റാഞ്ചി: ബീഫ് കടത്തിയെന്ന് എന്നാരോപിച്ച് ജാര്‍ഖണ്ഡിലെ രാംഗര്‍ഹില്‍ മുസ്ലിം വ്യാപാരിയെ ജനക്കൂട്ടം തല്ലി കൊന്നതിന് പിന്നാലെ ഗോ രക്ഷകര്‍ക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി വീട്ടമ്മമാര്‍. ഗോസംരക്ഷണത്തിന്റെ പേരില്‍ ആക്രമണം നടത്തുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ ആയുധമെടുക്കുമെന്ന് ജാര്‍ഖണ്ഡിലെ മുംസ്ലിം വനിതകള്‍ അറിയിച്ചതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ വ്യാഴാഴ്ച ബിഫ് കൈവശം വെച്ചു എന്നാരോപിച്ച് രാംഗഡില്‍ അസ്ഗര്‍ അലി എന്ന വ്യാപാരിയെ ജനക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയിരുന്നു. ഇതേതുടര്‍ന്ന് അസ്ഗര്‍ അലിയുടെ കുടുംബത്തിനെ ആശ്വസിപ്പിക്കാനെത്തിയ വനിതകളാണ് പുതിയ തീരുമാനത്തിലെത്തിയത്. പോലീസിലും സര്‍ക്കാരിലുമുള്ള പ്രതീക്ഷ തങ്ങള്‍ക്ക് നഷ്ടമായെന്നും സ്ത്രീകൾ പറയുന്നു.

ഗോ രക്ഷകര്‍ അഴിഞ്ഞാടുമ്പോള്‍ പൊലീസ് സംവിധാനം വെറും നോക്കുകുത്തികളാകുകയാണെന്നും അക്രമങ്ങള്‍ക്ക് സര്‍ക്കാരിന്റെ മൗനാനുവാദം ഉണ്ടെന്നാണ് ഇവര്‍ പറയുന്നത്. ആള്‍ക്കൂട്ടത്തിന്റെ ആക്രമണത്തിനെതിരെ അതേ നാണയത്തില്‍ തന്നെ നേരിടുകയാണ് ചെയ്യേണ്ടതെന്ന് കൊല്ലപ്പെട്ട അസ്‌ഗര്‍ അലിയുടെ ഭാര്യ മറിയം പറയുന്നു. മറിയത്തിന് പിന്തുണയുമായി നൂറു കണക്കിന് സ്ത്രീകളാണ് കൈകോര്‍ത്തിരിക്കുന്നത്. ‘ഗോ രക്ഷകര്‍ പ്രധാനമായും ലക്ഷ്യമിടുന്നത് മുസ്‍ലിം പുരുഷന്‍മാരെയാണ്. ബീഫിന്റെ പേരില്‍ കൊല്ലപ്പെട്ടിരിക്കുന്നതില്‍ 90 ശതമാനത്തില്‍ അധികവും മുസ്‍ലിംകളാണ്. രാജ്യത്ത് ബീഫ് കഴിക്കുന്നത് മുസ്‍ലിംകള്‍ മാത്രമാണോ ?’ രോഷാകുലരായ സ്ത്രീകള്‍ ചോദിക്കുന്നു.

‘തങ്ങള്‍ മറ്റുള്ളവരുടെ അടുക്കളയിലേക്ക് ഒളിഞ്ഞ് നോക്കുന്നില്ലല്ലോ, പിന്നെ എന്തിനാണ് ഒരു പ്രത്യേക വിഭാഗത്തിന് തങ്ങളുടെ ഭക്ഷണകാര്യത്തില്‍ ഇത്ര താത്പര്യം’ ഗ്രാമവാസിയായ ആബിദാ ഖാട്ടുണ്‍ ചോദിക്കുന്നു.

‘ആക്രണം നടന്ന് 30 മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പൊലീസ് ഇതുവരെ ഒരാളെ പോലും അറസ്റ്റ് ചെയ്തിട്ടില്ല. ഇതാണ് തങ്ങളെ ക്ഷുഭിതരാക്കുന്നത്’ ജാമിയ മിലിയ ഇസ്ലാമിയ വിദ്യാര്‍ത്ഥിയായ സാഹ്ജാദ് അഹ്മ്മദ് പറയുന്നു.

ഗോസംരക്ഷണങ്ങളുടെ പേരില്‍ അക്രമം അംഗീകരിക്കില്ല എന്ന് പ്രധാനമന്ത്രി പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് അസ്ഗര്‍ അലി നൂറോളം വരുന്ന ആള്‍കൂട്ടത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്. സംഭവത്തിന് ശേഷം പ്രദേശത്ത് സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ