ചെന്നൈ: മദ്രാസ് ഐഐടിയിൽ ബീഫ് ഫെസ്റ്റ് നടത്തിയതിന്റെ പേരിലുണ്ടായ അക്രമത്തെ തുടര്‍ന്ന് പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികള്‍ ഉയര്‍ത്തിയ ആവശ്യങ്ങളെ മാനേജ്മെന്റ് പാടേ തഴഞ്ഞതായി പരാതി. ഇന്ന് രാവിലെയാണ് ഡീനിന്റെ ഓഫീസിലേക്ക് വിദ്യാര്‍ഥികള്‍ മാര്‍ച്ച് നടത്തിയത്. വിദ്യാര്‍ഥികൾ ഡീനുമായി ചര്‍ച്ച നടത്തുകയും തങ്ങളുടെ ആവശ്യങ്ങള്‍ മുന്നോട്ടു വയ്ക്കുകയും ചെയ്തിരുന്നു.
പ്രധാനമായും മൂന്ന് ആവശ്യങ്ങളാണ് വിദ്യാര്‍ഥി സംഘം മുന്നോട്ട് വച്ചത്. സൂരജിനേയും സുഹൃത്ത് അനൂപിനേയും ആക്രമിച്ചവരെ പുറത്താക്കികൊണ്ട് നടപടിയെടുക്കുക, സൂരജിന്റെ ചികിത്സാചിലവുകള്‍ സ്ഥാപനം വഹിക്കുക, അക്രമത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്കെതിരെയെടുക്കുന്ന നടപടി അപ്പോള്‍ തന്നെ സ്റ്റുഡന്‍സ് ബോഡിയെ അറിയിക്കുക എന്നിവയായിരുന്നു ആവശ്യങ്ങള്‍. അതിനുപുറമേ, സംഭവത്തിനുശേഷവും ബീഫ് കഴിച്ച വിദ്യാര്‍ഥികള്‍ക്കു നേരെ ഇതേ അക്രമിസംഘം വധഭീഷണിയും ഉയര്‍ത്തിയിട്ടുണ്ടെന്നും വിദ്യാര്‍ഥി സംഘം ഡീനിനെ അറിയിച്ചു.
എന്നാല്‍ വിദ്യാര്‍ഥികള്‍ മുന്നോട്ടു വച്ച ആവശ്യങ്ങളോട് ഒട്ടും നല്ല പ്രതികരനമായിരുന്നില്ല ഡീനിന്റെതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. മൂന്ന് ആവശ്യങ്ങളെയും തഴഞ്ഞ ഐഐടി മാനേജ്മെന്റ് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഒരു അച്ചടക്ക സമിതിയെ ചുമതലപ്പെടുത്താം എന്നൊരു പരിഹാരം മുന്നോട്ടു വയ്ക്കുകയായിരുന്നു എന്ന് വിദ്യാര്‍ഥികള്‍ അറിയിച്ചു.
“ഇത് ആദ്യമായല്ല മാനേജ്മെന്റ് വലതുപക്ഷ സംഘടനകളുടെ പക്ഷം ചേര്‍ന്ന് നില്‍ക്കുന്നത്. മുന്നേ അംബേദ്കര്‍ പെരിയാര്‍ സ്റ്റഡി സെന്ററിനു നിരോധനം ഏര്‍പ്പെടുത്തുകയും അതേസമയം വിവേകാനന്ദ സ്റ്റഡി സെന്റര്‍ പോലുള്ള വലതുപക്ഷ സംഘടനകള്‍ക്ക് വളംവയ്ക്കുകയും ചെയ്യുന്ന മാനേജ്മെന്റ് ആണ് ഇവിടെയുള്ളത്.” ഒരു വിദ്യാര്‍ഥി ഐഇ മലയാളത്തോട് പറഞ്ഞു.
ഇന്നലെയാണ് ബീഫിന്റെ പേരില്‍ പിഎച്ച്ഡി വിദ്യാര്‍ഥിയായ സൂരജിനേയും സുഹൃത്ത് അനൂപിനേയും എബിവിപി അനുകൂല സംഘടന മര്‍ദ്ദിക്കുന്നത്. മര്‍ദ്ദനത്തില്‍ മുഖത്തെ എല്ലുകള്‍ക്കും കണ്ണിനും ക്ഷതമേറ്റ സൂരജ് ഇപ്പോഴും ചികിത്സയിലാണ്. കണ്ണിനു താഴെയുള്ള എല്ലു തകര്‍ന്ന സൂരജിനെ ഉടന്‍ തന്നെ ശസ്ത്രക്രിയ്ക്കും വിധേയമാക്കേണ്ടതായുണ്ട്.
ചൊവ്വാഴ്ച്ചയാണ് ക്യാംപസില്‍ ബീഫ് ഫെസ്റ്റ് നടന്നത്. ഇന്നലെ ക്യാംപസിലെ ഹിമാലയന്‍ മെസ്സില്‍ വച്ചാണ് സൂരജിനെയും സുഹൃത്തായ അനൂപിനേയും വലതുപക്ഷ വിദ്യാര്‍ഥി സംഘടന ആസൂത്രിതമായി ആക്രമിക്കുന്നത്. ഇന്നലെ സംഭവത്തെ അപലപിച്ച കേരള മുഖ്യമന്ത്രി പിണറായി വിജയന് തമിഴ്നാട് മുഖ്യമന്ത്രിക്ക് കത്തെഴുതുമെന്നും അറിയിച്ചിരുന്നു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook