വാഷിങ്ടൺ: സ്ത്രീ സുരക്ഷയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കുറച്ചു കൂടി ശ്രദ്ധ പുലർത്തണമെന്ന് രാജ്യാന്തര നാണയനിധി (ഐഎംഎഫ്) അധ്യക്ഷ ക്രിസ്റ്റീൻ ലഗാർഡെ. കത്തുവയിൽ എട്ടു വയസുകാരി ക്രൂരമായി ബലാൽസംഗം ചെയ്ത് കൊല്ലപ്പെട്ട സംഭവം ആഗോളതലത്തിൽ ചർച്ചയായതോടെയാണ് ക്രിസ്റ്റീന്റെ പ്രതികരണം.

‘ഇന്ത്യയിൽ നടക്കുന്ന സംഭവങ്ങൾ അരോചകമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങി ഇന്ത്യയിലെ അധികാരികൾ സ്ത്രീകളുടെ സുരക്ഷയ്ക്കായി കൂടുതൽ ശ്രദ്ധ പുലർത്തുമെന്നാണ് എന്റെ പ്രതീക്ഷ. ഇന്ത്യയിലെ സ്ത്രീകൾക്ക് അത് ആവശ്യമാണ്’ മാധ്യമങ്ങളോട് സംസാരിക്കവേ ക്രീസ്റ്റീൻ പറഞ്ഞു. ഇത് ഐഎംഎഫിന്റെ ഔദ്യോഗിക പ്രസ്താവനയല്ലെന്നും തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും അവർ പറഞ്ഞു.

കഴിഞ്ഞ 4 മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഐഎംഎഫ് അധ്യക്ഷ ഇന്ത്യയിലെ സ്ത്രീകളുടെ സുരക്ഷയ്ക്ക് കൂടുതൽ മുൻഗണന നൽകണമെന്ന് നരേന്ദ്ര മോദിയോട് ആവശ്യപ്പെടുന്നത്. ജനുവരിയില്‍ ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പ്രസംഗത്തില്‍ ഇന്ത്യയിലെ സ്ത്രീകളെ കുറിച്ച് വേണ്ടത്ര പരാമര്‍ശിച്ചില്ലെന്ന് ക്രിസ്റ്റീൻ പറഞ്ഞിരുന്നു.

കത്തുവ, ഉന്നാവ് പീഡനങ്ങൾ ഇന്ത്യയ്ക്ക് അകത്തും പുറത്തും ശക്തമായ പ്രതിഷേധത്തിലേക്ക് നയിച്ച പശ്ചാത്തലത്തിലാണ് ക്രിസ്റ്റീന്റെ പ്രതികരണം. സംഭവങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുളള ഉന്നത ബിജെപി നേതാക്കൾ ആദ്യം മൗനം അവലംബിച്ചതും വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook