ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ ടെലികോം സ്ഥാപനമാകാൻ ലക്ഷ്യമിട്ട് വൊഡഫോണുമായുള്ള ലയനത്തിന് ഐഡിയ ഡയറക്ടർ ബോർഡ് യോഗം അംഗീകാരം നൽകി. 2018 ലാവും നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് രണ്ട് കന്പനികളും ഒന്നാവുക. ചെയർമാൻ സ്ഥാനം ഐഡിയക്കും ചീഫ് ഫിനാൻഷ്യൽ ഓഫീസറെ വോഡാഫോണിനുമാണ്. ചീഫ്​ എക്സിക്യുട്ടീവ് ഡയറക്ടർ, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ എന്നിവരെ സംയുക്തമായി തീരുമാനിക്കും.

ഡയറക്ടർ ബോർഡിൽ മൂന്നംഗങ്ങളെ വീതം ഐഡിയയും വൊഡാഫോണും നിർദ്ദേശിക്കും. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ നൽകിയ വിശദീകരണ കുറിപ്പിൽ പുതിയ കന്പനിയുടെ 45 ശതമാനം ഓഹരികൾ വൊഡാഫോണിനും 26 ശതമാനം ഐഡിയക്കും അവകാശപ്പെട്ടതാണ്. ഇതോടെ ഓഹരി വിപണിയിൽ ഐഡിയയുടെ ഓഹരികൾക്ക് ആറ് മാസത്തെ ഉയർന്ന വില രേഖപ്പെടുത്തിയിട്ടുണ്ട്.

ഇരുവർക്കും ഡയറക്ടർ ബോർഡിലേക്ക് മൂന്ന് വീതം അംഗങ്ങളെ നിർദ്ദേശിക്കാമെങ്കിലും ചെയർമാനെ ഐഡിയയുടെ പ്രമോട്ടർമാർക്ക് മാത്രമേ ചെയർമാനെ നിശ്ചയിക്കാനുള്ള അവകാശം ലഭിക്കൂ. അതേസമയം ഐഡിയയുടെ ഓഹരി ഉടമകൾക്ക് വൊഡാഫോണിൽ 9.5 ശതമാനം വരെ അധിക ഓഹരി വൊഡാഫോണിൽ നിന്ന് വാങ്ങാൻ അനുമതി ലഭിക്കും. ഇരുവിഭാഗത്തിന്റെയും ഓഹരി പങ്കാളിത്തം തുല്യമാക്കാനാണ് ഇത്തരത്തിൽ ഒരു നിർദ്ദേശം ഉള്ളത്.

നിബന്ധനകളോടെ ഇരു കന്പനികളുടെയും ടവറുകളും ഒന്നാകും. കന്പനിയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ 12 അംഗങ്ങളാണ് ഉണ്ടാവുകയെന്നും വിവരമുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ