ന്യൂഡല്‍ഹി: സഖ്യകക്ഷികള്‍ക്ക് കൂടി സമ്മതമാണെങ്കില്‍ താന്‍ പ്രധാനമന്ത്രിയാകുമെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അതേസമയം മുന്‍ഗണന എന്നത് എല്ലാ പാര്‍ട്ടികളും ഒന്നായി നിന്ന് ഭരണകക്ഷിയായ ബിജെപിയ പരാജയപ്പെടുത്തലാണെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ട് ഘട്ടങ്ങളായുളള പ്രവര്‍ത്തനങ്ങളാണ് ഇതെന്നും ആരാണ് പ്രധാനമന്ത്രി ആകുക എന്നത് രണ്ടാമതായി മാത്രം ചിന്തിക്കേണ്ട കാര്യമാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

‘ഞങ്ങള്‍ ഇതിനെ കുറിച്ച് സഖ്യകക്ഷികളുമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. രണ്ടാമതായി മാത്രം ചിന്തിക്കേണ്ട കാര്യമാണ് ഇതെന്ന് തീരുമാനം എടുത്തിട്ടുണ്ട്. ബിജെപിയെ ഒറ്റക്കെട്ടായി പരാജയപ്പെടുത്തുകയാണ് ആദ്യം ചെയ്യേണ്ടത്. തിരഞ്ഞെടുപ്പിന് ശേഷം മാത്രമാകും ആരാകും പ്രധാനമന്ത്രി ആവുകയെന്ന് തീരുമാനിക്കുക,’ രാഹുല്‍ വ്യക്തമാക്കി. രാഹുല്‍ പ്രധാനന്ത്രിയാകാന്‍ സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് ‘സഖ്യകക്ഷികള്‍ക്ക് കൂടി വേണമെങ്കില്‍ ഞാന്‍ ആകും,’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

തന്റെ ക്ഷേത്ര ദര്‍ശനങ്ങളെ എന്തിനാണ് ബിജെപി വിവാദമാക്കാന്‍ ശ്രമിക്കുന്നതെന്ന് മനസ്സിലാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ക്ഷേത്രങ്ങളിലും ഗുരുദ്വാരകളിലും മസ്ജിദുകളിലും കാലങ്ങളായി ഞാന്‍ പോവാറുണ്ട്. എന്നാല്‍ എന്റെ ക്ഷേത്ര ദര്‍ശനങ്ങള്‍ ബിജെപിക്ക് ഇപ്പോള്‍ ഇഷ്ടമാവുന്നില്ല. അവര്‍ മാത്രമേ ക്ഷേത്രത്തില്‍ പോകാവു എന്നാണ് ബിജെപിയുടെ ചിന്ത. എന്റെ തൊലിക്കട്ടി ഞാന്‍ തന്നെ വികസിപ്പിച്ചിട്ടുണ്ട്. വിമര്‍ശനം ആയിക്കോട്ടെ. എന്റെ ഉത്തരവാദിത്തം കേള്‍ക്കുക എന്നതാണ്,’ രാഹുല്‍ പറഞ്ഞു.

അത്രമേല്‍ ശ്വാസം മുട്ടിക്കുന്ന ഒരൊറ്റ പ്രത്യയശാസ്ത്രം കോടിക്കണക്കിന് ഇന്ത്യക്കാരുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയാണ് ബിജെപി ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മാതാവായ സോണിയാ ഗാന്ധിയുടെ നേതൃത്വവുമായുളള രാഹുലിന്റെ വ്യത്യാസം എന്താണെന്ന ചോദ്യത്തിനും അദ്ദേഹം മറുപടി പറഞ്ഞു. ‘സോണിയ ഗാന്ധി എന്ന വ്യക്തി എനിക്ക് ഏറെ പ്രിയ്യപ്പെട്ടവരാണ്. ഞാന്‍ അവരില്‍ നിന്നും ഒരുപാട് പഠിച്ചിട്ടുണ്ട്. ക്ഷമാശീലം ഞാന്‍ പഠിച്ചത് അമ്മയില്‍ നിന്നാണ്. മുമ്പ് ഞാന്‍ ക്ഷമയില്ലാത്ത ഒരാളായിരുന്നു. എങ്ങനെ ക്ഷമയുളളവനാകാം എന്ന് അവരെന്നെ പഠിപ്പിച്ചു. നിങ്ങള്‍ ഏറെ ക്ഷമയുളള വ്യക്തിയാണെന്ന് ഞാന്‍ പലപ്പോഴും അമ്മയോട് പറയാറുണ്ട്. എന്റെ അമ്മയെ പോലെ ഞാന്‍ ഇപ്പോള്‍ ഒരുപാട് കേട്ടിരിക്കാന്‍ ശീലിച്ചു. എന്റെ അമ്മയേയും സഹോദരിയേയും പോലെ ഒരുപാട് പേര്‍ എനിക്ക് പ്രിയ്യപ്പെട്ടവരാണ്,’ രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ