ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ പുറത്താക്കാനുള്ള നീക്കം ശക്തമാകുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, എന്‍സിപി, തൃണമൂല്‍ കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികള്‍ എന്നിവര്‍ ചേര്‍ന്ന് പാരലമെന്റ് അംഗങ്ങള്‍ ഇംപീച്മെന്റ് നടപടികളില്‍ ഒപ്പുവെച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.
” ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ഇംപീച്മെന്റ് നടപടികള്‍ക്കായുള്ള ഡ്രാഫ്റ്റില്‍ ധാരാളം പ്രതിപക്ഷ പാര്‍ട്ടികള്‍ ഒപ്പുവെച്ചിട്ടുണ്ട്. നാഷണലിസ്റ്റ് കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികള്‍ എന്നിവര്‍ക്ക് പുറമേ തൃണമൂല്‍ കോണ്‍ഗ്രസും കോണ്‍ഗ്രസും അതില്‍ ഒപ്പുവച്ചിട്ടുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്,” എന്‍സിപി ജനറല്‍സെക്രട്ടറി ഡിപി ത്രിപാഠി വാര്‍ത്താ ഏജന്‍സിയായ എന്‍ഐഎയോട് പറഞ്ഞു.
ചീഫ് ജസ്റ്റിസിനെ പുറത്താക്കുന്നതിനായുള്ള നടപടികള്‍ ആരാഞ്ഞുകൊണ്ട് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷനെ കണ്ടതിന് പിന്നാലെയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഇംപീച്മെന്റ് നടപടികള്‍ ത്വരിതപ്പെടുത്തുന്നത് എന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
ജനുവരി പതിനൊന്നാം തീയതി സുപ്രീംകോടതിയിലെ മുതിര്‍ന്ന ജഡ്ജിമാര്‍ തന്നെ ചീഫ്ജസ്റ്റിസിനെതിരായി വാര്‍ത്താസമ്മേളനം നടത്തിയ സംഭവമാണ് ചീഫ് ജസ്റ്റിസിനെ പുറത്താക്കുന്ന നടപടിയിലേക്ക് വഴിവെച്ചത്. ഒരു ചീഫ്ജസ്റ്റിസിനെതിരെ സുപ്രീംകോടതിയിലെ ജഡ്ജിമാര്‍ തന്നെ വാര്‍ത്താസമ്മേളനം നടത്തുന്നതും തുടര്‍ന്ന് ചീഫ് ജസ്റ്റിസ് ഇംപീച്മെന്റ് നടപടികള്‍ നേരിടേണ്ടി വരുന്നതും സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യത്തെ സംഭവമാണ്.
ഇംപീച്മെന്റ് നടപടി പൂര്‍ത്തിയാക്കാന്‍ അമ്പത് എംപിമാരുടെ പിന്തുണ ആവശ്യമുണ്ട്.