ന്യൂ‌ഡൽഹി: രോഹിൻഗ്യ അഭയാർത്ഥികൾക്ക് ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന മൗലിക അവകാശങ്ങൾ അനുവദിക്കാനാവില്ലെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. വിദേശികൾക്ക് പോലും അനുവദിക്കാവുന്ന ഇത്തരം മൗലിക അവകാശങ്ങൾക്ക് അനധികൃത കുടിയേറ്റക്കാരായ രോഹിൻഗ്യകൾ അർഹരല്ലെന്നാണ് കേന്ദ്രത്തിന്റെ വാദം. തങ്ങളെ തിരിച്ചയക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ രോഹിൻഗ്യകൾ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

രോഹിൻഗ്യകളുടെ കാര്യത്തിൽ മനുഷ്യത്വപരമായ സമീപനമല്ലേ സ്വീകരിക്കേണ്ടതെന്ന് സുപ്രീം കോടതി. രോഹിൻഗ്യ അഭയാർഥികളെ തിരിച്ചയക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിന് എതിരായ ഹർജിയിൽ ഒക്ടോബർ 13ന് വീണ്ടും വാദം കേൾക്കും.

രോഹിൻഗ്യകളുടെ വിഷയത്തിൽ മാത്രം കേന്ദ്രത്തിന് ഇരട്ടത്താപ്പെന്നു ഹർജിക്കാർക്ക് വേണ്ടി ഹാജരായ ഫാലി നരിമാൻ ആരോപിച്ചു. ശ്രീലങ്ക , പാക്കിസ്ഥാൻ, ബംഗ്ളാദേശ് അഭയാർഥികളോട് അനുകമ്പ കാണിക്കുന്ന സർക്കാരിന് ഇക്കാര്യത്തിൽ മാത്രം വിരുദ്ധ നിലപാടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, രോഹിൻഗ്യ കേസിൽ ഇടത് യുവജന സംഘടനയായ ഡിവൈഎഫ്ഐ കക്ഷി ചേർന്നു. അഭയാർഥികളെ തിരിച്ചയക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് ഡിവൈഎഫ്ഐ വാദിച്ചു.

രോഹിൻഗ്യ അഭയാർഥികളെ ഒഴിപ്പിക്കണമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ അറിയിച്ചിരുന്നു. രോഹിൻഗ്യ വംശജരെ ഇന്ത്യയിലേക്ക് കടത്താൻ മ്യാന്മാർ, പശ്ചിമ ബംഗാൾ, ത്രിപുര എന്നിവിടങ്ങൾ കേന്ദ്രീകരിച്ചു പ്രത്യേക സംഘം പ്രവർത്തിക്കുന്നുണ്ട്. ചില അഭയാർഥികൾക്ക് ഇസ്ലാമിക് സ്റ്റേറ്റുമായും പാക് ചാര സംഘടനയായ ഐഎസ്ഐയുമായും ബന്ധമുണ്ടെന്ന് കേന്ദ്ര സർക്കാർ സത്യവാങ്മൂലത്തിൽ ആരോപിക്കുന്നു. അതിനാൽ തന്നെ ഇവരെ ഒഴിപ്പിക്കണമെന്നുമാണ് അറ്റോർണി ജനറൽ കെ.കെ.വേണുഗോപാൽ കോടതിയെ അറിയിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook