ന്യൂഡല്‍ഹി: ഇഫ്താര്‍ വിരുന്ന് പോലെ എന്തുകൊണ്ട് ഹിന്ദു ഉത്സവമായ നവരാത്രി ആഘോഷിക്കുന്നില്ല എന്ന ചോദ്യം ഉന്നയിച്ച കേന്ദ്രമന്ത്രിയും ബിഹാറില്‍ നിന്നുള്ള ബിജെപി എംപിയുമായ ഗിരിരാജ് സിങിന് അമിത് ഷായുടെ താക്കീത്. ഇഫ്താര്‍ പോലെ എന്തുകൊണ്ട് നവരാത്രി ആഘോഷിക്കുന്നില്ല എന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനോടാണ് സോഷ്യല്‍ മീഡിയയിലൂടെ ഗിരിരാജ് സിങ് ചോദിച്ചത്. പ്രകോപനപരമായ പരാമര്‍ശത്തില്‍ ഗിരിരാജ് സിങിനെ വിളിച്ചുവരുത്തിയാണ് അമിത് ഷാ വിമര്‍ശിച്ചത്. ഇത്തരം പ്രസ്താവനകളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കണമെന്ന് അമിത് ഷാ ഗിരിരാജ് സിങിന് നിര്‍ദേശം നല്‍കി. വാര്‍ത്തകളില്‍ വരാന്‍ വേണ്ടിയാണ് ഗിരിരാജ് സിങ് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതെന്ന് എന്‍ഡിഎയിലെ സഖ്യകക്ഷിയും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറും പ്രതികരിച്ചു.
Read More: Desist from making controversial remarks, Amit Shah tells Giriraj Singh after Iftar tweet sparks row
എല്‍ജെപി പാര്‍ട്ടി നേതാവും കേന്ദ്രമന്ത്രിയുമായ രാം വിലാസ് പാസ്വാന്‍ ബിഹാറിൽ ഒരുക്കിയ ഇഫ്താര്‍ വിരുന്നിനെതിരെയാണ് ഗിരിരാജ് സിങ് വര്‍ഗീയ പരാമര്‍ശം നടത്തിയത്. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദിയും ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തിരുന്നു. എന്തുകൊണ്ട് ഇത്തരം ആഘോഷ പരിപാടികള്‍ ഹിന്ദു ഉത്സവമായ നവരാത്രിക്ക് നടത്തുന്നില്ല എന്ന് ഗിരിരാജ് സിങ് ചോദിച്ചു. നമ്മുടെ മതത്തിന്റെ ഉത്സവങ്ങള്‍ നടത്തുന്നതില്‍ എന്തുകൊണ്ട് നമ്മള്‍ കുറവ് വരുത്തുന്നു എന്നും ഗിരിരാജ് സിങ് ചോദിച്ചു.
कितनी खूबसूरत तस्वीर होती जब इतनी ही चाहत से नवरात्रि पे फलाहार का आयोजन करते और सुंदर सुदंर फ़ोटो आते??…अपने कर्म धर्म मे हम पिछड़ क्यों जाते और दिखावा में आगे रहते है??? pic.twitter.com/dy7s1UgBgy
— Shandilya Giriraj Singh (@girirajsinghbjp) June 4, 2019
തിങ്കളാഴ്ചയാണ് രാം വിലാസ് പസ്വാന്‍ ഇഫ്താര്‍ വിരുന്ന് നല്‍കിയത്. ബിഹാറിലെ മുഖ്യമന്ത്രി നിതീഷ് കുമാറിന് പുറമേ മറ്റ് ജെഡിയു നേതാക്കളും വിരുന്നില്‍ പങ്കെടുത്തിരുന്നു. എന്‍ഡിഎ സഖ്യത്തിലുള്ള ജെഡിയു ബിജെപിയുമായി അസ്വാരസ്യത്തിലാണ്. ഇതിനിടയിലാണ് ബിജെപി കേന്ദ്രമന്ത്രി ഗിരിരാജ് സിങ് ഇത്തരം പരാമര്‍ശവുമായി രംഗത്തെത്തിയിരിക്കുന്നത്.
Read More: ഇഫ്താര്‍ വിരുന്നൊരുക്കിയതില്‍ നീരസം; എന്തുകൊണ്ട് നവരാത്രി ആഘോഷിക്കുന്നില്ലെന്ന് കേന്ദ്രമന്ത്രി
മുസ്ലീങ്ങള്‍ക്കെതിരെ ഇതിന് മുന്‍പും വര്‍ഗീയ പരാമര്‍ശം നടത്തിയ നേതാവാണ് ഗിരിരാജ് സിങ്. തിരഞ്ഞെടുപ്പ് വേളയില്‍ മുസ്ലീം വിരുദ്ധ പരാമര്‍ശം നടത്തിയതിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഗിരിരാജ് സിങിന് താക്കീത് നല്‍കിയിരുന്നു. ബിഹാറിലെ ബഗുസാരായി മണ്ഡലത്തില്‍ നിന്ന് വിജയിച്ച് ലോക്‌സഭയിലെത്തിയ നേതാവാണ് ഗിരിരാജ് സിങ്. സിപിഐ സ്ഥാനാര്‍ഥി കനയ്യ കുമാറിനെയാണ് ഗിരിരാജ് സിങ് പരാജയപ്പെടുത്തിയത്.