ചണ്ഡിഗഡ്: ആൾ ദൈവം ഗുർമീത് റാം റഹീമിന്റെ ദേര സച്ചാ സൗദ ആസ്ഥാനത്ത് അനധികൃതമായി സ്ഫോടക വസ്തുക്കള്‍ നിര്‍മ്മിക്കുന്ന ഫാക്ടറി കണ്ടെത്തി. 80 പെട്ടി സ്ഫോടക വസ്തു ശേഖരം ഇവിടെ നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇന്ന് നടത്തിയ പരിശോധനയിലാണ് ഫാക്ടറി കണ്ടെത്തിയത്. രണ്ടാം ദിവസവും പൊലീസ് പരിശോധന തുടരുകയാണ്.
അതേസമയം, പടക്കങ്ങൾ നിർമിക്കുന്നതിനായാണ് സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചതെന്നാണ് ദേര സച്ചാ പ്രവര്‍ത്തകരുടെ വിശദീകരണം. സ്ഫോടക വസ്തുക്കളുടെ സ്വഭാവത്തെ സംബന്ധിച്ച് കൂടുതൽ പരിശോധന നടത്തിയാൽ മാത്രമേ വ്യക്തമാവൂ എന്ന് പൊലീസ് വ്യക്തമാക്കി.
പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ നിർദേശപ്രകാരം സുരക്ഷാ ഉദ്യോഗസ്ഥരും ജില്ലാ ഭരണകൂടവും സംയുക്തമായാണ് ദേരാ സച്ചാ ആസ്ഥാനത്ത് പരിശോധന നടത്തുന്നത്. 800 ഏക്കർ സ്ഥലത്താണ് ആശ്രമം നിലകൊള്ളുന്നത്. കഴിഞ്ഞ ദിവസം ആശ്രമത്തിൽനിന്നു പ്ലാസ്റ്റിക് നാണയങ്ങൾ, ഹാർഡ് ഡിസ്ക്, കംപ്യൂട്ടറുകൾ, കാറുകൾ തുടങ്ങി നിരവധി വസ്തുകൾ പൊലീസ് പിടിച്ചെടുത്തിരുന്നു.
അനുയായികളായ പെൺകുട്ടികളെ ബലാത്സംഗം ചെയ്ത കേസിൽ 20 വർഷത്തേക്കാണ് ദേര സച്ച സൗദ തലവൻ ഗുർമീത് റാം റഹീം സിങ്ങിനെ സിബിഐ കോടതി ശിക്ഷിച്ചത്. ഇതിന് പിന്നാലെ തന്നെ പഞ്ചാബിലും ഹരിയാനയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുമുള്ള ദേര സച്ചാ സൗദ ആശ്രമങ്ങളിൽ പൊലീസ് റെയ്ഡ് നടത്തി.
ഒരു പൊലീസുദ്യോഗസ്ഥൻ സ്വന്തം മൊബൈൽ ഫോണിൽ പകർത്തിയ റെയ്ഡിന്റെ ദൃശ്യങ്ങൾ നേരത്തെ ഇന്ത്യൻ എക്സ്പ്രസ് പുറത്ത് വിട്ടിരുന്നു. സ്വർണം പൂശിയ സോഫകളും കസേരകളും പുറമേ സ്വർണ പാത്രങ്ങളും മുറിക്കകത്തെ ദൃശ്യങ്ങളിൽ കാണാം. മുറിയിലെ ഒരു വശത്തെ ചുമരിൽ സ്വയം പ്രഖ്യാപിത ദൈവമായ ഗുർമീത് റാം റഹീമിന്റെ വലിയ ചിത്രവും തൂക്കിയിട്ടുണ്ട്.