ന്യൂഡല്‍ഹി: വീണ്ടും വിവാദ പ്രസ്താവനയുമായി മലേഗാവ് സ്‌ഫോടനക്കേസ് പ്രതിയും ബിജെപിയുടെ ഭോപ്പാലിലെ സ്ഥാനാർഥിയുമായ സാധ്വി പ്രഗ്യാ സിങ് ഠാക്കൂർ. 1992 ഡിസംബര്‍ ആറിന് ബാബറി മസ്ജിദ് തകര്‍ത്ത സംഭവത്തില്‍ തനിക്ക് യാതൊരു കുറ്റബോധവും ഇല്ലെന്നും അതില്‍ അഭിമാനിക്കുകയാണ് താനെന്നും പ്രഗ്യാ സിങ് പറഞ്ഞു. 2008ല്‍ നടന്ന മാലെഗാവ് സ്‌ഫോടനക്കേസില്‍ ജയിലിലായ പ്രഗ്യാ സിങ് ഇപ്പോള്‍ ജാമ്യത്തിലാണ്.

ആജ് തക്കിന് നല്‍കിയ അഭിമുഖത്തിലാണ് പ്രഗ്യാ സിങ്ങിന്റെ വിവാദ പ്രസ്താവന. ‘ബാബറി മസ്ജിത് തകര്‍ത്തതില്‍ എന്തിനാണ് നാം ഖേദിക്കുന്നത്? വാസ്തവത്തില്‍ ഞങ്ങള്‍ അതില്‍ അഭിമാനിക്കുന്നു. രാമക്ഷേത്രത്തിനു ചുറ്റും ചില മാലിന്യങ്ങള്‍ ഉണ്ടായിരുന്നു, ഞങ്ങള്‍ അത് നീക്കം ചെയ്തു. ഇത് നമ്മുടെ രാജ്യത്തിന്റെ ആത്മാഭിമാനത്തിന് ഉണര്‍വേകി. അവിടെ നമ്മള്‍ ഒരു വലിയ രാമക്ഷേത്രം പണിയും.’

ബാബറി മസ്ജിത് തകര്‍ത്ത സ്ഥലത്ത് എന്തുകൊണ്ടാണ് ഇനിയും രാമക്ഷേത്രം നിര്‍മ്മിക്കാത്തത് എന്ന് ചോദിച്ചപ്പോള്‍, ഭാരതീയ ജനതാ പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം രാമക്ഷേത്രം ഒരു രാഷ്ട്രീയ പ്രശ്‌നമല്ലെന്ന് പ്രഗ്യാ സിങ് പ്രതികരിച്ചു.

‘കോണ്‍ഗ്രസ് ഈ രാജ്യം 70 വര്‍ഷം ഭരിച്ചു. എന്നിട്ടവര്‍ എന്താണ് ചെയ്തതെന്നു നോക്കൂ. നമ്മുടെ ക്ഷേത്രങ്ങള്‍ പോലും സുരക്ഷിതമല്ല. ഒത്തുകൂടി ബാബറി മസ്ജിത് തകര്‍ക്കുക വഴി ഈ രാജ്യത്തിന്റെ ആത്മാഭിമാനത്തെയാണ് ഹിന്ദുക്കള്‍ ഉണര്‍ത്തിയത്. ഈ രാജ്യത്തല്ലെങ്കില്‍ പിന്നെ എവിടെയാണ് രാമക്ഷേത്രം പണിയുക?’ പ്രഗ്യാ സിങ് പറഞ്ഞു.

Read More: സാധ്വി പ്രഗ്യാ സിങ്ങിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

ഭോപ്പാലിലെ പൊതു ജനങ്ങള്‍ തന്നോടൊപ്പമാണെന്നും അവിടുത്തെ തന്റെ സ്ഥാനാര്‍ത്ഥിത്വം അവരെ പ്രചോദിപ്പിച്ചിട്ടുണ്ടെന്നും പ്രഗ്യാ സിങ് പറഞ്ഞു. ഭോപ്പാലിലെ ലോക്സഭാ മണ്ഡലത്തില്‍ സ്ഥാനാർഥിയായി തന്റെ പേര് പ്രഖ്യാപിച്ചതു മുതല്‍ അവരുടെ ആത്മവിശ്വാസം ഇരട്ടിയായി വർധിച്ചു എന്നാണ് അവര്‍ തന്നോട് പറഞ്ഞതെന്നും പ്രഗ്യാ സിങ് കൂട്ടിച്ചേര്‍ത്തു.

ബാബറി മസ്ജിദുമായി ബന്ധപ്പെട്ട പരാമർശത്തിൽ പ്രഗ്യാ സിങ്ങിന് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചു. നോട്ടീസ് ലഭിച്ചതായി സ്ഥിരീകരിച്ച പ്രഗ്യ തന്റെ നിലപാടിൽ ഉറച്ചുനിൽക്കുന്നതായും പറഞ്ഞു. സ്ഥാനാർഥിയായി പ്രഖ്യാപിച്ചശേഷം പ്രഗ്യയ്ക്ക് ലഭിക്കുന്ന രണ്ടാമത്തെ നോട്ടീസാണിത്. മാലെഗാവ് സ്‌ഫോടനക്കേസില്‍ തന്നെ പ്രതി ചേര്‍ത്തതിനെ തുടര്‍ന്ന് താന്‍ ശപിച്ചതു കൊണ്ടാണ് 26/11 മുംബൈ ഭീകരാക്രമണത്തില്‍ ഭീകരവിരുദ്ധ സ്‌ക്വാഡ് തലവന്‍ ഹേമന്ത് കര്‍ക്കറെ കൊല്ലപ്പെട്ടതെന്ന പ്രഗ്യാ സിങ്ങിന്റെ പ്രസ്താവനയ്ക്കാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചത്.

‘ഞാന്‍ ഹേമന്ത് കര്‍ക്കറെയെ വിളിച്ചു. എനിക്കെതിരെ തെളിവൊന്നുമില്ലെങ്കില്‍ എന്നെ വെറുതെ വിടണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ തെളിവു കൊണ്ടു വരുമെന്നും എന്നെ വിടില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. നിങ്ങള്‍ നശിച്ചു പോകുമെന്ന് ഞാന്‍ ശപിച്ചു” പ്രഗ്യ സിങ് നടത്തിയ പരാമര്‍ശം ഇതാണ്.

Read More: ‘സംസ്‌കാരത്തെ ഭീകരവാദമെന്ന് വിളിച്ചവര്‍ക്കുള്ള മറുപടി’; സ്‌ഫോടന കേസ് പ്രതി സാധ്വി പ്രഗ്യയെ പിന്തുണച്ച് മോദി

വിവാദ പരാമര്‍ശത്തില്‍ പ്രഗ്യാ സിങ് പിന്നീട് മാപ്പ് പറഞ്ഞിരുന്നു. ”രാജ്യത്തിന്റെ ശത്രുക്കളാണ് ഇതില്‍ നിന്നും ഗുണമുണ്ടാക്കുന്നതെന്ന് തോന്നുന്നു. അതുകൊണ്ട് ഞാനെന്റെ പ്രസ്താവന പിന്‍വലിക്കുകകയാണ്. മാപ്പ് ചോദിക്കുന്നു. എന്റെ വ്യക്തിപരമായ അഭിപ്രായമായിരുന്നു അത്” പ്രഗ്യ സിങ് പറഞ്ഞു. ഭീകരവാദികളുടെ വെടിയുണ്ട കൊണ്ടാണ് അദ്ദേഹം മരിച്ചത്. അദ്ദേഹം തീര്‍ച്ചയായും രക്തസാക്ഷിയാണെന്നും പ്രഗ്യ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook