മുംബൈ: ഐസിഐസിഐ ബാങ്ക് മേധാവി ചന്ദാ കൊച്ചാറിനെതിരായ പരാതി അന്വേഷിക്കാൻ തീരുമാനിച്ചതായി ബാങ്ക് വ്യക്തമാക്കി. കൊച്ചാറിന്റെ വായ്‌പ ഇടപാടില്‍ ക്രമക്കേട് കാട്ടി അജ്ഞാത വ്യക്തിയുടെ പുതിയ പരാതിയിലാണ് അന്വേഷണം നടത്തുന്നത്. ഇതിനായി അന്വേഷണ കമ്മിഷനെ ഉടൻ തന്നെ നിയോഗിക്കും. വിശ്വസനീയനും സ്വതന്ത്രനുമായ വ്യക്തിയായിരിക്കും കമ്മിഷനെ നയിക്കുക. ഫൊറന്‍സിക്, ഇ-മെയില്‍ പരിശോധന, ആവശ്യമായ വ്യക്തികളുടെ മൊഴി എന്നിവ കമ്മീഷന്‍ ശേഖരിക്കും.

വീഡിയോകോൺ ഗ്രൂപ്പിന് ഐസിഐസിഐ. ബാങ്ക് വഴിവിട്ട് 3,250 കോടി രൂപയുടെ വായ്‌പ നൽകിയെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു. ഇതേക്കുറിച്ച് സിബിഐ അന്വേഷണം നടന്നു വരികയാണ്. അതിനിടെ കൊച്ചാറിന് സെക്യൂരിറ്റി എക്സ്ചേഞ്ച് ബോർഡ് നോട്ടീസ് അയയ്ക്കുകയും ചെയ്തു.

2012 ലാണ് ദീപക് കൊച്ചാറിന്‍റെ ഭര്‍ത്താവും, വീഡിയോകോണ്‍ മേധാവി വേണുഗോപാല്‍ ദൂതും കൂടി ന്യൂപവര്‍ റിന്യൂവബിള്‍സ് എന്ന ഊര്‍ജ കമ്പനിയുണ്ടാക്കിയത്. ഇതിന് 3,250 കോടി രൂപയാണ് ഐസിഐസിഐ ബാങ്ക് വായ്‌പ നല്‍കിയത്. ഇടപാട് കഴിഞ്ഞ് ആറു മാസത്തിന് ശേഷം ന്യൂപവര്‍ റിന്യൂവബിള്‍സിന്‍റെ ഭൂരിപക്ഷം ഓഹരികളും ദീപക് കൊച്ചാറിന്‍റെ പേരിലായി. എന്നാല്‍ 3,250 കോടി വായ്‌പ എടുത്തതില്‍ 86 ശതമാനവും തിരിച്ചടച്ചിരുന്നില്ല. അതിനെത്തുടര്‍ന്ന് 2017 ല്‍ ബാങ്ക് ഇത് കിട്ടാക്കടമായി പ്രഖ്യാപിച്ചു.

ഇടപാട് വിവാദമായതോടെ സിബിഐയും, എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റുമടക്കമുള്ളവര്‍ അന്വേഷണം ആരംഭിക്കുകയായിരുന്നു. ചന്ദാ കൊച്ചാറിന് പിന്തുണ നല്‍കി കൊണ്ട് ഐസിഐസിഐ ബാങ്ക് ബോര്‍ഡ്‌ നിലപാട് തങ്ങളുടെ നിലപാട് വ്യക്തമാക്കി. 20 ബാങ്കുകള്‍ ഉള്‍പ്പെടുന്ന കൺസോർഷ്യത്തിന്‍റെ ഭാഗമായി നിലവിലെ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് കടം എഴുതി തള്ളിയത് എന്നാണ് ബോർഡ് വിശദീകരിച്ചത്.
റൂള്‍ 4(1) പ്രകാരം സെബി അയച്ച നോട്ടീസിന് നിശ്ചിത സമയത്തിനുള്ളില്‍ ജുഡീഷ്യൽ ഓഫീസർക്ക് മറുപടി നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

“ആദ്യ പടിയായി ആരോപണവിധേയനായ വ്യക്തിക്കെതിരെ ജുഡീഷ്യൽ ഓഫീസർക്ക് നോട്ടീസ് പുറപ്പെടുവിക്കാം. എന്തു കൊണ്ട് തനിക്കെതിരെ അന്വേഷണം നടത്തേണ്ട ആവശ്യമില്ല എന്ന് നിശ്ചിത ദിവസത്തില്‍(14 ദിവസത്തിനുള്ളില്‍) നേരിട്ടോ, അഭിഭാഷകന്‍ വഴിയോ മറുപടി നല്‍കേണ്ടതാണ്,” നോട്ടീസില്‍ പറയുന്നു.

ഈ വര്‍ഷം മാര്‍ച്ച് 30ന്, സെൻട്രൽ ബാങ്കിന്റെ മാർഗനിർദേശങ്ങൾ  ലംഘിച്ചതിന് റിസര്‍വ് ബാങ്ക്, ഐസിഐസിഐ ബാങ്കിന് 58.9 കോടി രൂപ പിഴ വിധിച്ചിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ