ധാക്ക: ക്രൂരമായ വംശീയ ആക്രമണങ്ങളിൽ നിന്ന് ജീവനും കൊണ്ട് പലായനം ചെയ്യുന്ന ലക്ഷക്കണക്കിന് റോഹിങ്ക്യൻ അഭയാർത്ഥികളുടെ നിസ്സഹായവാസ്ഥ ലോക മനസാക്ഷിക്ക് മുന്നിൽ ചോദ്യചിഹ്നമാവുകയാണ്. തീവ്രവാദികളെന്ന് മുദ്രകുത്തി ഭരണകൂടങ്ങൾ ആട്ടിപ്പായിക്കുന്ന മനുഷ്യ ജീവികളുടെ നിസഹായകതയുടെ പുതിയ മുഖമാവുകയാണ് ഹമീദാ എന്ന ഉമ്മ.

മ്യാൻമാറിൽ നിന്ന് ജീവൻ രക്ഷിച്ച് തങ്ങളുടെ അഞ്ചു മാസം മാത്രം പ്രായമുള്ള കുഞ്ഞിനേയും കൊണ്ട് ഒരു കൊച്ച് വള്ളത്തിൽ ബംഗ്ലാദേശിലെ ഷാ പോറിർ എന്ന തീരഗ്രാമത്തേക്ക് പുറപ്പെട്ടതായിരുന്നു ഇവർ. എന്നാൽ ബംഗാൾ ഉൾക്കടലിലെ വന്പൻ തിരമാലകളെ അതിജീവിക്കാനുള്ള ശക്തി ഇവരുടെ വള്ളത്തിനില്ലായിരുന്നു. തീരത്തെത്തും മുൻപ് 18 പേരുള്ള വള്ളത്തെ തിരമാലകൾ തകർത്തു. കടലിൽ മുങ്ങിത്താണപ്പോഴും ഹമീദ തന്റെ കുഞ്ഞിനെ കൈവിട്ടിരുന്നില്ല. എന്നാൽ ജീവനായുള്ള ആ പോരാട്ടം അതിജീവിക്കാൻ നാൽപതു ദിവസം മാത്രം പ്രായമായ കുഞ്ഞിന് ത്രാണിയില്ലായിരുന്നു.

Also Read: റോഹിങ്ക്യ: ‘വെർച്വൽ സോളിഡാരിറ്റി’യുടെ അകവും പുറവും

കുഞ്ഞിനേയും കൊണ്ട് നീന്തി കരക്കെത്തിയപ്പോഴാണ് ഹമീദയും ഭർത്താവ് നാസിർ അഹ്മദ് തങ്ങളുടെ കുഞ്ഞ് മരിച്ച വിവരം അറിഞ്ഞത്. ആ സമയത്തെ ഹമീദയുടേയും നാസിറിന്റേയും ചിത്രങ്ങൾ പകർത്തിയത് റോയിറ്റേഴ്സ് ഫോട്ടോഗ്രാഫറായ മുഹമ്മദ് പൊനീർ ഹുസൈൻ ആണ്. ‘ഉച്ചത്തിലുള്ള കരച്ചിൽ കേട്ടാണ് ഞാൻ തീരത്തേക്ക് ഓടിച്ചെന്നത്. തങ്ങളുടെ കുഞ്ഞ് മരിച്ചു പോയെന്നറിഞ്ഞ മാതാപിതാക്കളുടെ ദീന രോദനമായിരുന്നത്’ പൊനീർ ഹുസൈൻ പിന്നീട് പറഞ്ഞു.

Source: Reuters

പശ്ചിമേഷ്യന്‍ അഭയാര്‍ഥികളുടെ മുഴുവന്‍ ദുരന്തങ്ങളും തുറന്നുകാട്ടിയ അയ്ലാന്‍ കുര്‍ദി എന്ന ബാലന്റെ പിഞ്ചുശരീരം പോലെ ഇന്ന് റോങ്ക്യകളുടെ ദൈന്യതയുടെ നേർക്കഴ്ചയാകുന്നു അഞ്ച് ആഴ്ച മാത്രമായ ബാലനും അവന്റെ ഉമ്മ ഹമീദയും.

മ്യാന്മറിലെ രാഖൈനില്‍നിന്ന് ക്രൂരമായ പീഡനത്തെത്തുടര്‍ന്ന് പലായനം ചെയ്ത റോഹിങ്ക്യന്‍ മുസ്ലിംകളില്‍ 60 ശതമാനവും കുട്ടികളാണെന്ന് യൂനിസെഫ് വ്യക്തമാക്കിയിരുന്നു. രാഖൈനിലെ 40 ശതമാനം റോഹിങ്ക്യക്കാരും ബംഗ്ലാദേശിലേക്ക് പലായനം ചെയ്തതായും ഐക്യരാഷ്ട്രസഭ പറഞ്ഞു. നാല് ലക്ഷം റോഹിങ്ക്യകളാണ് പലായനം ചെയ്ത് ബംഗ്ലാദേശിലെത്തിയത്.

Source: Reuters

അതേസമയം, റോഹിൻഗ്യൻ അഭയാർത്ഥികളെ ഒഴിപ്പിക്കണമെന്ന് ഇന്ത്യൻ സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. റോഹിൻഗ്യൻ വംശജരെ ഇന്ത്യയിലേക്ക് കടത്താൻ മ്യാന്മാർ,പശ്ചിമ ബംഗാൾ,ത്രിപുര എന്നിവിടങ്ങൾ കേന്ദ്രീകരിച്ചു പ്രത്യേക സംഘം പ്രവർത്തിക്കുന്നുണ്ട്. ചില അഭയാർത്ഥികൾക്ക് ഇസ്ലാമിക് സ്റ്റേറ്റുമായും പാക് ചാര സംഘടനയായ ഐഎസ്ഐയുമായും ബന്ധമുണ്ടെന്ന് കേന്ദ്ര സർക്കാർ സത്യവാങ്മൂലത്തിൽ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ