ന്യൂഡൽഹി: ചൈന അടക്കമുള്ള വിദേശ രാജ്യങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ, രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ കോവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രി മനുഷ്ക് മാണ്ഡവ്യ. ഇക്കാര്യം ആവശ്യപ്പെട്ട് കോൺഗ്രസ് എംപി രാഹുലിനും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനും കത്തയച്ചു.
മാസ്കും സാനിറ്റൈസറും ഉൾപ്പെടെയുള്ള കോവിഡ് പ്രതിരോധ മാർഗങ്ങൾ പാലിച്ചില്ലെങ്കിൽ ദേശീയ താൽപര്യം കണക്കിലെടുത്ത് ഭാരത് ജോഡോ യാത്ര താൽക്കാലികമായി നിർത്തിവയ്ക്കണമെന്ന് മന്ത്രിയുടെ കത്തിൽ പറയുന്നു. യാത്രയിൽ വാക്സിനേഷൻ എടുത്ത ആളുകൾ മാത്രം പങ്കെടുക്കുന്നുവെന്ന് ഉറപ്പ് വരുത്തണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
”രാജസ്ഥാനിലെ ഭാരത് ജോഡോ യാത്രയ്ക്കിടെ കോവിഡ് വ്യാപന ആശങ്ക പ്രകടിപ്പിച്ച് രാജസ്ഥാൻ നിയമസഭാംഗങ്ങളായ പി.പി.ചൗധരിയും നിഹാൽ ചന്ദും ദേവിജി പട്ടേലും 2022 ഡിസംബർ 20 ന് എഴുതിയ കത്തും ഈ സന്ദർഭത്തിൽ പരിഗണിക്കുന്നു. സംസ്ഥാനത്തും രാജ്യത്താകെയും കോവിഡ് വ്യാപനം തടയുന്നതിന് രണ്ടു പ്രധാന കാര്യങ്ങളും അവർ നിർദേശിച്ചിട്ടുണ്ട്- 1) രാജസ്ഥാനിലെ കോവിഡ് ജോഡോ യാത്രയിൽ കോവിഡ് പ്രതിരോധ മാർഗങ്ങൾ കർശനമായി പാലിക്കുക. മാസ്ക് ധരിക്കാനും സാനിറ്റൈസർ ഉപയോഗിക്കാനും പ്രോത്സാഹിപ്പിക്കുക. യാത്രയിൽ വാക്സിനേഷൻ എടുത്ത ആളുകളെ മാത്രം പങ്കെടുക്കാൻ അനുവദിക്കുക. യാത്രയിൽ പങ്കെടുക്കുന്നതിനു മുൻപ് ആളുകളെ ഐസൊലേഷനിലാക്കുക. 2) മുകളിൽ പറഞ്ഞ പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കാൻ കഴിയുന്നില്ലെങ്കിൽ ആരോഗ്യ അടിയന്തരാവസ്ഥ കണക്കിലെടുത്ത് യാത്ര താൽക്കാലികമായി നിർത്തിവയ്ക്കണമെന്ന് അഭ്യർത്ഥിക്കുന്നു,” മന്ത്രി വ്യക്തമാക്കി.
ചൈനയിലും മറ്റു രാജ്യങ്ങളിലും കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ പോസിറ്റീവ് സാമ്പിളുകളുടെ ജീനോം ജനിതക ശ്രേണീകരണം വര്‍ധിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്കു കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നൽകിയിരുന്നു. ദിനം പ്രതി എല്ലാ പോസിറ്റീവ് കേസുകളുടെയും സാമ്പിളുകള്‍ നിര്‍ദേശിക്കപ്പെട്ട ഇന്‍കോഗ് ജീനോം ലബോറട്ടറികളിലേക്ക് അയച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നു സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമയച്ച കത്തില്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ പറഞ്ഞു.
ബുധനാഴ്ച രാജ്യത്തെ കോവിഡ് സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ കേന്ദ്ര ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. ഇന്ത്യയിൽ പ്രതിവാരം 1,200 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്.