ന്യൂഡൽഹി: ചാരവൃത്തി ആരോപിച്ച് പാക്കിസ്ഥാൻ വധശിക്ഷക്ക് വിധിച്ച ഇന്ത്യയുടെ മുൻ നാവിക സേന ഉദ്യോഗസ്ഥൻ കുൽഭൂഷൺ ജാദവിന്റെ കേസിൽ രാജ്യാന്തര നീതിന്യായ കോടതി നാളെ വിധി പറയും. കുൽഭൂഷൺ ജാദവിനെതിരെ വധശിക്ഷ വിധിച്ച പാക്കിസ്ഥാൻ സൈനിക കോടതി നടപടിക്കെതിരെ ഇന്ത്യ രാജ്യാന്തര കോടതിയെ സമീപിക്കുകയായിരുന്നു. കുൽഭൂഷൺ ജാദവിന്റെ വധശിക്ഷ നേരത്തെ രാജ്യാന്തര നീതിന്യായ കോടതി സ്റ്റേ ചെയ്തിരുന്നു.

നെതർലൻഡ്സിലെ ഹേഗിലെ രാജ്യാന്തര കോടതിയിൽ നാളെ ഇന്ത്യൻ സമയം വൈകിട്ട് 6.30നാണ് വിധി. രാജ്യാന്തര നീതിന്യായ കോടതി അധ്യക്ഷൻ അബ്ദുൾഖ്വാവി അഹമ്മദ് യൂസഫാണ് വിധി പ്രസ്താവിക്കുന്നത്. മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവേയാണ് യുഎന്നിന്റെ പരമോന്നത കോടതിയിൽ കുൽഭൂഷന് വേണ്ടി ഹാജരായത്.

കുൽഭൂഷനെ തടവിൽ വച്ചിരിക്കുന്നത് വിയന്ന കൺവൻഷന്റെ ലംഘനമാണെന്ന് ഇന്ത്യ കോടതിയില്‍ കോടതിയിൽ അറിയിച്ചിരുന്നു. അതേസമയം, ഇന്ത്യൻ പൗരനായ കുൽഭൂഷൺ ജാദവ് എവിടെയാണെന്നതിനെക്കുറിച്ചോ അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ചോ പാക്കിസ്ഥാൻ ഇതുവരെ ഒരു വിവരവും നൽകിയിട്ടില്ല.

നയതന്ത്ര മാർഗങ്ങളിലൂടെ കുൽഭൂഷനെ രക്ഷിക്കാൻ ഇന്ത്യ ശ്രമിച്ചിരുന്നെങ്കിലും പാക്കിസ്ഥാൻ ഇതെല്ലാം തള്ളി വധശിക്ഷ വിധിക്കുകയായിരുന്നു. ഇതോടെയാണ് ഇന്ത്യ രാജ്യാന്തര കോടതിയെ സമീപിച്ചത്. 2016 മാർച്ചിലാണ് കുൽഭൂഷൺ ഇറാനിൽ നിന്നും അറസ്റ്റിലാകുന്നത്. കുൽഭൂഷൻ കുറ്റസമ്മതം നടത്തിയിട്ടുണ്ടെന്നും ഇതിനിടയിൽ പാക്കിസ്ഥാൻ അവകാശപ്പെട്ടിരുുന്നു. കുൽഭൂഷന്റെ കുറ്റസമ്മത്തിന്റേതെന്ന് കാണിക്കുന്ന വീഡിയോയും അവർ പുറത്തുവിട്ടു. എന്നാൽ കുൽഭൂഷനെ മർദിച്ച് കുറ്റസമ്മതം നടത്തിക്കുകയായിരുന്നെന്നാണ് ഇന്ത്യയുടെ വാദം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook