ന്യൂഡല്‍ഹി: ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ തുടരുന്ന കൊറോണവൈറസ് വാക്സിന് ഓഗസ്റ്റ് 15-ഓടു കൂടി പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്നുള്ള ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് വാഗ്ദാനം യാഥാര്‍ത്ഥ്യത്തിന് നിരക്കാത്തതാണെന്ന് അനവധി ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നു.
പൊതുജനാരോഗ്യ അടിയന്തരാവസ്ഥയും വാക്സിന് ഇറക്കേണ്ടതിന്റെ അത്യാവശ്യവും കണക്കിലെടുത്ത് ക്ലിനിക്കല്‍ പരീക്ഷണത്തിനുള്ള അനുമതികള്ക്കുവേണ്ടിയുള്ള എല്ലാ അനുമതികളും എത്രയും വേഗത്തിലാക്കാനും ജൂലായ് ഏഴോടെ പരീക്ഷണത്തിന് തയ്യാറുള്ളവരെ റിക്രൂട്ട് ചെയ്ത തുടങ്ങണമെന്നും ഭാരത് ബയോടെക് വികസിപ്പിക്കുന്ന വാക്സിന് ക്ലിനിക്കല്‍ പരീക്ഷണം നടത്തുന്ന ആശുപത്രികള്‍ക്ക് ഐസിഎംആര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു.
എല്ലാ ക്ലിനിക്കല്‍ പരീക്ഷണങ്ങളും പൂര്‍ത്തിയാക്കി ഓഗസ്റ്റ് 15-ന് വാക്സിന് ഇറിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഐസിഎംആര്‍ കത്തില്‍ പറയുന്നു.
ഇപ്പോഴും പരീക്ഷണത്തിലിരിക്കുന്ന വാക്സിന് എങ്ങനെ ഉടന്‍ തന്നെ തയ്യാറാകുമെന്ന് മനസ്സിലാകുന്നില്ലെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യൂക്കേഷന്‍ ആന്റ് റിസര്‍ച്ചില്‍ (ഐ ഐ എസ് ഇ ആര്) വിസിറ്റിങ് പ്രൊഫസറും രോഗപ്രതിരോധ വിദഗ്ധയുമായ വിനീത ബാല്‍ പറയുന്നു.
Read Also: തലസ്ഥാനത്ത് ഉറവിടമറിയാതെ 20 രോഗികൾ; ഇന്ന് മുതൽ അണുനശീകരണം
“ഓഗസ്റ്റ് 15 എന്നത് പൂര്‍ണമായും യാഥാര്‍ത്ഥ്യത്തിന് നിരക്കാത്ത ലക്ഷ്യമാണ്. അതിവേഗത്തില്‍ തയ്യാറാക്കാന്‍ പറ്റിയ വാക്സിനൊന്നുമില്ല. ഒരു വാക്സിന് വികസപ്പിക്കുന്നതില്‍ അനവധി പ്രക്രിയകള്‍ ഉണ്ട്. നമ്മള് അടിയന്തര സാഹചര്യത്തില്‍ ആണെന്ന് പരിഗണിച്ചാല്‍ പോലും ഓഗസ്റ്റ് 15 എന്ന സമയപരിധി യാഥാര്‍ത്ഥ്യത്തിന് നിരക്കുന്നതില്ല,” വിനീത പറയുന്നു.
ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ വിജയം എങ്ങനെയാണ് ഐസിഎംആര്‍ നേരത്തെ തീരുമാനിക്കുന്നതെന്ന ബയോഎത്തിക്സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആനന്ദ് ഭാന്‍ ചോദിക്കുന്നു.
പ്രീ-ക്ലിനിക്കല്‍ വികസന ഘട്ടത്തിലുള്ള ഒരു വാക്സിനുവേണ്ടി എങ്ങനെ ജൂലൈ ഏഴിന് ക്ലിനിക്കല്‍ പരീക്ഷണത്തിനുവേണ്ടിയുള്ള റിക്രൂട്ട്മെന്റ് ആരംഭിക്കുമെന്നും ആനന്ദ് ട്വീറ്റ് ചെയ്തു.
പൂനെയിലെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടുമായി ചേര്‍ന്ന് ഭാരത് ബയോടെക് വികസിപ്പിക്കുന്ന കോ-വാക്സിന് ഒന്നും രണ്ടും ഘട്ട പരീക്ഷണങ്ങള്‍ക്കുവേണ്ടി ഡ്രഗ് കണ്ട്രോളര് അനുമതി നല്‍കിയതേയുള്ളൂ.
ഈ ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കാന്‍ മാസങ്ങള്‍ എടുക്കും. അതിനുശേഷം മൂന്നാം ഘട്ടമുണ്ട്. വാക്സിന് സ്വീകരിച്ചവരില്‍ മരുന്ന് എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്നുള്ള നിരീക്ഷണം ഈ ഘട്ടത്തിലാണുള്ളത്.
ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ ലഭിക്കുന്ന വിവരങ്ങള്‍ വിശകലനം ചെയ്യുകയും അത് ശരിയാണെന്ന് ഉറപ്പുവരുത്തുകയും ചെയ്യേണ്ടതുണ്ട്. അവ ഒരു ജേണലില്‍ പ്രസിദ്ധീകരിക്കുകയും മറ്റു ഗവേഷകര്‍ ചര്‍ച്ച ചെയ്യുകയും ചെയ്യേണ്ടതുണ്ട്. അതിനുശേഷമാണ് പൊതുജനങ്ങള്‍ക്കായി മരുന്ന് നല്‍കുക.
ചില നടപടികള്‍ ഒഴിവാക്കാമെങ്കിലും എല്ലാം ഒഴിവാക്കാന്‍ സാധിക്കുകയില്ല.
Read Also: കള്ളപ്പണം വെളുപ്പിച്ചെന്ന കേസ്: ഇബ്രാഹിംകുഞ്ഞിന് എൻഫോഴ്സ്മെന്റിന്റെ നോട്ടീസ്
ഓഗസ്റ്റ് 15-നെ ഒരു ഡെഡ്ലൈനായി വ്യാഖ്യാനിക്കേണ്ടതില്ലെന്ന് ഐസിഎംആറിലെ ശാസ്ത്രജ്ഞനായ ലോകേഷ് ശര്‍മ്മ പറയുന്നു. “അത് ഞങ്ങളുടെ ലക്ഷ്യമാണ്. മറ്റു സ്ഥാപനങ്ങളുടെ സഹകരണത്തെ ആശ്രയിച്ചിരിക്കുന്നു അത്. ഉല്പന്നം തയ്യാറാണ്. അതിനാലാണ് ഞങ്ങള്‍ പരീക്ഷണം നടത്തുന്നത്. ഇത് ഡയറക്ടര്‍ ജനറലിന്റെ വ്യക്തിപരമായ താല്പര്യമാണ്. അതിനാലാണ് ആ കത്തെഴുതിയത്,” ലോകേഷ് പറയുന്നു.
അതേസമയം, ക്ലിനിക്കല്‍ ട്രയല്‍സ് രജിസ്ട്രി പരിശോധിക്കുമ്പോള്‍ വാക്സിന്റെ സമയപരിധിയില്‍ ആശയക്കുഴപ്പങ്ങളുണ്ട്. അഞ്ചര ആഴ്ചയാണ് ഐസിഎംആര്‍ പറയുന്ന സമയപരിധി. രജിസ്ട്രിയില്‍ വാക്സിന് പരീക്ഷണത്തിനുള്ള സമയപരിധി ഒരു വര്‍ഷവും മൂന്ന് മാസവുമാണ്.
“അടിയന്തരമായപ്രവര്ത്തനങ്ങള് നടത്തണം. അതിനാല്‍, ഞങ്ങള്‍ ശ്രമിക്കുന്നു,” വ്യത്യാസങ്ങളെ കുറിച്ച് ആരാഞ്ഞപ്പോള്‍ പരീക്ഷണത്തില്‍ പങ്കാളിയാകുന്ന ഒരു സ്ഥാപനം പറയുന്നു.
രണ്ട് ഘട്ട പരീക്ഷണങ്ങളുണ്ടെന്നാണ് ക്ലിനിക്കല്‍ ട്രയല്‍ രജിസ്ട്രേഷനില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ മൂന്ന് സംഘങ്ങളുണ്ട്. കുറഞ്ഞത് 28 ദിവസമെടുക്കും. രണ്ടാം ഘട്ടം പൂര്‍ത്തിയാക്കാന്‍ കുറഞ്ഞ് രണ്ട് ആഴ്ചകളും. പരീക്ഷണം തുടങ്ങി 14, 28, 104, 194 ദിവസങ്ങളിലാണ് മൂല്യനിര്‍ണയം നടത്തുന്നത്. രണ്ടാം ഘട്ടം അവസാനിക്കുമ്പോള്‍ തന്നെ പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ നല്കുകയില്ല. വാക്സിന് പരീക്ഷണത്തിന് തയ്യാറുള്ള കൂടുതല്‍ പേരെ ഉള്‍പ്പെടുത്തി പ്രവര്‍ത്തനം തുടരും.
Read Also: ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം 1.10 കോടിയിലേക്ക്
അതുകൂടാതെ, 12 എത്തിക്സ് കമ്മിറ്റികളില്‍ ഏഴെണ്ണം പരീക്ഷണത്തിന് അനുമതി ഇനിയും നല്‍കിയിട്ടില്ലെന്ന് രജിസ്ട്രേഷനില്‍ കാണുന്നു. 1,125 പേരിലാണ് പരീക്ഷണം നടത്തുന്നത്.
125 പേരടങ്ങുന്ന ഒരു സംഘത്തിന് കുറഞ്ഞ വീര്യത്തില്‍ രണ്ട് ഡോസ് വാക്സിന് രണ്ടാഴ്ച ഇടവേളയില്‍ നല്‍കും. അതിനുശേഷം ഒരാഴ്ച്ച കൂടി കഴിഞ്ഞ് ഡാറ്റാ സേഫ്റ്റി മോണിറ്ററിങ് ബോര്‍ഡ് (ഡി എസ് എം ബി) വിവരങ്ങള്‍ വിശകലനം ചെയ്യുകയും രണ്ടും മൂന്നും ഗ്രൂപ്പുകള്‍ക്ക് കൂടുതല്‍ ഡോസിലുള്ള വാക്സിന് നല്കാന് നിര്‍ദ്ദേശിക്കും.
ഈ സംഘങ്ങളിലുള്ളവരും രണ്ട് ഡോസ് വാക്സിനാണ് സ്വീകരിക്കുന്നത്. ഡി എസ് എം ബി ഇവരില്‍ നിന്നും ലഭ്യമായ വിവരങ്ങളു പരിശോധിക്കും.
തുടര്‍ന്ന് മൂന്ന് ഗ്രൂപ്പുകളേയും സുരക്ഷ, രോഗപ്രതിരോധശേഷി തുടങ്ങിയവ അടിസ്ഥാനമാക്കിയുള്ള ഇടക്കാല റിപ്പോര്‍ട്ട് സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് ഓര്ഗനൈസേഷന് (സി ഡി എസ് സി ഒ) നല്‍കണം. വാക്സിന്റെ തുടര്‍ന്നുള്ള വികസനത്തിനുവേണ്ടിയാണ്. ഇതെല്ലാം ചെയ്യുന്നത് സുരക്ഷിതമായ വാക്സിന് വികസിപ്പിക്കുന്നതിനാണ്.
രണ്ടാംഘട്ട പരീക്ഷണത്തില്‍ വ്യത്യസ്ത പ്രായപരിധിയിലെ 750 പേര്‍ക്കാണ് വാക്സിന് നല്‍കുന്നത്. അവരിലെ ഫലങ്ങളും ഡി എസ് എം ബി പരിശോധിക്കുകയും കൂടുതല്‍ പേര്‍ക്ക് വാക്സിന് നല്കി പരീക്ഷണം നടത്തുകയും ചെയ്യും.