ഹൈദരാബാദ്: ഹൈദരാബാദ് ഐഐടിയില്‍ നിന്നും ബിരുദം നേടിയ വിദ്യാര്‍ത്ഥിനിക്ക് ഗൂഗിളില്‍ ജോലി ലഭിച്ചു. 1.2 കോടി പ്രതിവര്‍ഷ ശമ്പളത്തിനാണ് സ്നേഹ റെഡ്ഢിയെ ഗൂഗിള്‍ തിരഞ്ഞെടുത്തത്. 2008ല്‍ സ്ഥാപിതമായ ഐഐടി ഹൈദരാബാദിന്റെ ചരിത്രത്തില്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ ശമ്പളം ലഭിക്കുന്നത് സ്നേഹയ്ക്കാണ്. നേരത്തേ 40 ലക്ഷം രൂപയാണ് ഒരു വിദ്യാര്‍ത്ഥിക്ക് ഗൂഗിളില്‍ ലഭിച്ചിരുന്നത്.
ഗൂഗിളിന്റെ ഇന്റലിജന്‍സ് പ്രൊജക്ട് വിഭാഗത്തിലേക്കാണ് സ്നേഹയെ തിരഞ്ഞെടുത്തിരിക്കുന്നത്. മികച്ച വിദ്യാര്‍ത്ഥിനിക്കുളള പുരസ്കാരം രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍ നിന്നും സ്നേഹ സ്വീകരിച്ചു. കംപ്യൂട്ടര്‍ സയന്‍സില്‍ ബിരുദം നേടിയ സ്നേഹ നാല് സ്വര്‍ണ മെഡലുകള്‍ ഇതിനകം നേടി. ഗൂഗിള്‍ ഓണ്‍ലൈന്‍ വഴി നടത്തിയ നാല് പരീക്ഷകളിലും സ്നേഹ മികച്ച പ്രകടനം കാഴ്ച വച്ചു. തുടര്‍ന്നാണ് അവസരം തുറന്നു കിട്ടിയത്. അവസാനഘട്ടത്തിലെ പരീക്ഷ അമേരിക്കയിലാണ് നടക്കേണ്ടിയിരുന്നത്. എന്നാല്‍ സ്നേഹയ്ക്ക് വ്യക്തിപരമായ ചില കാരണങ്ങളാല്‍ അമേരിക്കയിലേക്ക് പോവാനായില്ല.
എന്നാല്‍ മുന്‍പരീക്ഷകളിലെ സ്നേഹയുടെ പ്രവര്‍ത്തനമികവ് കണക്കിലെടുത്ത് അവസാന പരീക്ഷയും ഗൂഗിള്‍ ഓണ്‍ലൈന്‍ വഴി നടത്തുകയായിരുന്നു. സ്നേഹയുടെ ബാച്ചിലെ ഏറ്റവും നന്നായി പഠിക്കുന്ന ഇബ്രാഹിം ദലാല്‍ എന്ന വിദ്യാര്‍ത്ഥിക്ക് 35 ലക്ഷം രൂപ പാക്കേജോടെയാണ് ഗൂഗിളില്‍ ജോലി ലഭിച്ചത് എന്നത് ശ്രദ്ധേയമാണ്. ഐഐടിയില്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങിയതിന് മെഡല്‍ ലഭിച്ച വിദ്യാര്‍ത്ഥിയായിരുന്നു ഇബ്രാഹിം. തെലങ്കാനയിലെ വികരാബാദ് സ്വദേശിനിയാണ് സ്നേഹ. പിതാവ് സുധാകര്‍ ഒരു സോഫ്റ്റ്‍വെയര്‍ കമ്പനിയിലാണ് ജോലി ചെയ്യുന്നത്.
കഴിഞ്ഞ മാസം ബെംഗളൂരുവില്‍ എംടെക് വിദ്യാര്‍ത്ഥിയായ 22കാരനെ ഗൂഗിളിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിഭാഗത്തിലേക്ക് തിരഞ്ഞെടുത്തിരുന്നു. ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്റ് ടെക്നോളജിയിലെ വിദ്യാര്‍ത്ഥിയായ ആദിത്യ പലിവാലിനെ ആണ് അന്ന് ഗൂഗിള്‍ തിരഞ്ഞെടുത്തത്. 1.2 കോടി രൂപ തന്നെയായിരുന്നു അദ്ദേഹത്തിന്റെ പ്രതിവര്‍ഷ ശമ്പളം.
മുംബൈ സ്വദേശിയായ ആദിത്യയെ പരീക്ഷയിലൂടേയും അഭിമുഖത്തിലൂടെയുമാണ് തിരഞ്ഞെടുത്തത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടെക്നോളജിയില്‍ 6,000ത്തില്‍ അധികം മത്സരാര്‍ത്ഥികള്‍ക്കായാണ് ഗൂഗിള്‍ പരീക്ഷ നടത്തിയതെന്ന് ആദിത്യ പറഞ്ഞു. ഇതില്‍ നിന്ന് 50 പേരെ തിരഞ്ഞെടുക്കുകയായിരുന്നു. കംപ്യൂട്ടര്‍ ഭാഷാ കോഡിങ്ങില്‍ പരിജ്ഞാനമുളളവര്‍ പങ്കെടുത്ത എസിഎം ഐസിപിസി പരീക്ഷയിലെ അവസാന റൗണ്ടിലെ മത്സരാര്‍ത്ഥികളില്‍ ആദിത്യയും ഉണ്ടായിരുന്നു. ഈ വര്‍ഷം 111 രാജ്യങ്ങളിലെ 3098 സര്‍വ്വകലാശകളില്‍ നിന്നായി 50,000ത്തോളം മത്സരാര്‍ത്ഥികളാണ് പരീക്ഷയില്‍ പങ്കെടുത്തത്.