ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളും വരെ പ്രധാനമന്ത്രിയെ നരേന്ദ്ര മോദിയെ ഉറങ്ങാന്‍ അനുവദിക്കില്ലെന്ന് രാഹുല്‍ പറഞ്ഞു. റഫേല്‍ ഇടപാട്, കാര്‍ഷിക വായ്പ, നോട്ട് നിരോധനം എന്നിവ ചൂണ്ടിക്കാട്ടി പാര്‍ലമെന്റിന് പുറത്തുവച്ച് നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചത്.

പാവങ്ങളുടേയും പണക്കാരുടേയും എന്ന അടിസ്ഥാനത്തില്‍ പ്രധാനമന്ത്രി രാജ്യത്തെ രണ്ടായി വിഭജിച്ചുവെന്ന് രാഹുല്‍ ആരോപിച്ചു. ”അധികാരത്തില്‍ വന്നതിനു ശേഷം മോദി സര്‍ക്കാര്‍ ഒരു രൂപ പോലും എഴുതി തള്ളിയിട്ടില്ല. തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത്, കടങ്ങള്‍ എഴുതി തള്ളുമെന്ന് ഞങ്ങള്‍ ഉറപ്പ് നല്‍കിയിരുന്നു. ആറ് മണിക്കൂറിനുള്ളില്‍ രണ്ട് സംസ്ഥാനങ്ങളില്‍ അത് പാലിക്കുകയും ചെയ്തു. രാജസ്ഥാനിലും ഉടന്‍ നടപടിയുണ്ടാകും” രാഹുൽ പറഞ്ഞു. മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിമാരായി അധികാരമേറ്റതിനു പിന്നാലെ തന്നെ കോണ്‍ഗ്രസ് നേതാക്കളായ കമല്‍നാഥും ഭൂപേഷ് ബാഗേലും കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുന്നതായി പ്രഖ്യാപിച്ചിരുന്നു.

കര്‍ഷകരുടെ ശബ്ദങ്ങള്‍ സര്‍ക്കാരിലേക്ക് എത്തിക്കാന്‍ പാര്‍ട്ടി ശ്രദ്ധിക്കുമെന്ന് രാഹുല്‍ പറഞ്ഞു. ”കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുന്നതുവരെ പ്രധാനമന്ത്രിയെ ഉറങ്ങാന്‍ നമ്മള്‍ അനുവദിക്കില്ല. 2019 തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ വായ്പ എഴുതി തള്ളുമെന്ന വാഗ്‌ദാനം തീര്‍ച്ചയായും ഉള്‍പ്പെടുത്തും. അപ്പോഴേക്കും നരേന്ദ്ര മോദി സര്‍ക്കാര്‍ അത് ചെയ്തില്ലെങ്കില്‍ ഞങ്ങള്‍ തീര്‍ച്ചയായും ചെയ്യും.’

അനില്‍ അംബാനി ഉള്‍പ്പെടെയുള്ള 15 പ്രമുഖ വ്യവസായികളുടെ വായ്പകള്‍, മുന്‍പിന്‍ നോക്കാതെ സര്‍ക്കാര്‍ എഴുതി തള്ളിയെന്നും, എന്നാല്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ഒന്നും ചെയ്തില്ലെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

റഫേല്‍ ഇടപാടിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ജോയിന്റ് പാര്‍ലമെന്റ് കമ്മിറ്റി വിളിക്കാന്‍ തങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് രാഹുല്‍ പറഞ്ഞു. എന്നാല്‍ എല്ലാ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യാം എന്നു പറഞ്ഞ പ്രധാനമന്ത്രി ഇപ്പോള്‍ ഓടിയൊളിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി പരിഹസിച്ചു.

നോട്ട് നിരോധനം രാജ്യത്തെ എറ്റവും വലിയ അഴിമതിയായിരുന്നുവെന്ന് രാഹുല്‍ പറഞ്ഞു. നോട്ട് നിരോധനത്തിനും കടാശ്വാസത്തിനുമിടയില്‍ ഒന്ന് തിരഞ്ഞെടുക്കാനുള്ള അവസരം പ്രധാനമന്ത്രിക്കുണ്ടായിരുന്നെങ്കിലും, തന്റെ വ്യവസായി സുഹൃത്തുക്കള്‍ക്ക് പണം നല്‍കാനാണ് അദ്ദേഹം തീരുമാനിച്ചതെന്ന് രാഹുല്‍ വിമര്‍ശിച്ചു.

അതേസമയം, സിഖ് വിരുദ്ധ കലാപത്തില്‍ സജ്ജന്‍ കുമാറിന് കോടതി ശിക്ഷ വിധിച്ചതുമായി ബന്ധപ്പെട്ട ചോദ്യത്തില്‍ നിന്നും രാഹുല്‍ ഗാന്ധി ഒഴിഞ്ഞുമാറി. ‘കലാപങ്ങളുമായി ബന്ധപ്പെട്ട് ഞാന്‍ നിലപാടെടുത്തിട്ടുമുണ്ട്, അത് നേരത്തേ തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്. ഈ വാര്‍ത്താസമ്മേളനം അതേക്കുറിച്ചല്ല, രാജ്യത്തെ കര്‍ഷകരെ കുറിച്ചും, അവരുടെ വായ്പ എഴുതിത്തള്ളാന്‍ പ്രധാനമന്ത്രി തയ്യാറാകാത്തതിനെ കുറിച്ചുമാണ്,’ രാഹുല്‍ ഗാന്ധി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook