ന്യൂഡല്‍ഹി: രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. ലോക്‌സഭയിലടക്കം കേന്ദ്ര സര്‍ക്കാരിനെതിരെ പ്രധാന ആയുധമായി പ്രതിപക്ഷം ഉന്നയിക്കുന്നത് സാമ്പത്തിക പ്രതിസന്ധിയാണ്. അതിനിടയിലാണ് വിചിത്രമായ ഒരു ചോദ്യവുമായി ബിജെപി എംപി തന്നെ രംഗത്തെത്തിയിരിക്കുന്നത്.

രാജ്യത്ത് ഓട്ടോ മൊബൈല്‍ വ്യവസായം സാമ്പത്തിക തകര്‍ച്ചയിലാണെന്ന് പ്രതിപക്ഷം ലോക്‌സഭയില്‍ ഉന്നയിച്ചിരുന്നു. ഇതിനെതിരെയാണ് ബിജെപി എംപിയായ വിരേന്ദ്ര സിങ് രംഗത്തെത്തിയത്. വാഹന വ്യവസായം തകര്‍ച്ചയിലാണെങ്കില്‍ രാജ്യത്ത് ട്രാഫിക് ജാം ഉണ്ടാകുന്നത് എങ്ങനെയെന്ന് വിരേന്ദ്ര സിങ് ചോദിച്ചു. ഇന്ത്യയിലെ നഗരങ്ങളിലും ടൗണുകളിലും ഗതാഗത കുരുക്ക് ഉണ്ടെന്നും ഇത് രാജ്യത്തെ ഓട്ടോ മൊബൈല്‍ ശൃംഖല വന്‍ വളര്‍ച്ചയില്‍ പോകുന്നതിന്റെ തെളിവാണെന്നും ബിജെപി എംപി പറഞ്ഞു. ഉത്തര്‍പ്രദേശിലെ ബല്ലിയ മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ് വിരേന്ദ്ര സിങ്.

Read Also: പന്തിനെ ഒറ്റപ്പെടുത്തില്ലെന്ന് കോഹ്‌ലി; സഞ്ജുവിന്റെ സാധ്യത മങ്ങുന്നോ?

“രാജ്യത്തെയും കേന്ദ്ര സര്‍ക്കാരിനെയും നാണംകെടുത്താന്‍ വേണ്ടി ചിലര്‍ മനപ്പൂര്‍വ്വം പറഞ്ഞു പരത്തുന്ന കാര്യമാണ് ഓട്ടോ മൊബൈല്‍ ശൃംഖല തകര്‍ച്ചയിലാണെന്ന്. വാഹനങ്ങളുടെ വില്‍പ്പനയില്‍ കുറവുണ്ടെങ്കില്‍ പിന്നെ റോഡില്‍ ഗതാഗത കുരുക്ക് വരുന്നത് എങ്ങനെയാണ് ?” ബിജെപി എംപി ലോക്‌സഭയില്‍ ചോദിച്ചു.

Read Also: ധനമന്ത്രി കഴിക്കുന്നത് വെണ്ണപ്പഴമാണോ?

ജിഡിപിക്ക് അത്ര വലിയ പ്രസക്തിയൊന്നുമില്ലെന്ന വിചിത്ര വാദവുമായി മറ്റൊരു ബിജെപി എംപി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഭാവിയില്‍ ജിഡിപിക്ക് വലിയ പ്രസക്തിയൊന്നുമില്ലെന്ന് ബിജെപി എംപി നിശികാന്ത് ദൂബെ ലോക്‌സഭയിൽ പറഞ്ഞു. രാജ്യത്തെ സാമ്പത്തികാവസ്ഥയെ നിര്‍വചിക്കാന്‍ ജിഡിപി നിരക്ക് കൊണ്ട് സാധിക്കില്ലെന്നാണ് ബിജെപി എംപിയുടെ വാദം. “1934 ന് ശേഷമാണ് ജിഡിപിയുണ്ടാകുന്നത്. അതിനു മുന്‍പ് ഇവിടെ ജിഡിപിയില്ല. അതുകൊണ്ട് ജിഡിപി എന്ന് പറയുന്നത് ബൈബിളോ രാമായണമോ മഹാഭാരതമോ അല്ല. ഭാവിയില്‍ ജിഡിപി അധികം ഉപയോഗിക്കേണ്ടി വരില്ല. അതിന്റെ പ്രസക്തി കുറയും” നിശികാന്ത് ദൂബെ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook