ന്യൂഡല്‍ഹി: ഭരണഘടന മാറ്റാനാണ് ബിജെപി അധികാരത്തില്‍ വന്നതെന്ന് പറഞ്ഞ കേന്ദ്രമന്ത്രി ആനന്ത് കുമാര്‍ ഹെഗ്ഡെ വിവാദ പരാമര്‍ശവുമായി വീണ്ടും രംഗത്ത്. ഹിന്ദു പെണ്‍കുട്ടികളെ തൊടുന്ന കൈ വെട്ടി കളയണമെന്ന് അദ്ദേഹം പറഞ്ഞു. കര്‍ണാടകയിലെ കൊടഗില്‍ റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘നമ്മുടെ ചിന്തകളില്‍ അടിസ്ഥാനപരമായ മാറ്റങ്ങള്‍ ഉണ്ടാകണം. നമുക്ക് ചുറ്റും എന്താണ് നടക്കുന്നതെന്ന് സൂക്ഷ്മമായി നിരീക്ഷിക്കണം. ഏത് മതക്കാരനായാലും ജാതിക്കാരനായാലും ഹിന്ദു പെണ്‍കുട്ടിയെ തൊടുന്ന കൈ വെട്ടിക്കളയണം,’ കേന്ദ്രമന്ത്രി പറഞ്ഞു. 2017ലാണ് ആനന്ത് കുമാര്‍ ഹെഗ്ഡെയുടെ വിവാദമായ മറ്റൊരു പരാമര്‍ശം ഉണ്ടായത്. ബിജെപി അധികാരത്തില്‍ വന്നത് ഭരണഘടന മാറ്റാനാണ് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

‘ചിലര്‍ പറയുന്നു ഭരണഘടനയില്‍ പറയും പോലെ മതേതരത്വം കാക്കണമെന്ന്. ഭരണഘടനയെ ബഹുമാനിക്കുന്നു. പക്ഷെ മുമ്പ് മാറിയത് പോലെ ഇനിയും ഭരണഘടന മാറും. ഭരണഘടന ഞങ്ങള്‍ മാറ്റുക തന്നെ ചെയ്യും,’ കേന്ദ്രമന്ത്രി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook