scorecardresearch

കൊറോണ ഹോട്ട്‌സ്‌പോട്ടുകളില്‍ ദ്രുതഗതിയിലുള്ള ആന്റിബോഡി ടെസ്റ്റിന് നിര്‍ദേശം

രാജ്യത്ത് അസാധാരണമായ രീതിയില്‍ രോഗം റിപ്പോര്‍ട്ട് ചെയ്ത 10 സ്ഥലങ്ങളെയാണു ഹോട്ട്‌സ്‌പോട്ടുകളായി നിശ്ചയിരിക്കുന്നത്

രാജ്യത്ത് അസാധാരണമായ രീതിയില്‍ രോഗം റിപ്പോര്‍ട്ട് ചെയ്ത 10 സ്ഥലങ്ങളെയാണു ഹോട്ട്‌സ്‌പോട്ടുകളായി നിശ്ചയിരിക്കുന്നത്

author-image
WebDesk
New Update
corona virus, ie malayalam

ന്യൂഡല്‍ഹി: കോവിഡ്-19 കേസുകള്‍ കൂടുതലായി സ്ഥിരീകരിച്ച സ്ഥലങ്ങളില്‍ ദ്രുതഗതിയില്‍ ആന്റിബോഡി ടെസ്റ്റ് നടത്തും. ഇതു സംബന്ധിച്ച് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) ഇടക്കാല ഉപദേശം പുറപ്പെടുവിച്ചു.

Advertisment

രാജ്യത്ത് അസാധാരണമായ രീതിയില്‍ രോഗം റിപ്പോര്‍ട്ട് ചെയ്ത 10 സ്ഥലങ്ങളെയാണു ഹോട്ട്‌സ്‌പോട്ടുകളായി നിശ്ചയിരിക്കുന്നത്. കേരളത്തില്‍നിന്ന് കാസര്‍ഗോഡും പത്തനംതിട്ടയും ഉള്‍പ്പെടുമ്പോള്‍ ഡല്‍ഹി ദില്‍ഷാദ് ഗാര്‍ഡന്‍, നിസാമുദ്ദീന്‍, നോയിഡ, മീററ്റ്, ഭില്‍വാര, അഹമ്മദാബാദ്, മുംബൈ, പൂനെ എന്നിവയാണു ഈ പട്ടികയിലെ മറ്റു സ്ഥലങ്ങള്‍.

കൊറോണ വൈറസ് ബാധയില്‍ രാജ്യത്ത് മരണസംഖ്യ 50 ആയി ഉയര്‍ന്നിരിക്കുകയാണ്. രോഗബാധിതരുടെ എണ്ണം 1,764 ആയി. പോസിറ്റീവ് കേസുകള്‍ കഴിഞ്ഞ ദിവസത്തേക്കാള്‍ നൂറിലേറെ എണ്ണമാണു വര്‍ധിച്ചത്. അതേസമയം, കഴിഞ്ഞ 18 മണിക്കൂറിനുള്ളില്‍ കര്‍ണാടകയില്‍ പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

കൊറോണ വൈറസ് ഹോട്ട്‌സ്‌പോട്ടായി മാറിയ നിസാമുദ്ദീന്‍ പ്രദേശം അണുവിമുക്തമാക്കാന്‍ ഡല്‍ഹി ഫയര്‍ സര്‍വീസിനെ (ഡിഎഫ്എസ്) വിന്യസിച്ചു. നിസാമുദ്ദീന്‍ പ്രദേശത്തിന്റെ ചില ഭാഗങ്ങള്‍ അണുവിമുക്തമാക്കാന്‍ അധികൃതര്‍ ഡ്രോണുകള്‍ ഉപയോഗിച്ചു.

Advertisment

ഡല്‍ഹിയില്‍ ഇന്നലെ 32 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. അതില്‍ 29 പേരും പശ്ചിമ നിസാമുദ്ദീനിലെ തബ്‌ലീഗ് ജമാഅത്ത് മസ്ജിദിലെ സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്കു രോഗം സ്ഥിരീകരിച്ചത് തമിഴ്നാട്ടിലാണ്. തമിഴ്നാട്ടില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ച 234 പേരില്‍ 190 പേരും നേരിട്ടോ അല്ലാതെയോ തബ്‌ലീഗ് സമ്മേളനവുമായി ബന്ധമുള്ളവരാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് സമ്മേളനത്തില്‍ പങ്കെടുത്ത കൂടുതല്‍ പേരെ കണ്ടെത്താനുളള ശ്രമം ഇനിയും തുടരുകയാണ്.

അതിനിടെ, സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സ് വഴി മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തി. മന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിങ് എന്നിവരും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.

Read Also: ഇൻഡോറിൽ ആരോഗ്യ പ്രവർത്തകർക്കുനേരെ ആക്രമണം; വീഡിയോ

21 ദിവസത്തെ ലോക്ക്ഡൗണ്‍ ആവശ്യമായിരിക്കാമെങ്കിലും ആസൂത്രിതമല്ലാതെ നടപ്പാക്കിയത് ദശലക്ഷക്കണക്കിനു കുടിയേറ്റ തൊഴിലാളികളെ ദോഷകരമായി ബാധിച്ചെന്നു കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു. ദുരിതത്തിലായവരെ സഹായിക്കാന്‍ 'പൊതു മിനിമം ദുരിതാശ്വാസ പദ്ധതി' പ്രഖ്യാപിക്കണമെന്ന് അവര്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ആഗോളതലത്തില്‍ കോവിഡ്-19 ബാധിതരുടെ എണ്ണം 10 ലക്ഷത്തോളമാണ്, യുഎസ്, ഇറ്റലി, സ്‌പെയിന്‍, ചൈന എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത്. മരണസംഖ്യ 47,000 ആയി ഉയര്‍ന്നു. ഇറ്റലി, സ്‌പെയിന്‍, ഫ്രാന്‍സ്, ചൈന, ഇറാന്‍ എന്നീ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ മരണം.

Corona Virus

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: