ന്യൂഡല്‍ഹി: 2017ലും 2018ലും ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച കുറവായിരിക്കുമെന്ന് അന്താരാഷ്ട്ര നാണയനിധി (ഐഎംഎഫ്) . ഒക്ടോബര്‍ 10ന് പുറത്തിറക്കിയ ലോക സാമ്പത്തിക ഔട്ട്‍ലുക്കിലാണ് ഐഎംഎഫ് ഇത് വ്യക്തമാക്കിയത്. സാമ്പത്തിക വളര്‍ച്ചയ്ക്ക് കാരണമാവുക നോട്ട് നിരോധനവും ജിഎസ്ടിയും കാരണം നീണ്ടു നില്‍ക്കുന്ന പ്രതിസന്ധി ആയിരിക്കുമെന്നും ഇത് ഈ വര്‍ഷവും വരാനിരിക്കുന്ന വര്‍ഷവും പ്രതിഫലിക്കുമെന്നും ഐഎംഎഫിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

2017ല്‍ 6.7 ശതമാനവും 2018ല്‍ 7.4 ശതമാനവും ആയിരിക്കും വളര്‍ച്ച. നേരത്തേ ഐഎംഎഫ് പ്രതീക്ഷിത വളര്‍ച്ചയായി പറഞ്ഞ കണക്കില്‍ നിന്നും 0.5ഉം 0.3ഉം ശതമാനം കുറവ് വളര്‍ച്ചയാണിത്. ആഗോള സാമ്പത്തിക വളര്‍ച്ച വേഗത്തിലാവുകയും ഇനിയും വളര്‍ച്ചയുണ്ടാകുമെന്ന് കണക്കുകൂട്ടപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ വളര്‍ച്ച മന്ദഗതിയിലാവുന്നത്.

2017ല്‍ 3.6ഉം 2018ല്‍ 3.7ഉം ആണ് പ്രതീക്ഷിത ആഗോള സാമ്പത്തിക വളര്‍ച്ചയായി ഉണ്ടായിരുന്നത്. എന്നാല്‍ ഈ രണ്ട് വര്‍ഷവും പ്രതീക്ഷിച്ചതിനേക്കാള്‍ 0.1 ശതമാനം വളര്‍ച്ച അധികരിക്കുമെന്ന് ഐഎംഎഫ് റിപ്പോര്‍ട്ടില്‍ പറയുന്നു.

‘2017ന്റെ ആദ്യ പകുതിയില്‍ ചൈനയുടെ സാമ്പത്തിക വളര്‍ച്ച അധികരിച്ചു. അതേസമയം ഇന്ത്യയുടെ വളര്‍ച്ച മന്ദഗതിയിലായി. നോട്ട് നിരോധനവും ഒറ്റനികുതി സമ്പ്രദായവുമാണ് സാമ്പത്തിക വളര്‍ച്ചയെ പ്രതികൂലമായി ബാധിച്ചത്’, റിപ്പോര്‍ട്ടില്‍ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ