/indian-express-malayalam/media/media_files/uploads/2020/03/corona-virus-11.jpg)
തെലങ്കാന: പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തില്ലെങ്കിൽ ഏപ്രിൽ ഏഴിന് സംസ്ഥാനം കൊറോണ വൈറസ് മുക്തമാകുമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശഖർ റാവു. സംസ്ഥാനത്ത് 25,935 പേർ ക്വാറന്റൈനിലാണെന്നും ഏപ്രിൽ ഏഴിന് ഇവരുടെ 14 ദിവസത്തെ നിരീക്ഷണം പൂർത്തിയാകുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ''ഏപ്രിൽ 7 നുശേഷം പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തില്ലെങ്കിൽ സംസ്ഥാനത്ത് കൊറോണ വൈറസ് രോഗികളുണ്ടാവില്ല. ലോക്ക്ഡൗൺ കാലത്ത് സ്വയം നിയന്ത്രണം വളരെ പ്രധാനപ്പെട്ടതാണ്'' അദ്ദേഹം പറഞ്ഞു.
തെലങ്കാനയിൽ 70 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരാൾ മരണമടഞ്ഞു. ''നിലവിൽ കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തത് 70 പേർക്കാണ്. ഗാന്ധി ഹോസ്‌പിറ്റലിലുണ്ടായിരുന്ന 11 പേരുടെ അവസാന പരിശോധന ഫലവും നെഗറ്റീവാണ്. അവരെ ഇന്നു ഡിസ്ചാർജ് ചെയ്യും'' മുഖ്യമന്ത്രി വ്യക്തമാക്കി.
Read Also:ലോക്ക്ഡൗണ്‍ നീട്ടില്ലെന്ന് കേന്ദ്രം
സംസ്ഥാനത്തെ കുടിയേറ്റ തൊഴിലാളികൾക്കായി സർക്കാർ വേണ്ടതെല്ലാം ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ''ഓരോരുത്തർക്കും 12 കിലോ അരിയും, 500 രൂപയും, താമസസൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇതിനായി എത്ര കോടി രൂപ ചെലവാക്കേണ്ടി വന്നാലും ഞങ്ങൾ പിന്നോട്ട് പോകില്ല, അതിനുളള പണം കണ്ടെത്തുമെന്ന് തെലങ്കാനയുടെ മുഖ്യമന്ത്രി എന്ന നിലയിൽ ഞാൻ പറയുന്നു. നിങ്ങൾ സുഖമായിരിക്കുക. തെലങ്കാനയിലേക്ക് ഏതൊരു സംസ്ഥാനത്തുനിന്നു വന്നവരായാലും അവരാരും പട്ടിണി കിടക്കരുത്'' മുഖ്യമന്ത്രി തൊഴിലാളികളോടായി പറഞ്ഞു.
തെലങ്കാനയുടെ വികസനത്തിലെ പങ്കാളികളായിട്ടാണ് കുടിയേറ്റ തൊഴിലാളികളെയും സർക്കാർ കാണുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. തെലങ്കാന വിട്ട് നിങ്ങളുടെ സ്വന്തം നാട്ടിലേക്ക് പോകാൻ ശ്രമിക്കരുത്. തെലങ്കാനയുടെ വികസനത്തിനുവേണ്ടിയാണ് നിങ്ങൾ ഇവിടെ വന്നത്. ഞങ്ങളുടെ കുടുംബത്തിലെ ഒരംഗത്തെപ്പോലെയാണ് നിങ്ങളെ ഞങ്ങൾ കാണുന്നത്. നിങ്ങൾ ഒന്നിനെക്കുറിച്ചും ആശങ്കപ്പെടേണ്ടതില്ല. നിങ്ങളെ ഞങ്ങൾ സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിങ്ങളെ സംരക്ഷിക്കേണ്ടതും ഭക്ഷണവും വെളളവും മരുന്നും നൽകേണ്ടതും ഞങ്ങളുടെ ഉത്തരവാദിത്തമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Read in english: Telangana to be coronavirus free by April 7 if no new cases emerge: KCR
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.