ന്യൂഡൽഹി: ഒരിക്കൽ കോവിഡ് ബാധിച്ചവരിൽ ഭാരത് ബയോടെക്കിന്റെ കോവിഡ് വാക്സിനായ കോവക്സിന്റെ ഒറ്റ ഡോസ് കോവിഡ് വരാത്തവർക്ക് രണ്ട് ഡോസിൽ നിന്നും ലഭിക്കുന്ന പ്രതിരോധ ശേഷി ലഭിക്കുമെന്ന് ഐസിഎംആർ പഠനം. ശനിയാഴ്ച ഇന്ത്യൻ ജേണൽ ഓഫ് മെഡിക്കൽ റിസർച്ചിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഈ കണ്ടെത്തൽ.
“ഞങ്ങളുടെ പ്രാഥമിക കണ്ടെത്തലുകൾ വലിയ ജനസംഖ്യ പഠനത്തിലൂടെ സ്ഥിരീകരിക്കാൻ കഴിയുകയാണെങ്കിൽ, മുൻപ് സാർസ്-കോവ്-2 വൈറസ് ബാധിച്ചവർക്ക് ഒറ്റ ഡോസ് ബിബിവി152 (കോവാക്സിൻ) വാക്സിൻ മതിയെന്ന് ശുപാർശ ചെയ്തേക്കാം ” അതിൽ പറഞ്ഞു.
ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ കോവിഡ് -19 വാക്സിനായ, ബിബിവി 152 എന്ന നാമത്തിൽ അറിയപ്പെടുന്ന കോവാക്സിന് ജനുവരിയിലാണ് അടിയന്തിര ഉപയോഗത്തിനുള്ള സർക്കാർ അംഗീകാരം ലഭിച്ചത്. നാല് മുതൽ ആറ് ആഴ്ച വരെ ഇടവേളയിലാണ് ഇതിന്റെ രണ്ട് ഡോസുകൾ നൽകുന്നത്.
ആരോഗ്യ പ്രവർത്തകരിലും കോവിഡ് മുൻനിര പോരാളികളിലുമാണ് ഈ പഠനം നടത്തിയത്. പഠനത്തിൽ ആന്റിബോഡിയുടെ അളവ് മൂന്ന് ഘട്ടങ്ങളിലായാണ് പരിശോധിക്കപ്പെട്ടത്. വാക്സിനെടുത്ത ദിവസം, ആദ്യ ഡോസ് എടുത്ത് ഒരു മാസത്തിനു ശേഷം, ആദ്യ ഡോസ് കഴിഞ്ഞു രണ്ടാം മാസം എന്നീ ഘട്ടങ്ങളിലാണ് ഇവരിലെ ആന്റിബോഡി അളവുകള്‍ രേഖപ്പെടുത്തിയത്
കോവിഡിന് ശേഷം വാക്സിൻ സ്വീകരിച്ചവരുടെയും ഇതുവരെ രോഗം വരാത്തവരുടെയും സാമ്പിളുകളാണ് ആന്റിബോഡിയുടെ പ്രതികരണം അറിയുന്നതിനായുള്ള പഠനത്തിന് ഉപയോഗിച്ചത്.
പഠനത്തിന്റെ ഭാഗമായി 2021 ഫെബ്രുവരി മുതൽ മെയ് വരെ ചെന്നൈയിലെ വാക്സിനേഷൻ സെന്ററുകളിൽ കോവാക്സിൻ സ്വീകരിച്ച 114 ആരോഗ്യ പ്രവർത്തകരിൽ നിന്നും മുൻനിര പോരാളികളിൽ നിന്നും രക്ത സാമ്പിളുകൾ ശേഖരിച്ചു.
“മൊത്തത്തിൽ, മുൻപ് കോവിഡ് ബാധിച്ച വ്യക്തികളിൽ നല്ല രീതിയിലുള്ള വാക്സിൻ-ഇൻഡ്യൂസ്ഡ് ആന്റിബോഡി പ്രതികരണങ്ങൾ കാണപ്പെട്ടു. രണ്ടുപേരിൽ ഒഴികെ, കോവിഡ് വരാത്ത രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരിൽ കണ്ട ആന്റിബോഡി പ്രതികരണങ്ങൾക്ക് സമാനമായ പ്രതികരണം കോവാക്സിന്റെ ഒരൊറ്റ ഡോസ് സ്വീകരിച്ചവരിൽ കണ്ടു.”പഠനത്തിൽ പറഞ്ഞു.
പുതിയ കണ്ടെത്തലുകൾ മുൻ പഠനങ്ങൾക്ക് പിന്തുണ നൽകുന്നതാണെന്നും ഐസിഎംആർ പറഞ്ഞു.