ന്യൂഡൽഹി: ഇന്ത്യയിലെ പഠനങ്ങളിൽ മലേറിയ വിരുദ്ധ മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിൻ (എച്ച്സിക്യു) ഉപയോഗത്തിൽ കാര്യമായ പാർശ്വഫലങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും കർശനമായ മെഡിക്കൽ മേൽനോട്ടത്തിൽ കോവിഡ്-19 നുള്ള പ്രതിരോധ ചികിത്സയിൽ ഇതിന്റെ ഉപയോഗം തുടരാമെന്നും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) ചൊവ്വാഴ്ച പറഞ്ഞു.

ഹൈഡ്രോക്സിക്ലോറോക്വിന്റെ ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് താത്കാലിക വിലക്കേർപ്പെടുത്തിക്കൊണ്ടുള്ള ലോകാരോഗ്യ സംഘടനയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഐസിഎംആർ ഇക്കാര്യം വ്യക്തമാക്കിയത്.

“കോവിഡ് വ്യാപനം അനുദിനം വർധിക്കുകയാണ്. ഏതുമരുന്നാണ് ഫലപ്രദമെന്നും അല്ലാത്തതെന്നും ഇപ്പോൾ നമുക്ക് അറിയില്ല. രോഗനിർണയത്തിനായും ചിക്തിസയ്ക്കായും നിരവധി മരുന്നുകളാണ് പുനർനിർമ്മിക്കുന്നത്,” ഐസിഎംആർ മേധാവി ഡോ.ബൽറാം ഭാർഗവ പറഞ്ഞു.

രാജ്യത്ത് കോവിഡ് പരിശോധനയില്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി വലിയ തോതില്‍ മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചുവെന്നും ബല്‍റാം ഭാര്‍ഗവ പറഞ്ഞു. പ്രതിദിനം 1.1 ലക്ഷം സാംപിളുകളാണ് പരിശോധിക്കുന്നത്. 612 പരിശോധനാലാബുകള്‍ രാജ്യത്തുണ്ട്. ഇതില്‍ 430 എണ്ണം സര്‍ക്കാര്‍ ലാബുകളാണെന്നും അദ്ദേഹം വ്യക്തമാക്കി.

Read More: ഹൈഡ്രോക്‌സിക്ലോറോക്വിന്റെ ക്ലിനിക്കല്‍ പരീക്ഷണത്തിന് താല്‍ക്കാലിക വിലക്ക്

ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഉപയോഗിക്കുന്നത് നിരീക്ഷിച്ചതില്‍ ചെറിയതോതില്‍ ഓക്കാനം, ഛര്‍ദി, നെഞ്ചിടിപ്പ് കൂടല്‍ തുടങ്ങിയ അസ്വസ്ഥതകള്‍ അല്ലാതെ വലിയ പാര്‍ശ്വഫലങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല, ഫലം ലഭിക്കുന്നതിനാല്‍ ഈ മരുന്ന് ഉപയോഗിക്കുന്നത് തുടരാനാണ് ഐസിഎംആര്‍ നല്‍കിയ നിര്‍ദേശം.

വെറും വയറ്റിൽ മരുന്ന് കഴിക്കരുതെന്നും ഭക്ഷണത്തോടൊപ്പമേ ഉപയോഗിക്കാവൂ എന്നും കൃത്യമായ നിർദേശം നൽകിയിട്ടുള്ളതായും അദ്ദേഹം പറഞ്ഞു.

എയിംസ്, ഐസിഎംആര്‍ കഴിഞ്ഞ ആറാഴ്ച നടത്തിയ പഠനങ്ങളെ തുടര്‍ന്നാണ് ഈ നിര്‍ദേശം നല്‍കിയത്. ഹൈഡ്രോക്‌സിക്ലോറോക്വിന്‍ മലേറിയ ചികിത്സിക്കാന്‍ ഉപയോഗിക്കുന്ന മരുന്നാണ്. അതില്‍ അടങ്ങിയിരിക്കുന്ന ആന്റി വൈറല്‍ ഘടകങ്ങള്‍ കോവിഡിന് ഫലപ്രദമാണെന്നതിനാല്‍ പരീക്ഷണാടിസ്ഥാനത്തിലാണ് ഇത് ഉപയോഗിക്കുന്നത്. ഐസിഎംആറിന്റെ മേല്‍നോട്ടത്തിലാണ് ഇത് നടക്കുന്നത്.

കോവിഡ് ചികിത്സക്കായി ആന്റി മേലറിയ മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിന്റെ ക്ലിനിക്കല്‍ പരീക്ഷണം ഡബ്ല്യുഎച്ച്ഒ താത്കാലികമായി റദ്ദാക്കിയിരുന്നു. സുരക്ഷാ ആശങ്കയെ തുടര്‍ന്ന് മുന്‍കരുതല്‍ നടപടിയുടെ ഭാഗമായിട്ടാണ് പരീക്ഷണം റദ്ദാക്കിയത്.

മരുന്നിന്റെ ഉപയോഗം മരണസാധ്യത വര്‍ധിപ്പിക്കുന്നതായുള്ള ലാന്‍സെറ്റ് പഠനം കഴിഞ്ഞയാഴ്ച പുറത്തുവന്നിരുന്നു. ഇത് കൂടി പരിഗണിച്ചാണ് ഡബ്ല്യുഎച്ച്ഒ ഇത്തരമൊരു മുന്‍കരുതല്‍ സ്വീകരിച്ചതെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മുന്‍കരുതല്‍ നടപടിയെന്നോണം കോവിഡ് രോഗികള്‍ക്ക് ഹൈഡ്രോക്‌സിക്ലോറോക്വിന്‍ നല്‍കിയുള്ള പരീക്ഷണങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്ന് ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അഥനം ഗബ്രിയേസിസ് അറിയിച്ചിരുന്നു. മലേറിയ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കോവിഡിനെതിരായ അത്ഭുത മരുന്നായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വിശേഷിപ്പിച്ചതോടെ ലോകമാകെ അതേറ്റുപിടിക്കുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook