തിരുവനന്തപുരം : പത്താമത് കേരളാ ഡോക്യുമെന്ററി ആന്റ് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിനു തിരശ്ശീല വീഴുന്നത് വിവാദമായ ആ മൂന്ന് ഡോക്യുമെന്ററികള്‍ പ്രദര്‍ശിപ്പിക്കാതെ. കാരണം, ചലച്ചിത്ര അക്കാദമിയുടെ അനാസ്ഥ.
ഫെസ്റ്റിവല്‍ ആരംഭിക്കുന്നതിനു ഏതാനും ദിവസങ്ങള്‍ മുമ്പാണ് ‘ഇന്‍ ദി ഷേഡ് ഓഫ് ഫാളന്‍ ചിന്നാര്‍’ ‘മാര്‍ച്ച് മാര്‍ച്ച് മാര്‍ച്ച്’ ‘അണ്‍ബിയറബിള്‍ ബീയിങ് ഓഫ് ലൈറ്റ്നസ്’ എന്നീ ഡോക്യുമെന്ററി ചിത്രങ്ങള്‍ക്ക് കേന്ദ്രവാര്‍ത്താവിനിമയ മന്ത്രാലയം അകാരണമായി പ്രദര്‍ശനാനുമതി നിഷേധിച്ചത്. ഇതിനെതിരെ ചിത്രങ്ങളുടെ സംവിധായകര്‍ കോടതിയെ സമീപിക്കുകയും പ്രതിഷേധമെന്നോണം ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു.
ഇതിനോട് രൂക്ഷമായായിരുന്നു അക്കാദമി ചെയര്മാന് കമലും പ്രതികരിച്ചത് “രാജ്യം ഒരു ‘സാംസ്കാരിക അടിയന്തരാവസ്ഥയിലൂടെയാണ് കടന്നുപോവുന്നത്. ഈ അപ്രഖ്യാപിത നമ്മള് എന്ത് കഴിക്കണം, എന്ത് ധരിക്കണം, എന്ത് സംസാരിക്കണം എന്ന് ഭരണകര്‍ത്താക്കള്‍ തീരുമാനിക്കുന്ന സ്ഥിതിവിശേഷം ആണ് ഇന്നുള്ളത്.” എന്നായിരുന്നു ഇതുസംബന്ധിച്ച് നടത്തിയ പത്രസമ്മേളനത്തില്‍ കമല്‍ പറഞ്ഞത്.
കാത്തു ലൂകോസ്, ഷോണ്‍ സെബാസ്റ്റ്യന്‍ എന്നീ സംവിധായകര്‍ ഫെസ്റ്റിവലില്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുവാനുള്ള അനുമതി തേടിക്കൊണ്ട് കേന്ദ്രവാര്‍ത്താവിനിമയ മന്ത്രായത്തെ ചോദ്യം ചെയ്തും കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ സംവിധായകര്‍ നല്കിയ ഹര്‍ജി കോടതി തള്ളുകയാനുണ്ടായത്. പ്രദര്‍ശനാനുമതി നേടുന്നതിനായി പരാതി നല്‍കുക എന്നത് സംവിധായകന്റെയോ നിര്‍മാതാവിന്റെയോ അല്ല അക്കാദമിയുടെ ഉത്തരവാദിത്വം ആണ് എന്നും അക്കാദമിയാണ് പരാതി നല്‍കേണ്ടത് എന്നുമാണ് ഹര്‍ജി തള്ളിക്കൊണ്ട് കോടതി പറഞ്ഞത്. 13 ജൂണിനാണ് ‘മാര്‍ച്ച് മാര്‍ച്ച് മാര്‍ച്ച്’ എന്ന ഡോക്യുമെന്ററിയുടെ സംവിധായകയായ കാതു ലൂകോസ് കേരളാ ഹൈകോടതിയില്‍ ഇതുസംബന്ധിച്ച് പരാതിപ്പെടുന്നത്. പരാതി തള്ളിക്കൊണ്ടുള്ള കോടതി വിധി വന്നത് പതിനഞ്ചാം തീയതിയും.
Read More : ആ മൂന്ന് ഡോക്യുമെന്ററികള്‍ ഇവിടെ കാണാം
ഇതു സംബന്ധിച്ച പരാതിയുമായി ചലച്ചിത്ര അക്കാദമിയും കോടതിയെ സമീപിച്ചിരുന്നു എന്നാണ് അക്കാദമി സെക്രട്ടറി കാത്തു ലുക്കോസിനെ അറിയിച്ചത്. പക്ഷെ അക്കാദമിയുടെ പരാതി പോവുന്നത് ഫെസ്റ്റ് അവസാനിക്കാന്‍ ഒരുദിവസം മാത്രം ബാക്കിയുള്ള 19 ജൂലൈ തിങ്കളാഴ്ചയാണ്. ചുരുങ്ങിയത് ഒരാഴ്ചയെങ്കിലും വിധിപറയാനെടുക്കും എന്നിരിക്കെ ഈ മൂന്ന് ചിത്രങ്ങളും ഈ വര്‍ഷത്തെ ഫെസ്റ്റില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് ഉറപ്പായി. ” അക്കാദമിയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്ന അ’ ജ്ഞത വളരെ നിസ്സാരമല്ല. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി പോലുള്ള ഒരു സ്ഥാപനത്തില്‍ നിന്നും കൂടുതല്‍ ഉത്തരവാദിത്തം പ്രതീക്ഷിക്കുന്നുണ്ട്” എന്നുമാണ് കാത്തു ലൂകോസ് പ്രതികരിച്ചത്.
അതിനിടെ, പ്രദര്‍ശനത്തിനായുള്ള ഫിലിം എക്സേമ്പ്ഷന് സര്‍ട്ടിഫിക്കറ്റ് നല്‍കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ചലചിത അക്കാദമി വാര്‍ത്താവിനിമയ മന്ത്രാലയത്തിനു നല്കിയ അപ്പീലും തള്ളിപ്പോയി. “ജമ്മു കശ്മീര്‍ സംസ്ഥാനം അഭിമുഖീകരിക്കുന്ന ഭീകരവാദത്തിനും മേല്‍ സംസ്ഥാനം അസ്വസ്ഥമാണ്. ‘ഇന്‍ ദി ഷേഡ് ഓഫ് ഫാളന്‍ ചിനാര്‍’ എന്ന ചിത്രത്തെ ദേശവിരുദ്ധ ശക്തികള്‍ ഉപയോഗപ്പെടുത്തിയെക്കാം. ‘മാര്‍ച്ച് മാര്‍ച്ച് മാര്‍ച്ച്’ ‘അണ്‍ബിയറബിള്‍ ബീയിങ് ഓഫ് ലൈറ്റ്നസ്’ എന്നീ ചിത്രങ്ങള്‍ ഈയടുത്തകാലത്തുണ്ടായിട്ടുള്ള വിദ്യാര്‍ഥി പ്രതിഷേധങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ്. രാജ്യത്തെ പല സര്‍വ്വകലാശാല ക്യാമ്പസുകലിലേയും ക്രമസമാധാനത്തെ ബാധിച്ചതാണീ ചിത്രങ്ങള്‍ “എന്നുമായിരുന്നു പതിനെട്ടാം തീയതി വന്ന വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെ ഓര്‍ഡറില്‍ പ്രദര്‍ശനാനുമതി നിഷേധിച്ചുകൊണ്ടുള്ള വിശദീകരണം.
കേന്ദ്ര സര്‍ക്കാരിനെ അലട്ടുന്ന ദേശീയ രാഷ്ട്രീയ വിഷയങ്ങളായതുകൊണ്ടാണ് മന്ത്രാലയം ഈ ഡോക്യുമെന്ററി സിനിമകളുടെ പ്രദര്‍ശനത്തിനായുള്ള സെന്‍സര്‍ എക്സംഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാതിരിക്കുന്നത് എന്ന വിമര്‍ശനം ധാരാളമായി ഉയര്‍ന്നിരുന്നു. ജമ്മു കശ്മീര്‍, ജെ എന്‍ യു വിദ്യാര്‍ഥി സമരം, രോഹിത് വെമുലയുടെ ആത്മഹത്യയെ തുടര്‍ന്നുണ്ടായ ദളിത് രാഷ്ട്രീയ മുന്നേറ്റം എന്നീ വിഷയങ്ങള്‍ സംസാരിക്കുന്നതാണ് ഡോക്യുമെന്ററികള്‍.