ഭോപ്പാല്‍: ബിജെപിയുടെ മധ്യപ്രദേശിലെ പരാജയത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം തനിക്കാണെന്ന് ശിവരാജ് സിങ് ചൗഹാന്‍. മൂന്ന് വട്ടം മുഖ്യമന്ത്രിയായിരുന്നിട്ടുള്ള ചൗഹാന്‍ തന്റെ രാജി കത്ത് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിന് നല്‍കിയതിന് പിന്നാലെയാണ് പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തത്.
”ഞാന്‍ രാജി സമര്‍പ്പിച്ചു. ബിജെപിയുടെ മധ്യപ്രദേശിലെ പരാജയത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം എന്റേത് മാത്രമാണ്. പ്രവര്‍ത്തകർ നന്നായി പ്രവര്‍ത്തിച്ചു. ജനങ്ങളുടെ സ്‌നേഹവും ലഭിച്ചു. പക്ഷെ വോട്ടു ലഭിച്ചിട്ടും സീറ്റെണ്ണം തികയ്ക്കാനായില്ല. വിജയത്തില്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷന്‍ കമല്‍നാഥിനെ അഭിനന്ദനം അറിയിച്ചിട്ടുണ്ട്” രാജിക്ക് പിന്നാലെ ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു.
മധ്യപ്രദേശ് സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. 114 സീറ്റില്‍ കോണ്‍ഗ്രസ് വിജയിച്ചപ്പോള്‍ ബിജെപി 109 സീറ്റില്‍ വിജയിച്ചു. എസ്പി, ബിഎസ്പി എന്നീ പാര്‍ട്ടികളുടെ അംഗങ്ങളുടെ സഹായത്തോടെ കോണ്‍ഗ്രസ് അധികാരത്തിലെത്തും. ജ്യോതിരാദിത്യ സിന്ധ്യയോ കമല്‍നാഥോ മുഖ്യമന്ത്രിയാകും. മുന്‍തൂക്കം കമല്‍നാഥിനാണ്. എന്നാല്‍ പാര്‍ട്ടി ഹൈക്കമാന്റിന്റേതാണ് അന്തിമ തീരുമാനം.
ഇന്ന് രാവിലെയാണ് ഫലം പ്രഖ്യാപിച്ചത്. ബിഎസ്പിക്ക് രണ്ട് സീറ്റാണ് സംസ്ഥാനത്തുളളത്. എസ്പിക്ക് ഒരു സീറ്റും ഉണ്ട്. സംസ്ഥാനത്ത് ആകെ 230 സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. 116സീറ്റായിരുന്നു കേവല ഭൂരിപക്ഷത്തിന് വേണ്ടത്.