ന്യൂഡല്‍ഹി: രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകള്‍ക്കെതിരെ പാക്കിസ്ഥാന്‍ പുതിയ നടപടികള്‍ സ്വീകരിക്കണമെന്ന് ഇന്ത്യ. പുതിയ ചിന്തകളുള്ള, പുതിയ പാക്കിസ്ഥാന്‍ എന്ന് അവകാശപ്പെടുമ്പോള്‍ ഭീകരവാദത്തിനെതിരെ പുതിയ നടപടികള്‍ സ്വീകരിക്കാൻ കൂടി പാക്കിസ്ഥാന്‍ തയ്യാറാകണമെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് രവീഷ് കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്ത്യയുടെയും രാജ്യാന്തര സമൂഹത്തിന്റെയും ആശങ്കകള്‍ പരിഹരിക്കുന്നതില്‍ പാക്കിസ്ഥാന്‍ ഗൗരവപരമായ ഇടപെടലുകള്‍ നടത്തുന്നില്ലെന്നും രവീഷ് കുമാര്‍ കുറ്റപ്പെടുത്തി.

പുതിയ ചിന്തകളുള്ള, പുതിയ പാക്കിസ്ഥാന്‍ എന്നാണ് അവകാശപ്പെടുന്നതെങ്കില്‍ ഭീകരവാദം പൂർണമായും പാക് മണ്ണില്‍ നിന്ന് തുടച്ചുനീക്കണമെന്ന് രവീഷ് കുമാര്‍ ആവശ്യപ്പെട്ടു.

ഭീകരവാദ സംഘടനകള്‍ക്കെതിരായ നടപടികളും പ്രതിരോധ പ്രവര്‍ത്തനങ്ങളും പാക്കിസ്ഥാന്‍ കടലാസുകളില്‍ ഒതുക്കുകയാണ്. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ തടസങ്ങളൊന്നും ഇല്ലാതെ തുടരുകയും ചെയ്യുന്നു. വര്‍ഷങ്ങളായി ഇത് തന്നെയാണ് സംഭവിക്കുന്നത്. 2001 ലെ പാര്‍ലമെന്റ് ആക്രമണത്തിന് ശേഷവും 2008 ലെ മുംബൈ ഭീകരാക്രണത്തിന് ശേഷവും പഠാന്‍കോട്ടിലെ ഭീകരാക്രണത്തിന് ശേഷവും ഇത് തന്നെയാണ് തുടരുന്നതെന്നും ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് വിമര്‍ശിച്ചു.

പുല്‍വാമ ആക്രമണത്തില്‍ ജയ്‌ഷെ മുഹമ്മദിനുള്ള പങ്ക് പാകിസ്ഥാന്‍ നിരന്തരം നിഷേധിക്കുന്നത് ഖേദകരമാണെന്നും ഫെബ്രുവരി 14 ന് നടന്ന ആക്രമണത്തിന് ശേഷം രാജ്യാന്തര സമൂഹം ഒന്നാകെ ഇന്ത്യയ്‌ക്കൊപ്പമാണ് നില്‍ക്കുന്നതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook