ന്യൂഡൽഹി: ഭീകരവാദ പ്രവർത്തനങ്ങൾക്കുളള സഹായം അവസാനിപ്പിച്ച് പാക്കിസ്ഥാൻ ചർച്ചകൾക്ക് തയ്യാറാവുകയാണെങ്കിൽ ഇന്ത്യ വേണ്ടെന്ന് പറയില്ലെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്. ഇസ്‌ലാമാബാദിനും ഇതിനുളള മുൻകൈ എടുക്കാമെന്നും അദ്ദേഹം പറഞ്ഞു.

ജമ്മു കശ്‌മീരിൽ സമാധാനം പുനഃസ്ഥാപിക്കാനുളള പരിശ്രമങ്ങൾ വിജയം കണ്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. “പാക്കിസ്ഥാൻ സൈന്യം അതിർത്തിയിൽ നിരന്തരം വെടിയുതിർക്കുകയാണ്. നിരവധി തവണ വെടിനിർത്തൽ കരാർ ലംഘിച്ചു. ഭീകരർക്ക് സഹായം നൽകുകയാണ് അവർ. നേരായ വഴിക്കല്ല അവരുടെ സഞ്ചാരം. പക്ഷെ ഒരു നാൾ അവർ ആ വഴിക്ക് വരും,” രാജ്‌നാഥ് സിങ് പറഞ്ഞു.

കശ്‌മീരിൽ റമദാൻ കാലത്ത് വെടിയുതിർക്കില്ലെന്ന തീരുമാനമായിരുന്നു ഇന്ത്യയുടേത്. എന്നാൽ പാക്കിസ്ഥാൻ വെടിവച്ചുവെന്നും മുസ്‌ലിംങ്ങളായ കശ്‌മീർ സ്വദേശികളെ അവർ കൊലപ്പെടുത്തിയെന്നും അദ്ദേഹം ആരോപിച്ചു. ഇതാണ് കശ്‌മീരിലെ ജനങ്ങളും മനസിലാക്കേണ്ടത്. പാക്കിസ്ഥാൻ കശ്‌മീർ ജനങ്ങളെ അവരുടെ ആയുധമായി മാത്രമാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കശ്‌മീരും അവിടുത്തെ ജനങ്ങളും ഇന്ത്യാക്കാരാണെന്ന് പറഞ്ഞ രാജ്‌നാഥ് സിങ്, കശ്‌മീരുമായി ബന്ധപ്പെട്ട ഒരു ചർച്ചയും ഒരിക്കലും പാക്കിസ്ഥാനുമായി നടത്തില്ലെന്നും വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ