ന്യൂഡല്‍ഹി: ദേശീയ ഖനന നയത്തെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രിംകോടതി. രാജ്യത്തിന്റെ വിലയേറിയ ധാതു സമ്പത്തിനെ സംരക്ഷിക്കുന്നതില്‍ പതിറ്റാണ്ട് പഴക്കമുളള ദേശീയ ഖനന നയം പരാജയമാണെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു. അനധികൃത ഖനന കമ്പനികളും ഖനനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന പാട്ടക്കാരും പിഴ ഒടുക്കേണ്ടി വരുമെന്നും സുപ്രിംകോടതി വ്യക്തമാക്കി.

വനം- പാരിസ്ഥിതിക അനുമതി ഇല്ലാതെ നടത്തിയ ഖനനത്തിന് 100 ശതമാനം നഷ്ടപരിഹാരം ഒടുക്കേണ്ടി വരുമെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് മദന്‍ ബി ലോക്കൂറിന്റേയും ദീപക് ഗുപ്തയുടേയും ബെഞ്ചാണ് ഇത് സംബന്ധിച്ച് വിധി പ്രസ്താവിച്ചത്. ദേശീയ ഖനന നയം പൊളിച്ചെഴുതാന്‍ സമയം അതിക്രമിച്ചെന്നും കൂടുതല്‍ ഫലപ്രദമായ നയം 2017 ഡിസംബര്‍ 31നകം പ്രഖ്യാപിക്കണമെന്നും കോടതി കേന്ദ്രത്തോട് നിര്‍ദേശിച്ചു.

ഒഡിഷയിലെ അനധികൃത ഖനനം സംബന്ധിച്ച് ഒരു സന്നദ്ധസംഘടന നല്‍കിയ ഹര്‍ജിയിലാണ് സുപ്രികോടതിയുടെ ഉത്തരവ്. വനം- പരിസ്ഥിതി വകുപ്പിന്റെ അനുമതിയില്ലാതെ നൂറില്‍പരം പാട്ടക്കമ്പനികളാണ് ഒഡിഷയില്‍ ഖനനം നടത്തുന്നതെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. മറ്റ് സംസ്ഥാനങ്ങളിലും ഇതേ ദുരവസ്ഥ തന്നെയായിരിക്കുമെന്ന് കോടതി നിരീക്ഷിച്ചു.

“അനധികൃത ഖനനം നടന്നിട്ടുണ്ടെങ്കില്‍ 100 ശതമാനം തന്നെ പിഴ ഒടുക്കണം. അല്ലാതെ 100 ശതമാനത്തിന് താഴെ ആണെങ്കില്‍ ഖനനം നടത്തി കിട്ടിയ ബാക്കി തുക ഇത്തരക്കാരുടെ പോക്കറ്റിലേക്ക് പോകും”, ജസ്റ്റിസ് ലോക്കൂര്‍ പ്രസ്താവിച്ചു. ധാതു-ഖനന നിയമത്തിന്റെ സെക്ഷന്‍ 21(5) പ്രകാരം കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ച് കണ്ടുകെട്ടല്‍ നടത്താം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ