ഹൈദരാബാദ്: ബിജെപി പ്രവർത്തകരെ ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഭീഷണിപ്പെടുത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടയാൻ ബിജെപി പ്രവർത്തകർ ശ്രമിച്ചപ്പോഴാണ് ചന്ദ്രബാബു നായിഡു ഭീഷണിപ്പെടുത്തിയത്.

കാക്കിനാഡയിലെ ജവഹർലാൽ നെഹ്റു സാങ്കേതിക സർവ്വകലാശാലയ്ക്ക് മുന്നിൽ ഉച്ചയോടെയാണ് സംഭവം അരങ്ങേറിയത്. ഈസ്റ്റ് ഗോദാവരി ജില്ലയിൽ പൊതുപരിപാടിയിൽ പങ്കെടുക്കാനായിരുന്നു മുഖ്യമന്ത്രി പോയത്. ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി റോഡിൽ കയറി യാത്ര തടസപ്പെടുത്തി. മുഖ്യമന്ത്രി താൻ സഞ്ചരിച്ചിരുന്ന വാഹനത്തിൽ നിന്ന് പുറത്തിറങ്ങി വന്ന പ്രതിഷേധക്കാരോട് സംസാരിക്കുകയായിരുന്നു.

ഭീഷണി സ്വരത്തിൽ ചന്ദ്രബാബു നായിഡു പറഞ്ഞതിങ്ങനെ. “എന്താണ് നിങ്ങൾക്ക് വേണ്ടത്? എന്തുകൊണ്ടാണ് ഇങ്ങിനെ നിങ്ങൾ പെരുമാറുന്നത്? ഈ സംസ്ഥാനത്ത് താമസിക്കാൻ നിങ്ങൾക്ക് യാതൊരു അവകാശവുമില്ല. നാണമില്ലേ നിങ്ങൾക്ക്? നിങ്ങളുടെ നേതാവ് പ്രധാനമന്ത്രി നരേന്ദ്ര മോദി എന്താണ് ചെയ്തതെന്ന് ഓർത്ത് ലജ്ജിക്കുകയാണ് വേണ്ടത്. എന്നോട് കളിക്കാൻ വന്നാൽ നിന്നെയൊക്കെ തീർത്ത് കളയും. ഈ സംസ്ഥാനത്തിന് വേണ്ടി എന്താണ് മോദി ചെയ്തത്?” രോഷത്തോടെ നായിഡു ചോദിച്ചു.

മുഖ്യമന്ത്രിയോട് പ്രതിഷേധിക്കാരിലൊരാൾ സംസാരിക്കാനായി ശ്രമിച്ചപ്പോൾ, അദ്ദേഹം ഇതനുവദിക്കാതെ തുടർന്ന് സംസാരിച്ചു. “പുറത്തുപോയി ജനങ്ങളോട് നിങ്ങളിത് പറഞ്ഞാൽ അവർ നിങ്ങളെ വെറുതെ വിടുമെന്ന് കരുതരുത്. ഇന്നലെയും ഒരു ലാത്തിച്ചാർജ്ജ് നടന്നെന്ന് ഓർക്കണം. അയാൾ ഈ സംസ്ഥാനം നശിപ്പിച്ചു. ഈ സംസ്ഥാനത്തോട് എന്തെങ്കിലും ആത്മാർത്ഥത നിങ്ങൾക്കുണ്ടോ?” നായിഡു ചോദിച്ചു.

ഡൽഹിയിൽ ഇടതുപാർട്ടികളും പവൻ കല്യാൺ ജന സേനയുടെ വിദ്യാർത്ഥി സംഘടനയും ആന്ധ്രയുടെ പ്രത്യേക പദവിയെന്ന ആവശ്യത്തിന് വേണ്ടി നടത്തിയ സമരം ലാത്തിച്ചാർജ്ജിൽ കലാശിച്ചതിനെയാണ് ചന്ദ്രബാബു നായിഡു പരാമർശിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook