മുംബൈ: ഐഐടി ബോംബൈയിലെ വിദ്യാർഥി ദർശൻ സോളങ്കി ജാതിവിവേചനം നേരിട്ടുവെന്നതിന് തെളിവില്ലെന്നും അക്കാദമിക് പ്രകടനം മോശമായതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും അന്വേഷണ കമ്മിറ്റി റിപ്പോർട്ട്. ഫെബ്രുവരി 12 നാണ് അഹമ്മദാബാദിൽനിന്നുള്ള ആദ്യ വർഷ കെമിക്കൽ എൻജിനീയറിങ് വിദ്യാർഥിയായ സോളങ്കി സെമസ്റ്റർ പരീക്ഷ കഴിഞ്ഞതിന്റെ പിറ്റേ ദിവസം ആത്മഹത്യ ചെയ്തത്. ക്യാംപസിൽ സോളങ്കി ജാതി വിവേചനം നേരിട്ടിരുന്നതായും ആത്മഹത്യയ്ക്കു കാരണം ഇതാണെന്നും കുടുംബം ആരോപിച്ചിരുന്നു. തുടർന്നാണ് സോളങ്കിയുടെ ആത്മഹത്യയെക്കുറിച്ച് അന്വേഷിക്കാൻ ഐഐടി ബോംബൈ അന്വേഷണ കമ്മിറ്റിയെ നിയോഗിച്ചത്.
കെമിസ്ട്രി വിഭാഗത്തിലെ പ്രൊഫസർ നന്ദ് കിഷോറിന്റെ നേതൃത്വത്തിൽ 12 അംഗ സമിതിയെയാണ് മരണ കാരണത്തെക്കുറിച്ച് അന്വേഷിക്കാൻ ഐഐടി ബോംബെ രൂപീകരിച്ചത്. മാർച്ച് രണ്ടിന് കമ്മിറ്റി ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചതായും അതിന്റെ പകർപ്പ് കേന്ദ്ര സർക്കാരിനും കൈമാറിയതായും ഇന്ത്യൻ എക്സ്പ്രസിന് വിവരം ലഭിച്ചു. ഐഐടി ബോംബെയിലെ ചില വിദ്യാർഥികൾ അഭിമുഖീകരിക്കുന്ന ജാതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ താനും നേരിട്ടതായി സഹോദരൻ തന്നോട് പറഞ്ഞതായി സോളങ്കിയുടെ സഹോദരി മാത്രമാണ് പറഞ്ഞതെന്ന് അന്വേഷണ സമിതി റിപ്പോർട്ടിലുള്ളതായി ദി ഇന്ത്യൻ എക്സ്പ്രസിനു വിവരം ലഭിച്ചു.
അംബേദ്കർ പെരിയാർ ഫൂലെ സ്റ്റഡി സർക്കിളിലെയും അംബേദ്കറൈറ്റ് സ്റ്റുഡന്റ്സ് കളക്ടീവിലെയും അംഗങ്ങളും ക്യാംപസിലെ ജാതി വിവേചനത്തിന്റെ ഉദാഹരണങ്ങൾ കമ്മിറ്റിക്ക് മുമ്പാകെ പറഞ്ഞതായി റിപ്പോർട്ട് പറയുന്നു. എന്നാൽ അവരാരും ദർശൻ സോളങ്കിയെ കണ്ടിട്ടില്ല അല്ലെങ്കിൽ വ്യക്തിപരമായി എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങൾ സോളങ്കി നേരിട്ടതായി അറിയില്ല. ”അതിനാൽ, സോളങ്കിയുടെ സഹോദരിയുടെ വാക്കുകളല്ലാതെ, ഐഐടി ബോംബൈയിൽ സോളങ്കി ജാതിവിവേചനം നേരിട്ടുവെന്നതിനുള്ള യാതൊരു തെളിവുകളുമില്ല,” ഇടക്കാല റിപ്പോർട്ട് പറയുന്നു.
ജാതി വിവേചനം ഒരു കാരണമായി തള്ളിക്കളഞ്ഞ കമ്മിറ്റി, റിപ്പോർട്ടിൽ സോളങ്കിയുടെ അക്കാദമിക് പ്രകടനത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ഒരു വിഷയത്തിൽ ഒഴികെ മറ്റെല്ലാത്തിലും സോളങ്കിയുടെ വളരെ പ്രകടനം മോശമായിരുന്നു. അധ്യാപകർ പഠിപ്പിക്കുന്നത് മനസിലാക്കാൻ സോളങ്കിക്ക് ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. അങ്ങനെ ക്ലാസുകൾ ഒഴിവാക്കാൻ തുടങ്ങി. അക്കാദമിക് പ്രകടനം മോശമാകുന്നതിന്റെ നിരാശ സോളങ്കിയെ ബാധിച്ചിരിക്കാമെന്നും ആത്മഹത്യയ്ക്ക് ഇതൊരു കാരണമാകാമെന്നും റിപ്പോർട്ടിൽ പറയുന്നു.
ഫെബ്രുവരി 12 ന് ഉച്ചയ്ക്ക് ശേഷം സോളങ്കി തന്റെ സുഹൃത്തുക്കൾക്കൊപ്പം ഷോപ്പിങ്ങിന് പോകാൻ പദ്ധതിയിട്ടിരുന്നുവെന്നും അവന്റെ അക്കൗണ്ടിലേക്ക് പിതാവ് കുറച്ച് പണം ട്രാൻസ്ഫർ ചെയ്തുവെന്നും കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നു. ”കുടുംബത്തെ ഫോണിൽ വിളിച്ചതിന് ശേഷവും അതിനു മുമ്പും എന്താണ് സംഭവിച്ചതെന്ന് സമിതിക്ക് വിവരമില്ല. കോൾ വിശദാംശങ്ങളും ഫോണിന്റെയോ ലാപ്‌ടോപ്പിന്റെയോ ഫോറൻസിക് വിശകലനവും ദർശന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടും ഇല്ലാത്ത സാഹചര്യത്തിൽ, ആത്മഹത്യയിലേക്കെത്താൻ പ്രേരിപ്പിച്ചതെന്താണെന്ന അന്തിമ നിഗമനത്തിലെത്താൻ സമിതിക്ക് ഇപ്പോൾ കഴിയുന്നില്ല.”