അഹമ്മദാബാദ്: അഹമ്മദാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജി അദ്ധ്യാപകനായെത്തുന്നു. ഇതിനായി അഹമ്മദാബാദ് ഐഐഎമ്മിലെ ജെഎസ്‌ഡബ്ല്യു സ്കൂൾ ഓഫ് പബ്ലിക് പോളിസിയിൽ പുതിയ പാഠഭാഗം ഏർപ്പെടുത്തി.
സമഗ്ര വികസനത്തെ (ഉൾക്കൊളളൽ വികസനം) വിശാലമായ കാഴ്ചപ്പാടിൽ സമീപിക്കുന്നതും ഇന്ത്യയിലെ പാർലമെന്ററി ജനാധിപത്യവുമാണ് വിഷയം. പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാം ഇൻ മാനേജ്മെന്റ്, ഫുഡ് ആന്റ് അഗ്രി-ബിസിനസ് മാനേജ്മെന്റ്, പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാം ഇൻ മാനേജ്മെന്റ് എക്സിക്യുട്ടീവ് എന്നീ കോഴ്സുകൾ പഠിക്കുന്നവർക്കാണ് പ്രണബ് മുഖർജി ക്ലാസെടുക്കുക. പബ്ലിക് പോളിസി ഫോർ ഇൻക്ലുസീവ് ഡെവലപ്മെന്റ് ഇൻ ഇന്ത്യ എന്നാണ് പുതിയ പാഠഭാഗത്തിന്റെ പേര്.
ആകെയുളള 22 സെഷനുകളിൽ 12 എണ്ണത്തിൽ പ്രണബ് മുഖർജി അദ്ധ്യാപകനായുണ്ടാവും. സമഗ്ര വികസനവുമായി ബന്ധപ്പെട്ട് മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജിയുടെ പരിചയസമ്പത്ത് അടിസ്ഥാനമാക്കിയാണ് തീരുമാനം. രാജ്യത്ത് ഇക്കാര്യങ്ങൾ പറഞ്ഞുകൊടുക്കാൻ പ്രണബ് കുമാർ മുഖർജിയെക്കാൾ പരിചയസമ്പത്തുളള മറ്റൊരാളില്ലെന്നതാണ് ഈ തീരുമാനത്തിന് പ്രേരകമായത്.
പ്രണബ് മുഖർജി പങ്കെടുക്കുന്ന സെഷനുകളിൽ വിദ്യാർത്ഥികൾ ഈ വിഷയത്തെ അടിസ്ഥാനമാക്കിയുളള പ്രബന്ധങ്ങൾ അവതരിപ്പിക്കും. സമഗ്ര വികസനത്തിന്റെ രാഷ്ട്രീയവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും മനസിലാക്കാൻ ഇതിലൂടെ വിദ്യാർത്ഥികൾക്ക് സാധിക്കുമെന്നാണ് ഐഐഎം അഹമ്മദാബാദിലെ പ്രൊഫ.വിജയ് ഷറ ചന്ദ് ഇതേക്കുറിച്ച് പ്രതികരിച്ചത്.