ചെന്നൈ: യേശു ക്രിസ്തുവിനെ കുറിച്ചുള്ള സംഗീത സംവിധായകന്‍ ഇളയരാജയുടെ പരാമര്‍ശം വിവാദത്തില്‍. യേശു ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റിട്ടില്ലെന്ന ഇളയരാജയുടെ പ്രസ്താവനയാണ് വിവാദത്തിന് ആധാരം. സംഭവത്തിന് പിന്നാലെ സംഗീത സംവിധായകനെതിരെ ചില സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

ഇളയരാജയുടെ പ്രസ്താവനയ്‌ക്കെതിരെ അദ്ദേഹത്തിന്റെ വീടിന് മുന്നില്‍ പ്രതിഷേധം നടത്തിയ 35 സിരുപന്മയ് മക്കള്‍ നാലാ കച്ചി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. യേശു ക്രിസ്തുവല്ല, യഥാര്‍ത്ഥത്തില്‍ ഉയിര്‍ത്തെഴുന്നേറ്റത് രമണ മഹര്‍ഷിയാണെന്നായിരുന്നു ഇളയരാജയുടെ വിവാദ പ്രസ്താവന. ഒരു യുട്യൂബ് ഡോക്യുമെന്ററിയെ ഉദ്ധരിച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

ഒരു പരിപാടിക്കിടെ സ്‌റ്റേജില്‍ വച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നാല്‍ എവിടെ വച്ചാണ് സംഭവം എന്നത് വ്യക്തമായിട്ടില്ല. ഇളയരാജയുടെ പ്രസംഗത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിട്ടുണ്ട്. രമണ മഹര്‍ഷിയേയും യേശു ക്രിസ്തുവിനേയും ഇളയരാജ താരതമ്യം ചെയ്യുന്നതായി വീഡിയോയില്‍ കാണാം.

‘ഭഗവാന്‍ രമണയെ കുറിച്ച് ഞാനെഴുതിയ പാട്ടാണിത്. ഈ പാട്ടെഴുതിയതിന് ശേഷം മറ്റൊരു പാട്ടെഴുതുന്നതിനെ കുറിച്ച് ഞാന്‍ ചിന്തിച്ചിട്ടില്ല. ഭഗവാന്‍ രമണ മഹര്‍ഷിയെ പോലൊരു ജ്ഞാനി ജനിച്ചിട്ടില്ല. യേശു ക്രിസ്തു മരിച്ചതിന് ശേഷം ഉയിര്‍ത്തെഴുന്നേറ്റു എന്നാണ് അവര്‍ പറയുന്നത്. എനിക്ക് സമയം കിട്ടുമ്പോഴൊക്കെ ഞാന്‍ യൂട്യൂബിലെ ഡോക്യുമെന്ററികള്‍ കാണാറുണ്ട്. അവരിപ്പോള്‍ പറയുന്നത് ഉയിര്‍ത്തേഴുന്നേല്‍പ്പ് സംഭവം നടന്നിട്ടില്ലെന്നാണ്. അദ്ദേഹം ജീവിതത്തിലേക്ക് മടങ്ങി വന്നില്ലെന്നതിന് അവര്‍ തെളിവ് നിരത്തുന്നുണ്ട്. 2000 ല്‍ അധികം വര്‍ഷം മുമ്പാണ് ക്രിസ്ത്യാനിറ്റി ഉണ്ടായതെന്നാണ് പറയുന്നത്. എന്നാലതിന്റെ അടിസ്ഥാനമായ സംഭവമുണ്ടായിട്ടില്ലെന്ന് യൂട്യൂബ് വീഡിയോകള്‍ തെളിയിക്കുന്നു.’ ഇളയരാജ പറയുന്നു.

‘അത് സംഭവിച്ചിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും യഥാര്‍ത്ഥത്തില്‍ ഉയിര്‍ത്തെഴുന്നേറ്റ ഒരേ ഒരാള്‍ ഭഗവാന്‍ രമണ മഹര്‍ഷിയാണ്. അതും 16 വയസുള്ളപ്പോള്‍. മരണ ഭയത്തെ അദ്ദേഹം മറി കടന്നു. മരണം തന്റെ ശരീരത്തില്‍ എന്താണ് ചെയ്യുക എന്ന് അദ്ദേഹത്തിന് അറിയണമായിരുന്നു. അദ്ദേഹം നിലത്തു കിടന്ന് ശ്വാസം അടക്കി പിടിച്ചു. അദ്ദേഹത്തിന്റെ ശരീരത്തിലെ രക്തയോട്ടം നിലച്ചു. ഹൃദയം നിലച്ചു, ശരീരം മരവിച്ചു.അദ്ദേഹം മരിച്ചു.താന്‍ മരിച്ചെന്നത് അദ്ദേഹത്തിന്റെ തന്നെ പ്രസ്താവനയാണ്. അദ്ദേഹത്തിന് അത് തിരിച്ചറിവിന്റെ അവസ്ഥയായിരുന്നു.’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വീഡിയോ വൈറലായതോടെ അദ്ദേഹത്തിനെതിരെ പ്രതിഷേധവുമായി ക്രിസ്തീയ സംഘടനകള്‍ രംഗത്ത് വരികയായിരുന്നു. സിരുപന്മയ് മക്കള്‍ കച്ചിയുടെ നേതൃത്വത്തില്‍ അദ്ദേഹത്തിന്റെ ടി നഗറിലെ വീടിന് മുന്നില്‍ പ്രതിഷേധം പ്രകടനം നടന്നു. ഇളയരാജയെ അറസ്റ്റ് ചെയ്യണമെന്ന് പ്രതിഷേധക്കാര്‍ പറയുന്നതായാണ് ദി ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അദ്ദേഹം മതത്തെ അപമാനിച്ചെന്നും വർഗീയത പടര്‍ത്താന്‍ ശ്രമിക്കുന്നുവെന്നും സമരക്കാര്‍ ആരോപിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ