ന്യൂഡൽഹി: സേവനങ്ങളെല്ലാം സൗജന്യമായി നൽകി ടെലികോം രംഗത്തേക്ക് കടന്നുവന്ന റിലയൻസ് ജിയോ വിപണിയിൽ സൃഷ്ടിച്ച അലകൾ ചെറുതല്ല. ഈ സാഹചര്യത്തിലാണ് ഐഡിയയും വൊഡാഫോൺ കന്പനിയും മാറി ചിന്തിക്കാൻ തയ്യാറാകുന്നത്. രാജ്യത്തെ ടെലികോം ഭീമന്മാരായ ഇരുവരും ഒന്നിക്കുന്നതോടെ വിപണിയിൽ 35 ശതമാനം ടെലികോം ഉപഭോക്താക്കളും ഇവർക്കൊപ്പമാകും. അതോടെ രാജ്യത്തെ ഒന്നാം നന്പർ ടെലികോം കന്പനിയുമാകും. ഇന്നത്തെ നിലയിൽ റിലയൻസ് ജിയോയെ എതിരിടാൻ ഇതിലും വലിയ മാറ്റമൊന്നും ഐഡിയയും വോഡാഫോണും മുന്നിൽ കാണുന്നില്ല. രണ്ട് വർഷത്തിനുള്ളിൽ മുഴുവൻ ലയന നടപടികളും പൂർത്തിയാക്കി ഒന്നാകാനുള്ള ഈ തീരുമാനം വന്നത്, ജിയോ ടെലികോം വിപണിയിൽ സൗജന്യ സേവനങ്ങളുമായി മാറ്റം സൃഷ്ടിച്ചപ്പോഴാണ്. മുകേഷ് അംബാനിയുടെ ഈ കടന്നുവരവോടെ ഐഡിയ, വൊഡാഫോൺ, എയർടെൽ തുടങ്ങി എല്ലാ ടെലികോം കന്പനികൾക്കും നിലവിലെ നിരക്ക് കുത്തനെ കുറയ്ക്കേണ്ടി വന്നു. ആദിത്യ ബിർള ഗ്രൂപ്പും വൊഡാഫോണും സംയുക്തമായി പുറത്തിറക്കിയ പത്രക്കുറിപ്പിൽ ഇരുവരും ചേർന്നാകും പുതിയ കന്പനിയുടെ നിയന്ത്രണം നടത്തുകയെന്നും വ്യക്തമാക്കിയിട്ടുണ്ട്.

പുതിയ കന്പനിയിൽ ഐഡിയയുടെയും വൊഡാഫോണിന്റെയും ഓഹരികൾ

സംയുക്തമായി ആരംഭിക്കുന്ന പുതിയ കന്പനിയിൽ 45.1 ശതമാനം ഓഹരിയാണ് വൊഡാഫോണിന് ലഭിക്കുക. ഇവരുടെ 4.9 ശതമാനം ഓഹരികൾ ആദിത്യ ബിർള ഗ്രൂപ്പ് ഓഹരി ഉടമകൾക്ക് 3900 കോടി രൂപയ്ക്ക് നൽകും. ഐഡിയയുടേതായി 26 ശതമാനം ഓഹരികളാണ് പുതിയ കന്പനിയിൽ ഉണ്ടാവുക. ശേഷിച്ച 28.9 ശതമാനം ഓഹരികളും പബ്ലിക് ഷെയർ ഹോൾഡേഴ്സിന്റേതാകും.

സംയുക്ത സ്ഥാപനത്തിൽ ഐഡിയയുടെയും വൊഡാഫോണിന്റെയും അവകാശം

ഐഡിയയ്ക്കും വൊഡാഫോണിനും മൂന്ന് വീതം ഡയറക്ടർ ബോർഡ് അംഗങ്ങളെ നിർദ്ദേശിക്കാനാകും. അതേസമയം ഐഡിയക്ക് മാത്രമേ ചെയർമാനെ നിർദ്ദേശിക്കാനാകൂ. ചീഫ് എക്സിക്യുട്ടീവ് ഓഫീസർ, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ എന്നിവരെ ഇരുവിഭാഗത്തിന്റെയും അനുമതിയോടെ മാത്രമേ നിർദ്ദേശിക്കാനാകൂ. വൊഡാഫോണിനാണ് കന്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസറെ നിയമിക്കാനുള്ള അധികാരം. നിയന്ത്രണങ്ങൾക്ക് വിധേയമായി തന്നെ വൊഡാഫോണിന്റെ 9.5 ശതമാനം ഓഹരികൾ വരെ ഐഡിയയുടെ ഓഹരി ഉടമകൾക്ക് വാങ്ങിക്കാനാകും.

കമ്പനികളുടെ ലയനത്തിന്റെ ചിലവ്

ഇരു കന്പനികളും സംയുക്തമായി ഇറക്കിയ പത്രക്കുറിപ്പിൽ രണ്ട് വർഷത്തിനുള്ളിൽ ലയനത്തിന് ആവശ്യമായ ചിലവിനെ കുറിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ദീർഘകാലത്തേക്കുളള ചിലവും, പദ്ധതി ചിലവും നടത്തിപ്പ് ചിലവുകളെല്ലാം കൂടി ഏതാണ്ട് 100 കോടി യുഎസ് ഡോളർ ആവശ്യമായി വരുമെന്ന് കണക്കാക്കുന്നു. ലയനത്തിന് ശേഷം പ്രതിവർഷം 21 കോടി യുഎസ് ഡോളർ കന്പനിയുടെ നടത്തിപ്പിന് ആവശ്യമായി വരുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ലയനത്തിന് ആവശ്യമായ അനുമതി

ലയനത്തിന്റെ ഭാഗമായി ഇരുകന്പനികളും തമ്മിലുള്ള ഇടപാടുകൾക്ക്, സ്റ്റോക് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, ടെലികോം ഡിപാർട്മെന്റ് എന്നിവയുടെ മുൻകൂർ അനുമതി ആവശ്യമാണ്.

ലയന വാർത്ത വന്ന ശേഷം ഷെയർ മാർക്കറ്റിന്റെ പ്രതികരണം

വൊഡാഫോൺ ലയന വാർത്ത പുറത്തു വന്നതിന് പിന്നാലെ ഐഡിയയുടെ ഓഹരി വിലയിലാണ് വൻ കുതിപ്പുണ്ടായത്. 14.25 ശതമാനം വർദ്ധനവാണ് ഓഹരി വിലയിൽ ഉണ്ടായത്. എന്നാൽ പുതിയ കന്പനിയിലെ ഐഡിയയുടെ പങ്ക് വ്യക്തമായ ശേഷം ഓഹരി 14.6 ശതമാനം ഇടിഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ