ന്യൂഡൽഹി: മഹാത്മാ ഗാന്ധിയെ പാകിസ്താന്റെ രാഷ്ട്രപിതാവെന്ന് വിളിച്ചതിന്റെ പേരിൽ ബിജെപി സസ്പെൻഡ് ചെയ്ത അനിൽ കുമാർ സൗമിത്രയെ ഇന്ത്യൻ ഇൻസ്റ്റിറ്റ‌്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന്റെ (ഐഐഎംസി) പ്രൊഫസറായി നിയമിച്ച് കേന്ദ്രസര്‍ക്കാര്‍.

മഹാത്മാഗാന്ധിക്കെതിരായ പരാമർശത്തെത്തുടർന്ന് 2019 മെയ് മാസത്തിലാണ് സൗമിത്രയെ ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തത്. സൗമിത്രയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ പാർട്ടിയുടെ ധാർമ്മികതയ്ക്കും ആശയങ്ങൾക്കും തത്വങ്ങൾക്കും വിരുദ്ധമാണെന്നും പ്രതിച്ഛായയെ ബാധിച്ചതായും ബിജെപി പറഞ്ഞു.

“മഹാത്മാ ഗാന്ധി രാഷ്ട്രപിതാവായിരുന്നു. പക്ഷെ പാക്കിസ്ഥാന്റേതായിരുന്നു എന്ന് മാത്രം. രാജ്യത്തിന് കോടിക്കണക്കിന് പുത്രന്‍മാരുണ്ട്. അതില്‍ ചിലര്‍ ശ്രേഷ്ഠന്‍മാരായിരിക്കും. അല്ലാത്തവരുമുണ്ട്,” എന്നായിരുന്നു സൗമിത്ര ഫെയ്സ്ബുക്കിൽ കുറിച്ചത്.

Read More: ‘പുൽവാമ’യിൽ രാഷ്ട്രീയം കളിക്കുന്നവരെ രാജ്യം മറക്കില്ല: നരേന്ദ്ര മോദി

പാർട്ടിയുമായി ബന്ധപ്പെട്ട തസ്തികയിൽ നിന്ന് രണ്ടാം തവണയാണ് സൗമിത്രയെ നീക്കം ചെയ്തത്. 2013 ൽ മധ്യപ്രദേശിലെ ബിജെപിയുടെ മുഖപത്രമായ ചരൈവേതിയുടെ പത്രാധിപരായിരുന്നു. കത്തോലിക്കാസഭയിലെ കന്യാസ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നാരോപിച്ച് മാഗസിൻ ‘പള്ളി എന്ന നരകത്തിലാണ് കന്യാസ്ത്രീകളുടെ ജീവൻ’ എന്ന ലേഖനം പ്രസിദ്ധീകരിച്ചതിനെത്തുടർന്നാണ് അദ്ദേഹത്തെ പുറത്താക്കിയത്.

അന്ന് ഇൻഡോറിൽ നിന്ന് എംപിയും പണ്ഡിറ്റ് ദീൻദയാൽ വിചാർ പ്രകാശൻ പ്രസിഡന്റുമായിരുന്ന സുമിത്ര മഹാജന് അയച്ച കത്തിൽ സൗമിത്ര എഴുതി, “എന്നെ ഒരു കുറ്റവാളിയെപ്പോലെയാണ് പരിഗണിച്ചിരുന്നത്. എന്റെ ആർ‌എസ്‌എസ് പശ്ചാത്തലവും പ്രത്യയശാസ്ത്രപരമായ പ്രതിബദ്ധതയും കാരണം എന്നെ എഡിറ്ററായി തിരഞ്ഞെടുത്തു ”. ആർ‌എസ്‌എസ് നേതാക്കളായ മോഹൻ ഭഗവത്, സുരേഷ് ജോഷി, സുരേഷ് സോണി, ബിജെപി നേതാക്കൾ രാജ്‌നാഥ് സിംഗ്, എൽ കെ അദ്വാനി, മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൌഹാൻ ഉൾപ്പെടെയുള്ള സംസ്ഥാന നേതാക്കൾക്കും കത്തിന്റെ പകർപ്പ് നൽകി.

അറുപതോളം പേരെ അഭിമുഖം നടത്തിയതില്‍ നിന്നാണ് സൗമിത്രയെ പ്രൊഫസറായി തെരഞ്ഞെടുത്തിരിക്കുന്നത്. ഒക്‌ടോബര്‍ 20ന് ഐഐഎംസി അദ്ദേഹത്തിന് ഓഫര്‍ ലെറ്റര്‍ കൈമാറി. സെപ്റ്റംബര്‍ ആദ്യവാരമായിരുന്നു അഭിമുഖം. അതേസമയം, നിയമനത്തെ കുറിച്ച് പ്രതികരിക്കാന്‍ സൗമിത്ര തയാറായിട്ടില്ല. ഇക്കാര്യത്തില്‍ ഒന്നും പറയാനില്ലെന്നായിരുന്നു ഐഐഎംസി ഡയരക്ടറുടെ പ്രതികരണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook