ലക്‌നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവർക്കെതിരെ വീണ്ടും യോഗി ആദിത്യനാഥ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നതിനിടെ കൊല്ലപ്പെട്ടവർ പൊലീസ് വെടിവയ്‌പ്പിൽ അല്ല മരിച്ചതെന്ന് യോഗി പറഞ്ഞു. കലാപകാരികളുടെ (പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെ ഉദ്ദേശിച്ച്) വെടിയേറ്റാണ് അവരെല്ലാം മരിച്ചതെന്നും യോഗി പറഞ്ഞു.

ഒരാൾ മരിക്കണമെന്ന് വിചാരിച്ച് തുനിഞ്ഞിറങ്ങിയാൽ പിന്നെ എങ്ങനെയാണ് ജീവിച്ചിരിക്കുക എന്നും യോഗി ആദിത്യനാഥ് പരിഹസിച്ചു. യുപി നിയമസഭയിലാണ് മുഖ്യമന്ത്രിയുടെ വിവാദ പ്രസ്‌താവന. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടക്കുന്നതിനിടെ യുപിയിൽ മാത്രം കൊല്ലപ്പെട്ടത് 22 പേരാണ്.

Read Also: കലങ്ങിയില്ലെന്ന് സഞ്ജു; നല്ലോണം കലക്കി ഒരു ഗ്ലാസ് കൂടി തരട്ടെ എന്ന് അമ്മ, വീഡിയോ വെെറൽ

ലക്‌നൗ, കാണ്‍പൂര്‍, പ്രയാഗ്‌രാജ് എന്നിവിടങ്ങളിലാണ് വന്‍ പ്രതിഷേധം നടക്കുന്നത്. സ്വാതന്ത്ര്യം എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് സമരക്കാര്‍ രംഗത്തുവരുന്നത്. ജിന്നയുടെ സ്വപ്‌നം സാക്ഷാത്ക്കരിക്കാനാണോ അതോ ഗാന്ധിയുടെ സ്വപ്‌നം നടപ്പാക്കാനാണോ നാം പ്രവര്‍ത്തിക്കേണ്ടതെന്ന് യോഗി ചോദിച്ചു.

ഡിസംബറിലെ അക്രമം അടിച്ചമര്‍ത്തിയ പോലിസിനെ അഭിനന്ദിക്കണം. സംസ്ഥാനത്ത് എവിടെയും കലാപം നടന്നില്ലെന്നും യോഗി നിയമസഭയിൽ പറഞ്ഞു. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഒരിക്കലും സമരക്കാര്‍ക്ക് എതിരല്ല. എന്നാൽ, കലാപം നടത്തുന്നവർക്കെതിരെ നടപടിയെടുക്കും. പ്രതിഷേധങ്ങളുടെ മറവിൽ ആരെങ്കിലും പ്രശ്‌നങ്ങളുണ്ടാക്കാൻ ശ്രമിച്ചാൽ കടുത്ത ഭാഷയിൽ മറുപടി നൽകുമെന്നും യോഗി പറഞ്ഞു. 

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെ സർക്കാർ നോട്ടമിട്ടിട്ടുണ്ടെന്നും അവർ വലിയ വില നൽകേണ്ടി വരുമെന്നും യോഗി നേരത്തെ പറഞ്ഞിരുന്നു.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook