ചെന്നൈ: ബീഫ് ഫെസ്റ്റ് നടത്തിയതുമായി ബന്ധപ്പെട്ട് മദ്രാസ് ഐഐടിയിൽ മലയാളി വിദ്യാർത്ഥി സൂരജിനെ ആക്രമിച്ചവരെ പുറത്താക്കണമെന്ന ആവശ്യവുമായി വിദ്യാർത്ഥികൾ പ്രതിഷേധം തുടരുന്നു. അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലേക്ക് മാർച്ച് ചെയ്ത വിദ്യാർത്ഥികൾ അക്രമികൾ സർവ്വകലാശാലയിലെ സമാധാന അന്തരീക്ഷം തകർക്കുകയാണെന്ന് കുറ്റപ്പെടുത്തി.

പി.എച്ച്.ഡി വിദ്യാർത്ഥിയായ സൂരജിനെ കഴിഞ്ഞ ദിവസമാണ് ബീഫ് ഫെസ്റ്റ് നടത്തിയ കാരണത്തെ തുടർന്ന് ആക്രമിച്ചത്. സംഭവത്തിൽ കുറ്റക്കാരായവർ മുൻപും സർവ്വകലാശാലയിൽ അക്രമങ്ങൾ നടത്തിയതായി വിദ്യാർത്ഥികൾ കുറ്റപ്പെടുത്തി. 80 ഓളം വിദ്യാർത്ഥികളാണ് മാർച്ചിൽ പങ്കെടുത്തത്. സൂരജിന്റെ ചികിത്സ ചിലവ് സർവ്വകലാശാല ഏറ്റെടുക്കണമെന്ന ആവശ്യവും വിദ്യാത്ഥികൾ മുന്നോട്ട് വച്ചു.

“കഴിഞ്ഞ ആറ് മാസത്തിനിടയിൽ നാലാം തവണാണ് അക്രമകാരികളുടെ ഭീഷണിക്ക് ഇരയാവുന്നത്. ഇത്തവണ അത് ശാരീരിക ആക്രമണമായി. ഇവരെ പുറത്താക്കുന്നത് വരെ ശക്തമായ സമരം തുടരും. മുൻപ് പരാതി പറഞ്ഞിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇത്തവണ ഈ വിദ്യാർത്ഥികളെ പുറത്താക്കിയേ പറ്റൂ” സമരക്കാരിൽ ഒരാൾ ഇന്ത്യൻ എക്സ്‌പ്രസിനോട് പറഞ്ഞു.

ചൊവ്വാഴ്ചയാണ് എബിവിപി പ്രവർത്തകന്റെ നേതൃത്വത്തിൽ എട്ടോളം പേർ ചേർന്ന് സർവ്വകലാശാല കാന്റീന് സമീപത്ത് വച്ച് സൂരജിനെ ആക്രമിച്ചതെന്ന് സംഭവം നേരിൽ കണ്ട സൂരജ് പറഞ്ഞു. “ഞങ്ങൾ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് അവർ എട്ടുപേർ സമീപമെത്തിയത്. ബീഫ് ഫെസ്റ്റിൽ പങ്കെടുത്ത് ബീഫ് കഴിച്ചോ എന്ന് സൂരജിനോട് അവർ ചോദിച്ചു. കഴിച്ചുവെന്ന് സൂരജ് മറുപടി പറഞ്ഞപ്പോൾ എട്ടുപേരും ചേർന്ന് സൂരജിനെ മർദ്ദിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച എന്നെ അവർ പിടിച്ചുവച്ചു. സംഘത്തെ നയിച്ച ആളാണ് സൂരജിനെ മുഖത്ത് തുടരെ തുടരെ മർദ്ദിച്ചത്.” അനൂപ് പറഞ്ഞു.

സൂരജിന്റെ മുഖത്ത് നിരവധി പരിക്കുകളേറ്റിട്ടുണ്ട്. ഇയാളെ ഇവിടെ ഒരു കണ്ണാശുപത്രിയിലേക്ക് മാറ്റി. അതേസമയം മനീഷ് എന്ന് പേരായ എബിവിപി അനുഭാവിയായ വിദ്യാർത്ഥിയാണ് സൂരജിനെ ആക്രമിച്ച സംഘത്തിന് നേതൃത്വം നൽകിയത് എന്ന് വിദ്യാർത്ഥികൾ പറഞ്ഞു. “മറ്റ് ചില വിദ്യാർർത്ഥികളെ കൂടി തിങ്കളാഴ്ച ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു. ബീഫ് കഴിച്ചവരെ കൊല്ലുമെന്ന് പറഞ്ഞാണ് ഇയാൾ ക്യാംപസിലെ അക്രമത്തിന് മുന്നിട്ടിറങ്ങിയത്. ഇതേ തുടർന്ന് മറ്റൊരു പിഎച്ച്ഡി വിദ്യാർത്ഥി ഇയാൾക്കെതിരെ പരാതി നൽകിയിട്ടുണ്ട്.” അദ്ദേഹം വ്യക്തമാക്കി.

ഞായറാഴ്ച രാത്രി ബീഫ് ഫെസ്റ്റ് നടത്തിയതിനെ തുടർന്ന് ആക്രമണത്തിനിരയായ സൂരജിന്റെ പരാതിയിൽ എട്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്ത്യൻ ശിക്ഷ നിയമത്തിലെ 147, 341, 506(1), 323, 324 വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിട്ടുള്ളത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ