ന്യൂഡല്‍ഹി: ബാങ്ക് വിളിക്കാന്‍ നേരമായതോടെ അങ്കിത് സക്സേനയുടെ കൂട്ടുകാരില്‍ ഒരാളുടെ ശബ്ദം ഉയര്‍ന്നു, ‘എല്ലാവരും ഇരുന്നോളു. ഗുരുജിക്കൊപ്പം പ്രാര്‍ത്ഥിച്ച് പ്രസാദം കഴിച്ചിട്ടെ എല്ലാവരും പോകാവു’. എല്ലാ അതിഥികളും നിലത്ത് വിരിച്ച പച്ച വിരിപ്പില്‍ വന്നിരുന്നു. അയല്‍ക്കാര്‍ ആകാംക്ഷയോടെ നോമ്പു തുറക്കാനിരുന്ന കൂട്ടത്തിലേക്ക് ജനല്‍പാളികളികളിലൂടെ നോട്ടമെറിഞ്ഞു.

ഡല്‍ഹിയിലെ രഘുഭീര്‍ നഗറിലെ വീട്ടില്‍ അങ്കിത് സക്സേനയുടെ പുഞ്ചിരിച്ചു നില്‍ക്കുന്ന ചിത്രമാണ് അതിഥികളെ ആദ്യം അകത്തേക്ക് ക്ഷണിക്കുന്നത്. ഒറ്റമുറി വീട്ടിലെത്തിയ അതിഥികളെ അങ്കിത് സക്സേനയുടെ പിതാവ് യശ്പാല്‍ സക്സേനയാണ് ക്ഷണിച്ചിരുത്തിയത്. കാമുകിയുടെ വീട്ടുകാര്‍ കുത്തി കൊലപ്പെടുത്തിയ 23കാരനായ ഫോട്ടോഗ്രാഫര്‍ അങ്കിതിന്റെ പിതാവും സുഹൃത്തുക്കളും ചേര്‍ന്നാണ് ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചത്.

സാമൂഹ്യപ്രവര്‍ത്തകരായ ഹര്‍ഷ് മന്ദര്‍, അഞ്ജലി ഭരദ്വാജ്, ഡോ. കഫീല്‍ ഖാന്‍, നിരവധി സന്നദ്ധ സംഘടനയുടെ പ്രവര്‍ത്തകര്‍, അങ്കിതിന്റെ സുഹൃത്തുക്കള്‍, അയല്‍ക്കാര്‍ എന്നിവരൊക്കെ നോമ്പ് തുറയില്‍ പങ്കെടുക്കാനെത്തി. ഇഫ്താര്‍ സംഗമം വെച്ചതിന് പിന്നിലെ കാരണം എന്താണെന്നതിന് യശ്പാല്‍ പ്രതികരിച്ചു, ‘ഞാനൊരു തകര്‍ന്ന മനുഷ്യനാണ്. വലിയ സന്ദേശമൊന്നും സമൂഹത്തിന് നല്‍കാന്‍ ഞാനാളല്ല. ജനങ്ങള്‍, പ്രത്യേകിച്ച യുവാക്കള്‍ കാര്യങ്ങളെ വളരെ കോപത്തോടെ കാണുന്ന കാലമാണിത്. ഇതേ കോപത്തിന്റെ ഇരയാണ് എന്റെ മകന്‍. സമാധാനമാണ് എനിക്ക് വേണ്ടത്’, യശ്പാല്‍ സക്സേന പറഞ്ഞു.

അയല്‍ക്കാരനായ അസ്ഹറാണ് നോമ്പുതുറ വെക്കാമെന്ന പദ്ധതി ആദ്യോ മുന്നോട്ട് വെച്ചതെന്ന് അങ്കിതിന്റെ സുഹൃത്ത് അങ്കിത് റാവു പറഞ്ഞു. തുടര്‍ന്നാണ് ഇഫ്താറിന് എല്ലാവരും സഹകരിക്കാമെന്ന് അറിയിച്ചത്. ഖ്യാല പൊലീസ് സ്റ്റേഷനില്‍ നിന്നെത്തിയ പൊലീസുകാര്‍ ഇഫ്താര്‍ സംഗമം വീഡിയോയില്‍ പകര്‍ത്തി. ബിഹാറില്‍ നിന്നുളള അസ്ഹറും മുഹമ്മദ് ഇമ്രാന്‍ ഹുസൈനും ഇഫ്താറിന്റെ ഭാഗമായി. ‘ഞങ്ങളുടെ സഹോദരങ്ങള്‍ ഈ കോളനിയില്‍ താമസിക്കുന്നുണ്ട്. ഡല്‍ഹി സന്ദര്‍ശിക്കാന്‍ വന്നതാണ്. പല മുറിവുകളേയും ഉണക്കാന്‍ ഈ പ്രവൃത്തി സഹായിക്കും’, അസ്ഹര്‍ പറഞ്ഞു.

എല്ലാ അയല്‍ക്കാരേയും നോമ്പുതുറയ്ക്ക് ക്ഷണിച്ചിരുന്നെങ്കിലും പലരും വന്നില്ലെന്ന് അങ്കിതിന്റെ സുഹൃത്തുക്കള്‍ പറഞ്ഞു. ഡല്‍ഹി സര്‍ക്കാരും മറ്റുളളവരും അങ്കിതിന്റെ കുടുംബത്തിന് സഹായധനം പ്രഖ്യാപിച്ചിരുന്നെങ്കിലും നയാപൈസ പോലും ഇവര്‍ക്ക് കിട്ടിയിട്ടില്ലെന്നും ഇവര്‍ പറഞ്ഞു. അങ്കിതിനെ കുറിച്ച് ചോദിച്ചപ്പോള്‍ വളരെ ശാന്തനായാണ് ഹൃദ്യോഗി കൂടിയായ യശ്പാല്‍ പ്രതികരിച്ചത്, ‘എല്ലാം ഞാന്‍ മറന്നു. വെറുപ്പിന്റെയല്ല, സ്നേഹത്തിന്റെ സന്ദേശമാണ് അങ്കിത് നല്‍കിയതെന്ന് എനിക്കും ഉറപ്പ് പറയണം’. യശ്പാല്‍ സ്ക്സേനയും അങ്കിതിന്റെ സുഹൃത്തുക്കളും നടത്തിയ ഇഫ്താര്‍ സംഗമം സമാധാനസന്ദേശമാണ് നല്‍കുന്നതെന്ന് സോഷ്യല്‍മീഡിയയില്‍ അഭിപ്രായം ഉയര്‍ന്നു. അങ്കിതിനെ ഓര്‍ത്ത് അഭിമാനം കൊളളുന്നതായി എഴുത്തുകാരി തസ്ലിമ നസ്രിന്‍ ട്വീറ്റ് ചെയ്തു.

പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഖ്യാല പ്രദേശത്ത് ഫെബ്രുവരി 1ന് രാത്രിയാണ് അങ്കിത് കൊല്ലപ്പെട്ടത്. കഴിഞ്ഞ മൂന്നു വര്‍ഷമായി വീടിനടുത്തുള്ള ഇരുപതുകാരിയുമായി അങ്കിത് പ്രണയത്തിലായിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ബന്ധത്തെ എതിര്‍ത്തിര്‍ത്തിരുന്നു. രാത്രി വീട്ടിലേക്ക് പോവുകയായിരുന്ന അങ്കിതിനെ പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും അമ്മാവനും കൂടിച്ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. പെണ്‍കുട്ടി അങ്കിതിനെ കാണാനായി പുറപ്പെട്ട സമയത്താണ് ബന്ധുക്കള്‍ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook