ന്യൂഡല്‍ഹി: ഗാന്ധിജയന്തി ദിനത്തില്‍ രാഷ്ട്രപിതാവിന് പ്രണാമമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റ് നേതാക്കളും. ‘എറ്റവും പ്രിയപ്പെട്ട ബാപ്പുവിന്റെ മുന്നില്‍ താന്‍ തലകുനിയ്ക്കുന്നുവെന്നും അദ്ദേഹത്തിന്റെ ആശയങ്ങള്‍ ലോകമെമ്പാടുമുളള ലക്ഷകണക്കിനാളുകളെ പ്രചോദിപ്പിക്കുന്നു’വെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ പോസ്റ്റു ചെയ്തു. മാത്രമല്ല ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ ജയന്തി ദിനം കൂടിയായ ഇന്ന് താന്‍ അദ്ദേഹത്തെ നന്ദിയോടെ സ്മരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് എന്നിവരും രാജ്ഘട്ടിലെത്തി മഹാത്മാഗാന്ധിയുടെ ശവകുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ ശവകുടീരമായ വിജയ് ഘട്ടിലും മന്‍മോഹന്‍ സിങ് പുഷ്പാര്‍ച്ചന നടത്തി.

ഡല്‍ഹിയിലെ വിഗ്യാ ഭവനില്‍ നിന്നും പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിച്ചു. രാഷ്ട്രീയത്തിനപ്പുറം വൃത്തിയുള്ള ഒരു രാജ്യത്തിനായി എല്ലാവരും ഒരുമിച്ചു പ്രവര്‍ത്തിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്വച്ഛ ഭാരത് അഭിയാന്‍ തുടങ്ങിയ സമയത്ത് എല്ലാവരും തന്നെ വിമര്‍ശിച്ചെങ്കിലും ഇപ്പോള്‍ രാജ്യം പുരോഗതിയിലേക്കാണ് നീങ്ങുന്നതെന്നും രാജ്യത്തെ 125 കോടി ജനങ്ങളും ഒരുമിച്ചു നിന്നാല്‍ സ്വച്ഛ ഭാരത് എന്ന സ്വപ്‌നം സാക്ഷാത്കരിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

‘ആയിരം മഹാത്മാ ഗാന്ധിമാരോ ഒരു ലക്ഷം നരേന്ദ്ര മോദിമാരോ മുഖ്യമന്ത്രിമാരോ രാജ്യത്തെ മുഴുവന്‍ സര്‍ക്കാരുകളോ ഒരുമിച്ചു നിന്നാല്‍ പോലും സ്വച്ഛ ഭാരത് യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയില്ല. അതിന് രാജ്യത്തെ 125 കോടി ജനങ്ങള്‍ ഒരുമിച്ച് മുന്നോട്ടു വരണം.’ ഇതായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ