന്നും പത്തുമാസത്തോളം ഇന്ത്യന്‍ എക്‌സ്പ്രസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്.

ഡല്‍ഹി ഡെവലപ്‌മെന്റ് അതോറിറ്റിയിലെ ഫ്ലാറ്റുകളുടെ ബേസ്മെന്റിലാണ് ബ്രെസ്റ്റ് ഇംപ്ലാന്റ് നടത്തുന്നത്. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട്‌സ് ഓഫ് മെഡിക്കല്‍ സയന്‍സസില്‍, കേടായ ഉപകരണങ്ങള്‍ കൊണ്ട് ശസ്ത്രക്രിയ നടത്തിയതിന്റെ ഭാഗമായി ശരീരത്തില്‍ സ്ഥിരമായി നീര്‍വീക്കം സംഭവിച്ച രോഗികളുടെ എണ്ണം നാൾക്കുനാൾ വർധിക്കുകയാണ്. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ന്റെ കേടായ ഉപകരണങ്ങള്‍ ഉപയോഗിച്ച് ഇടുപ്പില്‍ ഇംപ്ലാന്റ് നടത്തി ആരോഗ്യം തകരാറിലായ 4,000ത്തില്‍ അധികം ആളുകള്‍ ഇന്ത്യയില്‍ മാത്രമുണ്ട്. ഇതിന്റെ കേസ് സുപ്രീംകോടതിയില്‍ നടന്നുകൊണ്ടരിക്കുകയാണ്. വരാനിരിക്കുന്ന വലിയ കുഴപ്പങ്ങളുടെ ഒരു സൂചന മാത്രമാണിത്.

1.ഈ വ്യവസായത്തിന്റെ ദിനം പ്രതി വര്‍ദ്ധിച്ചുവരുന്ന സാധ്യതകളെക്കുറിച്ചും ആരെല്ലാമാണ് ഇത് നിയന്ത്രിക്കുന്നത് എന്നറിയുന്നതിനുമായി മുംബൈ, ചെന്നൈ, ന്യൂഡല്‍ഹി എന്നിവിടങ്ങളില്‍ നടന്ന വ്യാപാര പ്രദര്‍ശനത്തില്‍ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ റിപ്പോര്‍ട്ടര്‍മാര്‍ പങ്കെടുത്തു. വരും ദിവസങ്ങളില്‍ ഇതേക്കുറിച്ചുള്ള കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉണ്ടായിരിക്കും.

Read More: #ImplantFiles–ഡോക്ടർമാരെ സൗജന്യങ്ങളിലും രോഗികളെ വായ്പയിലും കോർത്തെടുക്കുന്ന തന്ത്രം

2. മെഡിക്കല്‍ രംഗത്തെ ഭീമന്മാരായ മെഡ്‌ട്രോണിക്, അബ്ബോട്ട്, ബായര്‍ തുടങ്ങിയ കമ്പനികളൊന്നും അവരുടെ ഉപകരണങ്ങളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനോ, ക്ലിനിക്കല്‍ ടെസ്റ്റിങ് നടത്തുന്നതിനോ, വില നിശ്ചയിക്കുന്നതിനോ പ്രവര്‍ത്തനം വിലയിരുത്തുന്നതിനോ യാതൊരുവിധ സംവിധാനങ്ങളുമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്.

3. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കേസിലേതു പോലെ, രോഗികള്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍, അല്ലെങ്കില്‍ ഇംപ്ലാന്റ് ചെയ്തിട്ടുള്ള ചില ഉപകരണങ്ങള്‍ മാര്‍ക്കറ്റില്‍ നിന്നും പിന്‍വലിച്ചുവെന്ന് പറയുന്ന കാര്യത്തില്‍ നിര്‍മാതാക്കള്‍ക്കും വീഴ്ച സംഭവിക്കുന്നുണ്ട്.

4. പന്ത്രണ്ടു വര്‍ഷം മുമ്പാണ് ആദ്യ മെഡിക്കല്‍ ഉപകരണ ബില്‍ തയ്യാറാക്കിയത്. എന്നാല്‍ അതിനിയും പ്രാബല്യത്തില്‍ വന്നിട്ടില്ല. ഇതില്‍ വന്ന വീഴ്ചയെക്കുറിച്ചും ഇന്ത്യന്‍ എക്പ്രസ് വെളിപ്പെടുത്തും.

5. സ്വകാര്യ ക്ലിനിക്കുകളില്‍ ഉപയോഗിക്കുന്ന മെഡിക്കല്‍ ഉപകരണങ്ങളും, രോഗ നിര്‍ണയത്തിനായി ഉപയോഗിക്കുന്ന ഉപകരണങ്ങളും മുന്‍കൂട്ടി ആരുടെയെങ്കിലും ഉടമസ്ഥതയില്‍ ഉള്ളതോ, നേരത്തേ ഉപയോഗിച്ചതോ ആണ്. ഇതിന്റെ വിശ്വസ്തതയോ സുരക്ഷയോ ശരിയായ രീതിയില്‍ നിര്‍ണയിക്കുന്നില്ല.

6. തെറ്റായ ഇംപ്ലാന്റുകള്‍ ഉപയോഗിക്കുന്നു മൂലമോ ശസ്ത്രക്രിയയില്‍ സംഭവിക്കുന്ന പിഴവുകള്‍ മൂലമോ വീണ്ടും ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് സംഭവിച്ചിരിക്കുന്നത്. ഇംപ്ലാന്റേഷന്‍ സര്‍ജറികളില്‍ പിഴവുകള്‍ സംഭവിച്ച രോഗികള്‍ക്ക് മെച്ചപ്പെട്ട ചികിത്സ നല്‍കാന്‍ ഡല്‍ഹിയിലെ എയിംസ് സൗകര്യമൊരുക്കിയിട്ടുണ്ട്.

7. വൈദ്യശാസ്ത്ര രംഗത്തെ അശ്രദ്ധക്കുറവിന്റെ കേസുകളും ഇന്ത്യന്‍ എക്്‌സപ്രസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ബ്രെസ്റ്റ് ഇംപ്ലാന്റ് ശസ്ത്രക്രിയയില്‍ ധാരാളം പിഴവുകള്‍ സംഭവിക്കുന്നുവെന്നാണ് ട്രാന്‍സ്‌ജെന്‍ഡര്‍ ജനവിഭാഗത്തില്‍ നിന്നുള്ളവര്‍ പറയുന്നത്.

ഇത്തരം കാര്യങ്ങളെക്കുറിച്ച് വരും ദിവസങ്ങളിൽ വിശദമായ റിപ്പോർട്ടുകൾ ഇന്ത്യൻ എക്പ്രസ് പ്രസിദ്ധീകരിക്കുന്നതായിരിക്കും.

Read in English

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ