ജയ്പൂര്‍: താൻ പേടിച്ചോടിയതല്ലെന്നും ഉത്തര്‍പ്രദേശിലേക്ക് തിരിച്ചുവരുമെന്നും ഡോ. കഫീല്‍ ഖാന്‍. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനാണ് ജയ്പൂരിലേക്ക് പോയതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിലായിരുന്നു കഫീൽ ഖാന്റെ തുറന്നു പറച്ചിൽ.
2018 ൽ ഒരു ജില്ലാ ആശുപത്രിയിൽ “പ്രശ്നമുണ്ടാക്കിയതിന്” ബഹ്‌റൈച്ച് പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. ഈ വർഷം ജനുവരി 29 ന് അലിഗഡിൽ നടന്ന സിഎഎ വിരുദ്ധ പ്രതിഷേധത്തിൽ പ്രസംഗിച്ചതിന്റെ പേരിൽ അദ്ദേഹത്തെ ദേശീയ സുരക്ഷാ നിയമം ചുമത്തി പൊലീസ് അറസ്റ്റു ചെയ്തു. സെപ്റ്റംബറിൽ ഖാൻ ജയിൽ മോചിതനായി. അതിനുശേഷം ഭാര്യ, മക്കൾ, അമ്മ എന്നിവരോടൊപ്പം ജയ്പൂരിലാണ് അദ്ദേഹമിപ്പോൾ.
“കഴിഞ്ഞ മൂന്ന് വർഷമായി വളരെ ശക്തമായാണ് എന്റെ അമ്മ പിടിച്ചു നിന്നത്. എന്നാൽ മാനസികമായി അവർക്ക് ഏറെ വേദനകൾ ഉണ്ടായിരുന്നു. ഞാൻ പുറത്തിറങ്ങിയപ്പോൾ ‘മതിയാക്ക്’ എന്നാണ് അമ്മ പറഞ്ഞത്. ഞാൻ എന്റെ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ തീരുമാനിച്ച് ജയ്പൂരിലേക്ക് മാറിയതാണ്. അല്ലാതെ ഞാൻ യുപിയിൽ നിന്ന് ഓടിപ്പോയതല്ല, എനിക്ക് ഭയമില്ല, ഞാൻ തിരികെ പോകും. ഗോരഖ്പൂർ എന്റെ ജന്മസ്ഥലമാണ്, ഞാൻ അത് ഉപേക്ഷിക്കില്ല,” ഖാൻ പറഞ്ഞു.
ഡോ. കഫീല്‍ ഖാനെതിരെ ചുമത്തിയ ദേശീയ സുരക്ഷാ നിയമം റദ്ദാക്കിയ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ യു.പി സര്‍ക്കാര്‍ നല്‍കിയ ഹരജി സുപ്രീം കോടതി തള്ളിയതിന് പിന്നാലെയാണ് കഫീല്‍ ഖാന്റെ പ്രതികരണം. നേരത്തെയും അദ്ദേഹം യു.പിയിലേക്ക് തിരിച്ചുവരുമെന്ന് വ്യക്തമാക്കിയിരുന്നു.
ബിആർഡി ആശുപത്രി ദുരന്തത്തിന് മൂന്ന് വർഷത്തിന് ശേഷവും, മാതാപിതാക്കൾ വിലപിക്കുന്ന ശബ്ദം, കുട്ടികളുടെ മൃതദേഹങ്ങളിൽ ഘടിപ്പിച്ചിരിക്കുന്ന വെന്റിലേറ്ററുകളുടെ ശബ്ദം, ഓക്സിജൻ സിലിണ്ടറുകൾ തരപ്പെടുത്തുന്നതിലെ പാകപ്പിഴകൾ ഒക്കെ ഓർക്കുമ്പോൾ ഇപ്പോഴും അദ്ദേഹത്തിന്റെ കണ്ണ് നിറയും. “ഓഗസ്റ്റ് 10-11 തിയതികളിലായിരുന്നു അത് നടന്നത്. മക്കളെ രക്ഷിക്കണം എന്ന് അമ്മമാർ ഞങ്ങളോട് യാചിച്ചു. ചില പരിചാരകർ എന്റെ കോളർ പിടിച്ചു, മറ്റുള്ളവർ നഴ്സുമാരെയും ജോലിക്കാരെയും ആക്രമിച്ചു. മൂന്ന് വയസുള്ള ഒരു പെൺകുട്ടി മാതാപിതാക്കളുടെ കണ്ണുകൾക്ക് മുന്നിൽ മരിച്ചത് ഞാൻ ഓർക്കുന്നു. ഞങ്ങൾ എല്ലാവരും കരഞ്ഞു. ചെയ്തതിൽ ഞാൻ ഖേദിക്കുന്നില്ല… ഒരു ജീവനെങ്കിലും രക്ഷിക്കാൻ സാധിച്ചാൽ ഇന്ന് വീണ്ടും ഞാനത് ചെയ്യും,” കഫീൽ ഖാൻ പറഞ്ഞു.
ഉത്തർപ്രദേശിലെ ഗോരഖ്‌പൂരിൽ നവജാത ശിശുക്കളടക്കം ഓക്‌സിജൻ കിട്ടാതെ മരിച്ച സംഭവത്തിൽ ഡോ.കഫീൽ ഖാനെതിരെ കേസെടുക്കുകയായിരുന്നു. ബാബ രാഘവ് ദാസ് സ്മാരക ആശുപത്രിയിൽ നടന്ന ദുരന്തത്തിന് പിന്നാലെ ആശുപത്രിയിൽ ഓക്സിജൻ എത്തിക്കാൻ പ്രയത്നിച്ച ഡോ.കഫീൽ ഖാനെ പ്രതിസ്ഥാനത്ത് നിർത്തിയാണ് പൊലീസ് കേസെടുത്തത്. യുപി സർക്കാർ കഫീൽ ഖാനെ മനപൂർവം വേട്ടയാടുന്നതായി ആരോപണമുയർന്നിരുന്നു.
2017 ഓഗസ്റ്റിൽ ദുരന്തം വൻ വിവാദമായതിന് പിന്നാലെ നടന്ന പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് ഗോരഖ്‌പൂരിൽ നിന്നും ഡോ.കഫീൽ ഖാനെ അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് രണ്ടാം വാരം സംഭവം നടന്നതിന് പിന്നാലെയാണ് കഫീൽ ഖാൻ സ്വന്തം പണം ചെലവഴിച്ച് ഓക്സിജൻ സിലിണ്ടറുകൾ എത്തിച്ചത്. ദേശീയ മാധ്യമങ്ങളടക്കം ഇക്കാര്യം വാർത്ത നൽകിയതിന് പിന്നാലെയാണ് കഫീൽ ഖാൻ സ്വയം ഹീറോയാകാൻ ശ്രമിക്കുകയായിരുന്നുവെന്ന് സർക്കാർ തന്നെ കുറ്റപ്പെടുത്തിയത്.